ചെന്നിനായകം

ചെന്നിനായകച്ചുണ്ടാ- ലുമ്മവെച്ചവരെല്ലാം ചെന്നുചേർന്നിടത്തൊക്കെ പൊള്ളവാക്കലയുന്നു ചെന്നിരിക്കുവാനിട- മില്ലാത്ത തീരത്തിന്റെ മൺതുരുത്തിടിയുന്ന നടനം തുടരുന്നു പെറ്റ മാതാവിൻ ചൂടു മറന്ന നദീതടം ദുഃഖവഹ്നിയിൽ ജന്മം ചുട്ടെടുത്തകലുന്നു. കണ്ണുകീറിയാൽ കാണും കള്ളിമുൾച്ചിത്രത്തിന്റെ- യുള്ളിലെ രക്തക്കറ പൂക്കളാൽ മറയ്ക്കുന്നു പണ്ടുപണ്ടാരോ കണ്ട നാടകപ്പുരാവൃത്തം കൊള്ളിവച്ചിരുട്ടിനെ തുള്ളിച്ചു നടിക്കുന്നു ഉച്ചിയിൽ തളംകെട്ടും ഭാഷകൾ കവർന്നവ- രുച്ചത്തിലുരുവിട്ട പ്രണയം മരിക്കുന്നു കെട്ടുകൾ പൊട്ടിപ്പോയ പട്ടമേ,...
Your Subscription Supports Independent Journalism
View Plansചെന്നിനായകച്ചുണ്ടാ-
ലുമ്മവെച്ചവരെല്ലാം
ചെന്നുചേർന്നിടത്തൊക്കെ പൊള്ളവാക്കലയുന്നു
ചെന്നിരിക്കുവാനിട-
മില്ലാത്ത തീരത്തിന്റെ
മൺതുരുത്തിടിയുന്ന
നടനം തുടരുന്നു
പെറ്റ മാതാവിൻ ചൂടു
മറന്ന നദീതടം
ദുഃഖവഹ്നിയിൽ ജന്മം
ചുട്ടെടുത്തകലുന്നു.
കണ്ണുകീറിയാൽ കാണും
കള്ളിമുൾച്ചിത്രത്തിന്റെ-
യുള്ളിലെ രക്തക്കറ
പൂക്കളാൽ മറയ്ക്കുന്നു
പണ്ടുപണ്ടാരോ കണ്ട നാടകപ്പുരാവൃത്തം
കൊള്ളിവച്ചിരുട്ടിനെ
തുള്ളിച്ചു നടിക്കുന്നു
ഉച്ചിയിൽ തളംകെട്ടും
ഭാഷകൾ കവർന്നവ-
രുച്ചത്തിലുരുവിട്ട
പ്രണയം മരിക്കുന്നു
കെട്ടുകൾ പൊട്ടിപ്പോയ
പട്ടമേ, നിന്നെപ്പോലെ
നിശ്ചലം നിരാലംബ-
മാകാശമൊടുങ്ങുന്നു
ഒറ്റുകാരൊടുങ്ങാത്ത
രാവിന്റെയത്താഴത്തി-
ലെത്ര പേർ വേവിക്കുന്ന
കാപട്യം വിളമ്പുന്നു
യുദ്ധങ്ങൾ കഴിഞ്ഞില്ല
നഗ്നദേഹത്തിൽനിന്നു
കെട്ടതും കെടാത്തതു-
മെടുത്തു വിഴുങ്ങുന്നു
അഗ്നിശുദ്ധിയെന്നാർത്തു
കൂവുന്ന ജനത്തിന്റെ
ശബ്ദരാക്ഷസം വീണ്ടു-
മൊളിച്ചു വസിക്കുന്നു
മറ്റൊരാൾ ജീവിക്കുന്ന
കഥയിൽ കയ്പും മുള്ളും
കൽപിച്ചു ദാനംചെയ്ത
ശിക്ഷകൾ ജയിക്കുന്നു
നിന്നനിൽപിലെ പാദം
പിൻവലിച്ചൊടുങ്ങാത്ത
മണ്ണുമീ വിണ്ണും വീണ്ടും
സംശയിച്ചളക്കുന്നു
ഉള്ളറിഞ്ഞെറുമ്പിനും
കൊമ്പനാനയ്ക്കും കാട്ടു-
സംഗീതമൊഴുക്കുന്ന
നീർച്ചോല നശിക്കുന്നു
ഒന്നുമില്ലെങ്കിൽപ്പോലും
കൺതടം നനയ്ക്കുന്ന
പിൻവിളിക്കുയിലിന്റെ നാദങ്ങളിടറുന്നു
പച്ചജീവിതത്തിന്റെ-
യൊച്ചയും വിളിയും കേ-
ട്ടിപ്പൊഴും നമ്മൾ രണ്ടും
നടക്കാനിറങ്ങുന്നു.
മുന്നിലുണ്ടാരോ പാഞ്ഞു
പോകുന്നു, മൗനത്തിന്റെ
പിന്നിലുണ്ടാരോ മെല്ലെ-
യിഴഞ്ഞു മുന്നേറുന്നു!
