വണ്ണാത്തിപ്പുഴ

ഒസാത്തിപ്പാത്തൂന്റെ കണ്ണ് കലങ്ങിയന്നാണ് വണ്ണാത്തിപ്പുഴ കരകവിഞ്ഞത് ഓള് കുളിപ്പിച്ച കുട്ട്യോൾടെ കണ്ണീരാണതെന്ന ഒഴുക്ക് നിലച്ചൊരു വർത്താനം പുഴക്കരയിൽ വന്നടിഞ്ഞു കയ്യിൽ പേറ്റുമരുന്നുകളുമായി പെറ്റോളെ കുളിപ്പിക്കാൻ പോകുന്ന പാത്തു ഈറ്റുനോവുള്ള വീടുകളെയെല്ലാം പ്രണയിച്ചു. ‘‘ഉള്ളോന്റെയും ഇല്ലാത്തോന്റെയും മക്കളെയെല്ലാം ന്റെ കയ്യോണ്ടല്ലേ കുളിപ്പിച്ച’’തെന്ന ചിരിയിൽ കറുപ്പും വെളുപ്പും ജാതിയും മതവുമെല്ലാം ഒരേ മണമുള്ള സോപ്പിട്ടുപതഞ്ഞു. പെറ്റോളെ എണ്ണ തേച്ചു കുളിപ്പിക്കുന്ന, നെയ്യിട്ടു മൂപ്പിച്ച ചോറ് കൊടുക്കുന്ന, പേറ്റുലേഹ്യത്തിന്റെ മണം പരത്തുന്ന, ഉള്ളംകൈയിലേക്ക്...
Your Subscription Supports Independent Journalism
View Plansഒസാത്തിപ്പാത്തൂന്റെ
കണ്ണ് കലങ്ങിയന്നാണ്
വണ്ണാത്തിപ്പുഴ കരകവിഞ്ഞത്
ഓള് കുളിപ്പിച്ച
കുട്ട്യോൾടെ കണ്ണീരാണതെന്ന
ഒഴുക്ക് നിലച്ചൊരു വർത്താനം
പുഴക്കരയിൽ വന്നടിഞ്ഞു
കയ്യിൽ പേറ്റുമരുന്നുകളുമായി
പെറ്റോളെ കുളിപ്പിക്കാൻ
പോകുന്ന പാത്തു
ഈറ്റുനോവുള്ള വീടുകളെയെല്ലാം
പ്രണയിച്ചു.
‘‘ഉള്ളോന്റെയും ഇല്ലാത്തോന്റെയും
മക്കളെയെല്ലാം ന്റെ കയ്യോണ്ടല്ലേ
കുളിപ്പിച്ച’’തെന്ന ചിരിയിൽ
കറുപ്പും വെളുപ്പും
ജാതിയും മതവുമെല്ലാം
ഒരേ മണമുള്ള സോപ്പിട്ടുപതഞ്ഞു.
പെറ്റോളെ
എണ്ണ തേച്ചു കുളിപ്പിക്കുന്ന,
നെയ്യിട്ടു മൂപ്പിച്ച ചോറ് കൊടുക്കുന്ന,
പേറ്റുലേഹ്യത്തിന്റെ മണം പരത്തുന്ന,
ഉള്ളംകൈയിലേക്ക്
വന്നോലും പോയോലുമെല്ലാം
കുട്ടിയെ കണ്ട കൈമടക്ക് വെച്ചു.
‘‘പുള്ളേടെ കണ്ണും മോറും
പുയ്യാപ്ലനെ മുറിച്ചുവെച്ചപോലെ’’ന്ന
ചന്തമുള്ള വാക്കെടുത്ത്
കുഞ്ഞിന് പൗഡറിട്ടു,
കണ്ണെഴുതി,
മറുക് വരച്ചു.
പെറ്റോളുടെ ചോരത്തുണിയും
കുട്ടീന്റെ മൂത്രത്തുണിയും
വെടിപ്പാക്കി,
അത്തർ തേച്ചുണക്കി
വീടുകൾ മാറിക്കയറി
രാവും പകലും കൂട്ടിമുട്ടിച്ചു.
‘‘എന്തൊക്കെയായാലും
ആളോളുടെ വിഴുപ്പല്ലേ
ഓളുടെ വിശപ്പെന്ന’’ നാട്ടുകാരുടെ
പരിഹാസപ്പെട്ടിയിലേക്ക്
അധ്വാനത്തിന്റെ വിയർപ്പ്
നേർച്ചയിട്ടു
വേനലവധിയിലെ
കുട്ടിക്കല്യാണത്തിൽ
പാത്തൂന്റെ മോൾക്ക്
മാപ്പിള വന്നപ്പോ
‘‘ഒസാന്മാരെ
കൂട്ടത്തിൽ കൂട്ടാൻ പറ്റില്ലെ’’ന്ന
തറവാട്ടു വിലക്കിലാണ്
ഓളുടെയുള്ളിൽ
വിലങ്ങ് വീണത്.
‘‘എന്നെയും നിങ്ങളെയും പടച്ചത്
ഒരേ പടച്ചോനല്ലേ’’യെന്ന
പാത്തൂന്റെ കണ്ണിൽനിന്നും
തെറിച്ചു വീണ
കനൽ തട്ടിയാണ്
വണ്ണാത്തിപ്പുഴയന്ന്
കലങ്ങിമറിഞ്ഞത്.
========================
*ഒസാന്മാർ –മുസ്‍ലിം സമുദായത്തിലെ ക്ഷുരകന്മാരെ (ബാർബർമാരെ) വിളിച്ചിരുന്ന പേര്
*ഒസാത്തി –പ്രസവശുശ്രൂഷക്ക് നിൽക്കുന്ന മുസ്‍ലിം ക്ഷുരക കുടുംബത്തിലെ സ്ത്രീകളെ വിളിച്ചിരുന്ന പേര്
