Begin typing your search above and press return to search.
proflie-avatar
Login

ജാക്കി

ജാക്കി
cancel

ജാക്കി മരിച്ച അന്ന്

എനിക്ക് ഉറങ്ങാനായില്ല.

നിരാശവന്ന് മുടി പിടിച്ചുവലിച്ചു.

വട്ടത്തിൽ വട്ടത്തിൽ വിരലിലിട്ട്

മുടി ചുരുട്ടിച്ചുരുട്ടി കെട്ടാക്കി.

അറുക്കാനായില്ല

കറുകറുത്ത മുടിക്കൂനകൾ

കറുത്ത കയങ്ങൾ

എങ്ങനെ ഉറങ്ങും മുടിയില്ലാതെ...

രണ്ട് കറുമ്പൻ പൂച്ചകൾ

ജനൽവഴി ചാടി മുറിയിലെത്തി.

മുട്ടയുടെ മഞ്ഞക്കരുപോലെ

രണ്ടും രണ്ടും നാല് മഞ്ഞക്കണ്ണുകൾ

കണ്ണിനു നടുക്ക് ഒരു പുള്ളി.

എങ്ങനെ ഉറങ്ങും ജനലടയ്ക്കാതെ...

ജാക്കി എന്റെ

തൊട്ടയൽപക്കത്തുള്ള നായയാണ്.

തൊടൽ പൊട്ടിച്ചോടി അവനിവിടെ വരാറുണ്ട്.

പതിനേഴര സെന്റ് മതിയാവാതെ

മണത്തു മണത്ത്

ഉരുണ്ടു പിരണ്ട്

അപ്പിയിട്ടും മുള്ളിയും

ഇടതൂർന്ന വലിയ രോമങ്ങളിളക്കിയും

അവനെന്റെ മതിൽക്കെട്ടിനുള്ളിൽ

സന്തോഷവാനെന്ന് തോന്നിപ്പിക്കാറുണ്ട്.

അടുത്തൂടെ പോകുമ്പോൾ

നിർവികാരത തുളുമ്പി പോവുമല്ലോന്ന്

ഓർത്ത് അവൻ തന്റെ കണ്ണുകൾ പിൻവലിയ്ക്കും.

അനാഥനായിരുന്നു.

വിഷാദിയായിരുന്നു.

എനിക്കവനെ കെട്ടിപ്പിടിക്കണമെന്നുണ്ടായിരുന്നു

ഓമനിക്കണമെന്നും.

വലിയ ശരീരവും

നിസ്സംഗതമാത്രം മുറ്റിനിൽക്കുന്ന കണ്ണുകളും

നായപ്പേടിയുണ്ടാക്കി

തൂക്കുപാത്രത്തിൽ അവനിഷ്ടമുള്ള കറികളുമായി

അയൽപക്കം ലക്ഷ്യമാക്കി

പാടവരമ്പിലൂടെ ഉമ്മ നടന്നു പോകുന്നത്

ഇനി കാണാനാകില്ല.

നീന്താനറിയാതെ വെള്ളത്തിൽ

വീണതുപോലെ ഞാൻ പിടയുന്നു.

എനിക്കവനെ

സ്നേഹിക്കാമായിരുന്നു.

അവന്റെ ആരുമില്ലായ്മ

വിഷാദത്തിന്റെ മഹാഗണി ശാഖകൾ

മുറുമുറുക്കുന്ന തടിച്ച വാലറ്റം

എന്റേതുകൂടിയെന്ന് അല്ല എന്റേത് തന്നെയെന്ന്

പറയാമായിരുന്നു.

എന്റെ പിന്നാമ്പുറങ്ങളിൽ

മുറിക്കരികിൽ

വേലിക്കുള്ളിൽ

അവനുണ്ടാക്കിയ ഒച്ചകൾ

വിനിമയശേഷിയില്ലാത്ത മുരളലുകൾ

നേർത്തു നേർത്ത നായക്കാലടികൾ

എങ്ങനെയുറങ്ങും രാത്രികളിലിനി

പൂച്ചമാന്തലുകളല്ലേ

മുറിക്കകം മുഴുവൻ

ജാക്കീ പ്രേതമായെങ്കിലും നീ വരുമെന്നും

എന്റെ വിഷാദത്തെ നക്കിയുണക്കുമെന്നും

മുറി മുഴുക്കെ മൂത്രമൊഴിച്ച്

അതിർത്തി കാക്കുമെന്നും കരുതട്ടെ...

ഉടനെ

നമ്മൾ സ്നേഹത്തിലാകുമെന്നും

ഉടൽ മുഴുവൻ നായപ്പൂട പൊതിയുമെന്നും

കരുതട്ടെ.


Show More expand_more
News Summary - Malayalam poem