കെണി

സർവീസ് റോഡ്-
വൻമതിലിനും കെട്ടിടങ്ങൾക്കും
ഇടയിലെ എലിപ്പാത
വൃക്ഷമാംസം വാർന്ന എല്ലുകൾ
മണ്ണിനു മുകളിൽ വെറിച്ചു വേരുകൾ
കിണറുകൾ
വെള്ളത്തിന്റെ മീസാൻകല്ലുകൾ
വീടിന്റെ അസ്ഥികൾ
താങ്ങില്ലാതെ കൈകൾ നീട്ടുന്നു
ശ്വാസത്തിനായി ഞാൻ
മുകളിലേക്ക് നോക്കി
ഒരുറുമ്പ് അവിടെ നിന്ന്
എന്നെ നോക്കുന്നു
ആകാശം
പട്ടിണികിടന്ന് മെലിഞ്ഞിരിക്കുന്നു
ആയിരം കിലോ സിമന്റ് ബ്ലോക്ക്
തലക്ക് മുകളിൽ, ക്രെയിനിൽ
ആശാൻ സ്മാരകത്തിന്റെ
ഇടിച്ചുനിരത്തിയ മതിൽ
വായനശാല
ഏതോ വിരുതനെറിഞ്ഞ
കൂറത്തുണി
വാസവദത്തയുടെ
ഉടലിൽ പറ്റിക്കിടക്കുന്നു
കാനായി
ഇതിലെ വരാതിരുന്നെങ്കിൽ
ശിൽപങ്ങളുടെ നഗ്നത
ചിലർക്ക് അശ്ലീലമാണ്
മാസ്കണിഞ്ഞ ജനം
തകർന്ന നടപ്പാതയിൽ
വണ്ടികൾ പൊടിനിറഞ്ഞ
നിരത്തിലൂടെ നീങ്ങുന്നു
കാട്ടുപന്നിക്കൂട്ടംപോലെ
അവരുടെ പള്ളകളിൽ
ആളുകളുടെ വിയർപ്പ്
മുഷിപ്പ്
പരിക്കുകൾ, ഉരസലുകൾ
കൂട്ടിയിടി, പോക്കറ്റടി
പാരഫീലിയ
മരണം, പ്രസവം
ദേശീയ ഹൈവേ അതോറിറ്റി
വർഷങ്ങളായി തരുന്ന ദുരിതം
മരിച്ചവരുടെ വീടുകൾക്ക് മുമ്പിലൂടെ
തൃപ്പൂത്തിന് മറയില്ലാതെ
ഞങ്ങളുടെ കക്കൂസുകൾക്ക്
സ്വകാര്യത റദ്ദ് ചെയ്തുകൊണ്ട്,
അടുക്കളകളുടെ മണങ്ങൾ
ചോർത്തിക്കൊണ്ട്,
ഇഴഞ്ഞുനീങ്ങുന്നു പുതിയ റോഡ്
ഇടിച്ചുകളഞ്ഞ അതിരുകളിൽ
പോളിത്തീൻ മറകൾ
ഉമ്മറത്തൂടെ
ഉരുണ്ട് റോഡിലേക്ക് വീഴുന്നു
വീട്ടുരഹസ്യങ്ങൾ
വൻമതിലിന്
അപ്പുറത്തായിപ്പോയ കൂട്ടകാരി
ഫോൺവഴി ചോദിച്ചു
‘‘കടുകുണ്ടോ?’’
ഞാൻ വണ്ടിയോടിക്കുന്നു
പത്ത് കിലോമീറ്റർ ചുറ്റിപ്പോകുന്നു
അയൽക്കാരിക്ക് കടുകുമായി
ആകാശപാതയുടെ ഒരുവശം
ഇടിഞ്ഞുവീഴുന്നു
വീടിന് മുകളിലേക്ക്
വീട്ടിലൊതുങ്ങി ഞങ്ങളിരിക്കുന്നു*
ഒന്നും ചെയ്യാനാകാതെ
ഒന്നുമാകാതെ..!
===============
*മഹ്മൂദ് ദർവീശിന്റെ വരികളോട് കടപ്പാട്
