Begin typing your search above and press return to search.
proflie-avatar
Login

ഷാഹിദ

ഷാഹിദ
cancel

സംഘാടകരിലെ

അരവയസ്സന്മാരിലാരുടെയോ

‘നൊസ്റ്റു’വാകണം,

പരിപാടിയിടത്തേക്കു നടക്കവേ,

എൺപത്തിനാലിലിറങ്ങിയ

സിനിമയിലെ

ആ ഹിറ്റുഗാനമിന്നു കേൾക്കേ

ഓർമകൾ...

പുള്ളിപ്പാവാടയും ബ്ലൗസുമണിഞ്ഞ്

നങ്കീസ് സഞ്ചി രണ്ടെണ്ണമെടുത്ത്

വീട്ടിൽ വേനലവധി വിരുന്നിനെത്തിയ

മയ്യഴികാരത്തി

ഉണ്ടച്ചിഷാഹിദയേം കൂട്ടി

ചൂയിംഗം ചവച്ചുകൊണ്ട്

മൂന്നാട്ടന്റെ റേഷൻപീട്യയിലേക്ക്

അരീം പഞ്ചാരേം

മേടിക്കാൻ ചെല്ലുന്നു.

തട്ടാൻ കുഞ്ഞിരാമേട്ടന്റടുത്തുന്ന്

ഇരന്നുവാങ്ങിയ

വാടാർമല്ലി നിറമുള്ള

സ്വർണം പൊതിയുന്ന കടലാസ്

തുപ്പലാൽ നനച്ച്

പോകുന്ന പോക്കിൽ

ചുണ്ടത്തുരക്കുന്നു ഷാഹിദ.

മുല്ലപ്പൂ മണക്കുന്ന,

കാക്ക കൊത്തിയിട്ട

പഴുത്ത മാങ്ങകൾ

വീണടിഞ്ഞു കിടക്കുന്ന

ഇടവഴിയിലൊരിടത്ത്...

ഉടലുകൾ തമ്മിലൊട്ടിപ്പോയ

രണ്ടാളെ കണ്ടമ്പരക്കുന്നു.

കണ്ണേട്ടന് അഭിമുഖമായി

ദാവണിയിൽ

നിറഞ്ഞുനിൽക്കുന്ന

രമണ്യേച്ചിയെ

കണ്ടമാത്രയിൽ

മംഗളത്തിലെയേതോ

കഥാനായികയെന്ന്

ശക്തമായി സംശയിക്കുന്നുണ്ട്

ഷാഹിദയുടെ കൂർപ്പിച്ച നോട്ടം.

കരിനീലക്കണ്ണഴകിൽ

ഭ്രമിച്ചുനിൽക്കുന്ന

കണ്ണേട്ടനു പിന്നിൽ

പതുങ്ങിച്ചെന്ന ഷാഹിദ

പതിനാലിന്റെ

തപ്പിത്തടയലോടെ

രമണ്യേച്ചിയുടെ കണ്ണുകളെ

കട്ടുവായിച്ചതും

വാപൊത്തിച്ചിരിച്ചതുമൊന്നും

അവരറിഞ്ഞതേയില്ല

(പ്രണയമൊരുതരം

അബോധാവസ്ഥയാണെന്ന്

അറിഞ്ഞിട്ടില്ലല്ലോയീ

ഞങ്ങളുമന്ന്...)

വയൽവരമ്പിലൂടെ നടന്ന്

റോഡ് മുറിച്ചുകടക്കുമ്പോഴും

ഊറിയൂറിച്ചിരിയും

പിന്നെ...

ബീഡിതെറുപ്പുകേന്ദ്രത്തിലെ

റേഡിയോവിൽനിന്നുള്ളയീ പാട്ടും

ഞങ്ങളോടൊപ്പമുണ്ടായിരുന്നുവല്ലോ.

റേഷൻപീട്യയിലേക്കു

കയറുമ്പോഴന്ന്,

‘‘ണേ... ഞാളെ നാട്ടിലൂണ്ടൊര്

മൂന്നാട്ടൻ,

പക്ഷേങ്കില്

ഓറൊര് ബെല്യ

എയ്ത്തുകാരനാക്കളേ’’

എന്ന് ഞെളിഞ്ഞുനിന്നു പറയുന്ന

ഷാഹിദയെ കേൾക്കാമട്ടിൽ

മണ്ണെണ്ണമണം

മൂക്കിലേക്ക് വലിച്ചുകേറ്റുന്നു ഞാൻ...

പിറ്റേത്തെ വേനലവധിക്കാലത്തെ

ഒരു രാവിലെ

മുറ്റത്തെ കശുമാവിൽ

വലിഞ്ഞുകേറി

പഴുത്തുചോന്ന പഴംപറിച്ച്

ചാറൊലിപ്പിച്ചുതിന്നുന്ന

ഷാഹിദയെ,

ഒരു കലണ്ടർചിത്രംപോലെ

കണ്ടുകൊതിച്ചൊരു

നാൽപതുകാരൻ പണച്ചാക്കിന്

കെട്ടിച്ചുകൊടുക്കുന്നു.

പതിനഞ്ചിന്റെ,

നിറമുള്ള സ്വപ്നങ്ങളുടെ

കസവുനൂൽപാലം തകർന്നവൾ,

മാനസികരോഗാശുപത്രിയിൽ

നീണ്ടകാലങ്ങൾ

തളർന്നുകിടക്കുന്നു

ഇടക്കിടെ,

‘ഉസ്കൂള് പോണം

ലഞ്ച് കൊണ്ട്വോണം

‘ഓയനെ കാണണം’ന്നൊക്കെ

ശീതക്കാറ്റുപോലെ പിറുപിറുക്കുന്നു

ഊറിയൂറിച്ചിരിക്കുന്നു.

. . . .

കശുമാങ്ങകൾ പഴുത്തുമണക്കുന്ന

ഏപ്രിലിലെയൊരു പാതിരാവിൽ

മരുന്നുകളുടെ

മയക്കത്തെ ഊക്കോടെ കുടഞ്ഞെറിഞ്ഞവൾ,

മുറ്റത്തെ മരത്തിൽ

വലിഞ്ഞുകേറുന്നു.

രാവിലെ...

'ദാ..., മ്മളെ ഷായീത്ത

പിർതി മരത്ത്മ്മ

തൂങ്ങീറ്റ്ണ്ടാക്കളേ...’ എന്ന

പത്രക്കാരൻ പയ്യന്റെ

കൂക്കീം കയാരോം കേട്ടിട്ടാണത്രേ

എല്ലാരുമതറിഞ്ഞത്.

. . .

പണ്ട്, റേഷൻകട നിന്നിടത്ത് കെട്ടിയ

സ്റ്റേജിലെ ബാനറിലേക്കു നോക്കി

‘‘എം. മുകുന്ദനു സ്വീകരണം’’

എന്നുറക്കെ വായിക്കുന്ന

പെൺകുട്ടിക്ക്

ഉണ്ടച്ചിഷാഹിദയുടെ

അതേ ഛായ!


Show More expand_more
News Summary - Malayalam poem