റോസ്‌ലിക്കുളം

കൂനന്‍മാവും ശീമപ്ലാവും
പൂവാകയും മുളംകാടും
അതിരിട്ട റോസ്‌ലിക്കുളം.
ഇരുട്ടു പെറ്റിട്ടപോലെ
കനത്തു കനത്ത്...
പായലണിഞ്ഞ്
പച്ചച്ച് പച്ചച്ച്...
റോസ്‌ലിക്കും മുന്നേ കുളത്തിനു പേരില്ലായിരുന്നു.
പല ജീവിത കാഴ്ചകൾ
കണ്ടും നനഞ്ഞും
തെളിഞ്ഞുകിടന്ന കുളം.
ജീവിതചക്രവാളം പൂര്‍ത്തിയാകുന്നത്
ഒരു പകലുദിച്ച് തിമിര്‍ത്ത്
മെല്ലെ മെല്ലെ അസ്തമിക്കുമര്‍ക്കനെ പോലെല്ലന്ന് റോസ്‌ലി തിരിച്ചറിഞ്ഞത്,
വാകമരച്ചോട്ടിലിരുട്ടി-
ലവനാദ്യം തൊട്ടപ്പോഴോ
ആ തൊടലില്‍
പൂത്തപ്പോഴോ അല്ലാ...
ആ
കൊച്ചിന്റെ തന്തയെന്ന് പറയാനവനു വയ്യെന്നു
പറഞ്ഞപ്പോഴാണ്.
സംഗമ സാക്ഷി കുളം.
ആ വെള്ളത്തിലവൾ ഊളിയിട്ടു.
ആ കുളത്തിലാദ്യത്തെ ചാവ്..
ഗന്ധർവൻ കുളമെന്ന്
ആരോ പറഞ്ഞു
പിന്നെ പിന്നെ
ഓരോരുത്തര്
കടം കേറിയ കൊച്ചപ്പന്‍
രോഗദുരിതത്തില്‍ പാത്തു...
ചിന്നന്‍ ഇളകിയ മറിയുമ്മ
കുളിക്കാനിറങ്ങിയ കുഞ്ഞുണ്ണി..
ഗന്ധർവബാധ
ചേർത്തുവായിക്കാനാവാഞ്ഞതിനാൽ
കുളം റോസ്‌ലിടെ പേരിൽ തീറെഴുതി നാട്ടാര്.
റെയില് വന്നു, റോഡ് വന്നു,
പിന്നെ ലഹരിവന്നു.
കള്ളപ്പണമൊഴുകി
മാളിക മാളിക മാളിക ചുറ്റും
വെള്ളമുള്ള മണ്ണിന്
പൊന്നും വില...
മെല്ലെ മെല്ല
കാട് വെട്ടി, മാവ് വെട്ടി
തേക്കുവെട്ടി...
കൂടുപൊട്ടിയ കിളികൾ ചിതറി.
‘സമൃദ്ധമായി വെള്ളം
കുളമുള്ള ഭൂമി
ചുറ്റിവും വില്ലകള്‍...’
വിൽപന പരസ്യം നിറഞ്ഞു.
വില്ല കെട്ടാന്‍ വന്ന ബംഗാളി
കുളത്തില്‍ പൊങ്ങിയപ്പോൾ
ചരിത്രമാരോ തേട്ടി...
ഗന്ധർവനും
അപ്സരസ്സുമുള്ള
ചാവുകുളമാണെന്ന്
റോസ്‌ലിക്കുളം വീണ്ടും ചര്‍ച്ചയായി.
ചാരത്താരുമില്ലാത്ത
വാര്‍ധക്യമൊടുക്കാൻ
‘വില്ലകൾ’ തേടിയോരുടെ
ജീവിതസായാഹ്നംപോലെ
വേനലില്‍ വെന്ത് വെന്ത്...
റോസ്‌ലിക്കുളം.
കണ്ടും
അറിഞ്ഞും... നിറഞ്ഞും ഒടുക്കമിതാ വറ്റിയും...
ജീവിതംപോലെ...
