Begin typing your search above and press return to search.
proflie-avatar
Login

അതിർത്തിയിലെ പക്ഷികൾ

അതിർത്തിയിലെ പക്ഷികൾ
cancel

ഇളംവെയിൽ,

ജനൽ പഴുതിലൂടെ

തൊടുന്നു.

പരന്നൊഴുകുന്ന വെളിച്ചത്തിൽ

ഞാനും അയാളും

പക്ഷികളായി പറന്നു.

‘അതിർത്തിയിൽ

പറക്കുന്ന പക്ഷികൾ.’

മണിമുഴക്കിയ നോട്ടിഫിക്കേഷനിൽ

ഞെട്ടിയ ഞാൻ,

കൊടിഞ്ഞി കുത്തിയ കണ്ണുകൾ

മലർക്കെ തുറന്നു.

‘‘ഇല്ല അയാളല്ല...

മെഴുകൊട്ടിച്ച ഇൻബോക്സ്

വാപിളർത്തി അയാളുടെ

മെയിലുകളില്ലായെന്ന്

എന്നോട് പുലമ്പി.

ചിതറിക്കിടക്കുന്ന കളർപെൻസിലുകൾ

കൊണ്ട് ഞാനൊരു

തണ്ണിമത്തൻ വരച്ചു.

അയാളും ഞാനും

ഒരുമിച്ചിരുന്നത്

തിന്നുന്നതായി സങ്കൽപിച്ചു.

അണ്ണാക്കിൽ കുരുങ്ങിയ

മുടിനാരു പോലെ

അരിശം വരുത്തുന്ന നേരങ്ങൾക്കു മീതെ

മടുപ്പിന്റെ പടുത.

യുദ്ധത്തിന്റെ പതിനാറാം

ദിവസം.

ചിതറിക്കിടക്കുന്ന

പത്രത്തിൽ

ഛേദപ്പെട്ട കൈയുടെ ചിത്രം

അതിൽ ഒലിവ് കായ്കൾ

പച്ചകുത്തിയിരുന്നു.

യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ

ഇടയിൽനിന്നും

ആ കൈ എനിക്ക്

എഴുതിയ

പ്രണയകവിതകളെ

ചൂണ്ടിക്കാണിച്ചു.

അതിർത്തികളിൽ

ആകാശം തീരുന്നു,

പക്ഷികളിലൊന്നിനു നേരേ

വെടിയുതിരുന്നു.


Show More expand_more
News Summary - Malayalam poem