കണ്മണി (അഥവാ സമ്മതത്തെ കുറിച്ചുള്ള ഒരു വിചാരം)

ആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും? കണ്ടറിയണം, കണ്ണ് തെറ്റിയാൽ നോട്ടം ദിക്കുകൾ കീഴടക്കുന്ന വെട്ടുകിളികൾ നിന്നിൽ നിറയുന്നു നീ നോക്കുമ്പോൾ മാത്രം നിന്നെ നോക്കാതെ തിരിഞ്ഞു നോക്കാതെ തന്നിലേക്ക് പിന്തിരിഞ്ഞു മടങ്ങുന്നു ആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും? പിന്തുടരുന്നെന്ന് ഒരിക്കല്‍ തോന്നും, പിറകില്‍ വാതിലുകള്‍ ഒന്നുകൂടി അടയും, നീ മുറിയിലെ വെളിച്ചം കെടുത്തുമ്പോള്‍ പത്തൊമ്പതാം നിലയില്‍ ജനാലകള്‍ കെടും, കുളിക്കുമ്പോള്‍ പുറത്താരോ ഒരാള്‍- നീ തന്നെയാവാം നിനക്കു...
Your Subscription Supports Independent Journalism
View Plansആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും?
കണ്ടറിയണം,
കണ്ണ് തെറ്റിയാൽ നോട്ടം
ദിക്കുകൾ കീഴടക്കുന്ന
വെട്ടുകിളികൾ നിന്നിൽ നിറയുന്നു
നീ നോക്കുമ്പോൾ മാത്രം
നിന്നെ നോക്കാതെ
തിരിഞ്ഞു നോക്കാതെ തന്നിലേക്ക്
പിന്തിരിഞ്ഞു മടങ്ങുന്നു
ആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും?
പിന്തുടരുന്നെന്ന് ഒരിക്കല്‍ തോന്നും,
പിറകില്‍ വാതിലുകള്‍ ഒന്നുകൂടി അടയും,
നീ മുറിയിലെ വെളിച്ചം കെടുത്തുമ്പോള്‍
പത്തൊമ്പതാം നിലയില്‍ ജനാലകള്‍ കെടും,
കുളിക്കുമ്പോള്‍ പുറത്താരോ ഒരാള്‍-
നീ തന്നെയാവാം നിനക്കു പിറകില്‍
നിന്നെ പിന്തുടര്ന്നു വരുന്നയാള്‍,
മറ്റൊരാള്‍ക്ക് നിന്നില്‍ എന്തു താല്പര്യമുണ്ടാവാന്?
എങ്കിലും സംശയം തീരുന്നില്ല
ഇരുട്ടില്‍ തെളിയുന്നില്ല
ഒരു മിന്നാമിനുങ്ങിന്റെ വെട്ടംപോലും.
നിന്നില്‍ വന്നുപോവുന്ന
ഈ അദൃശ്യസാന്നിധ്യത്തെ
എങ്ങനെ തുരത്താം?
നിന്നെ കാണുന്നൊരാൾ
അവനെ നീ വീണ്ടും കണ്ടുമുട്ടുന്നു
നിൻ നിത്യസന്ദർശകൻ
തീരെ നിനയ്ക്കാതിരിക്കുമ്പോൾ
തനിയെ വരുന്നു പോവുന്നു
നീ എല്ലാ ദിനവും ജോലിക്ക് പോവുന്നു
നിൻ പാത ഒരേ അപാരത,
അറ്റമില്ലാത്ത വഴികൾ പിണഞ്ഞിഴയുന്നു
അന്തമില്ലാത്തവർ
ചുറ്റിലും പടരുന്നു
അക്കൂട്ടർ പെരുകുന്നു
തണല്‍മരങ്ങള്‍ക്കിടയിലൂടെ
പാർക്കിങ് ഇടത്തിലേക്ക്
നടക്കുന്ന നീ നിൻ വണ്ടിയിൽ
കയ്യനങ്ങുന്ന പരിഭ്രമം,
അവന് താക്കോല്‍ കണ്ടെടുക്കുന്നു
നിന് വേഗം കണ്ണെത്താദൂരം
അവന് കൈക്കലാക്കുന്നു
ആരിവൻ? ഒരൂഹത്തിനും പഴുതില്ല.
എല്ലാ ദിനവും നീ പതിനെട്ടാം നിലയിൽ
വാടിയ ചെടികൾ നനയ്ക്കുന്നു
താഴെ നിന്നെ കണ്ടു കണ്ടില്ല മട്ടില്‍
അവൻ ഇലപ്പടർപ്പിൽ മങ്ങിമായുന്നു
വൈകുന്നേരങ്ങളിൽ ദൂരെ സ്വിമ്മിങ് പൂളിൽ
നീന്തിനിവര്ന്ന് നിന്നെ നോക്കി കിടന്നാറുന്നു
നീ തുണികൾ വിരിച്ചിടാൻ നേരം
ഒരുടുപ്പിൻ ഒറ്റ നിറമഴിഞ്ഞ്
മറ്റേതിലെല്ലാം കാർമേഘം
നിൻ മുഖത്തു പരക്കെ പാട്ടാവുന്നു.
അവനെ നിനക്കിപ്പോൾ നിന്നെക്കാൾ
പരിചിതം, അവൻ നിഴൽ നിന്നിൽ
വിട്ടൊഴിയാതെ കുറ്റവാളിയുടെ ആകാശ പറക്കലില്‍
നഖം കൊരുത്ത പരുന്തുകളുടെ സമയം
ഇന്നിതാ നീ കാപ്പി കുടിക്കാൻ കയറുന്ന കടയിൽ
തഞ്ചത്തില്‍ വന്നു നിന്നെ തൊട്ടു തൊട്ടിരിക്കുന്നു
ആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും?
പരിചിത മുഖങ്ങള്‍ ഓര്‍മയില്‍ തെളിഞ്ഞു
പ്രാവുകള്‍ കുറുകിയതിലൊന്നും
തിരിച്ചറിയാനാവുന്നില്ല,
ഇതുപോല്‍ നടക്കുന്നവര്‍
ഇതുപോല്‍ ചിരിക്കുന്നവര്‍
ഇതേ താളം ശരീരത്തില്‍ മുറുകുമ്പോള്‍
തുടക്കമോ ഒടുക്കമോ എന്നു പേടിച്ചു
ഇടവഴികൾ ഊടുവഴികൾ മാറിക്കയറി കിതച്ചു
കൈത്തലം വിയര്‍ത്ത നാളുകള്‍ക്കിടയില്‍ ചികഞ്ഞു-
ഇല്ല, അവിടെവിടെയുമില്ല ഇയാള്‍.
എന്താണിവന്റെ ആവശ്യം?
ഏതാണിവന്റെ ഉദ്ദേശ്യം?
സുന്ദരീ, എത്ര നാളായി ഞാൻ
നിനക്കു പിറകെ അലയുന്നു
എല്ലാ ദിനവും നിന്നെ കാണാൻ ഉണരുന്നു, ഉറങ്ങുന്നു
എല്ലാവരിലും നിന്നെ കാണുന്നു
കണ്ടതില്ല നിന്നെപ്പോൽ ഒരുവളെയെങ്ങും
നിന്നെ കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നുന്നു
നിൻ വിടർ കണ്ണുകള്‍ എന്നെ വലയ്ക്കുന്നു
എന്തേ എന്നെ ഇനിയും കാണുന്നില്ല?
നീ കാപ്പിപ്പാത്രത്തിലുടക്കിയെഴുന്നേറ്റു
കടുപ്പത്തില്‍ പറയുന്നു:
നോക്കൂ, കണ്ണടച്ചാൽ ഇരുട്ടാവില്ല
കേൾക്കൂ, എനിക്ക് നിങ്ങളില്‍ തീരെ താൽപര്യമില്ല
കണ്ടുകൂടാ എനിക്കിതൊന്നും,
ഇത്തരം താൽക്കാലിക താൽപര്യങ്ങള്,
പൊള്ളയായ മോഹങ്ങള്‍.
ഞാന്‍ നിങ്ങളുടെ ലോകത്ത് ജീവിക്കുന്നവളല്ല
അതുകൊണ്ട്, സമയമില്ല യുവാവേ
മടങ്ങിപ്പോവുക, സ്വയം രക്ഷിക്കുക
സമയമില്ല, സമയമില്ല
സമയം മുടക്കി എന്നെ പിന്തുടരല്ലേ
അതും പറഞ്ഞവള്‍ നടന്നകന്നു
അവള് ഉലയും ചേലത്തുമ്പ്
കണ്ണില്‍നിന്നും മറഞ്ഞുപോയി
അവന് കണ്ണില്‍ ഇരുട്ടു
പരന്നു രാത്രിയായി
അവളെ കാണാതെ കണ്ണുകള്‍
വെറും വെള്ളക്കുഴികൾ മാത്രമായി
പിറ്റേന്നും അവൾ പോവുമിടങ്ങളിൽ
അവൻ വെറുതെ പോയി
നഗരം അവനിൽ ഇടതിങ്ങി
അറിയപ്പെടാത്ത തെരുവുകളിൽ
അവളെക്കുറിച്ചുള്ള കെട്ടുകഥകൾ
പ്രചരിപ്പിക്കാൻ വെമ്പി
അവൻ അലഞ്ഞുതിരിഞ്ഞു
കുറെ നാളുകൾ കഴിഞ്ഞുപോയി
ഒരിക്കൽ ഫോണിൽ അവളെ കിട്ടിയ
ഉടൻ അവളുടെ മറുപടിയും വന്നു:
പോലീസിൽ പറയണോ ഞാൻ?
ഇലപൊഴിഞ്ഞ തണൽമരങ്ങളിൽനിന്നും
പതിവു പക്ഷികൾ പിരിഞ്ഞുപോയി,
ഇലകളടർന്ന മരങ്ങൾ
ഇളകാൻ ഒന്നുമില്ലാതെ നിന്നു
അവളെ കാണാൻ കഴിഞ്ഞില്ല
അവളെ കാണാൻ കഴിയാത്ത ഈ
കണ്ണുകൾ ഇതെന്തിന്?
ഒരുദിനം ഒരു പൊതി
അവളുടെ വാതിൽക്കൽ വന്നു
തുറന്നപ്പോൾ കണ്ടു രണ്ടു കണ്ണുകൾ,
തന്റെ കണ്ണുകൾ ആരോ
ചൂഴ്ന്നെടുത്തു തരുമെന്ന്
സ്വപ്നം കണ്ടതിന്നലെ,
അവൾ കണ്ണെടുക്കാതെ നോക്കി,
രണ്ടു തിളങ്ങുന്ന പരൽമീനുകൾ,
അവളെ തേടിയൊതുങ്ങി നിരാശ.
അവൾക്കു പിന്നിൽ ദുഃഖിതരാം
ഗായകസംഘം ഒറ്റസ്വരത്തിൽ പാടി:
ആരാണീ മനുഷ്യന് എന്നെങ്ങനെ അറിയും?
==================
*കാമാസക്തനായി തന്നെ പിന്തുടർന്നയാൾക്ക് ശുഭ എന്ന ബുദ്ധഭിക്ഷുകി ഒടുവിൽ തന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു കൊടുത്ത കഥ തേരിഗത (Therigatha) യിലുണ്ട്. അവിടെനിന്നാണ് ഈ കവിത തുടങ്ങുന്നത്.
