Begin typing your search above and press return to search.
proflie-avatar
Login

നഗരം

നഗരം
cancel

1

നഗരത്തിന്മേൽ നഗരത്തിന്മേൽ

നഗരത്തിന്മേൽ നഗരം

ഉള്ളിനുള്ളിലുള്ളിൽ നഗരം

വിരിഞ്ഞുവിരിഞ്ഞു വിരിഞ്ഞ്

ഉറയൂരി ഉയിരൂരി നഗരം

ഇന്ന് കണ്ടതല്ല നാളെ

ഇന്ന് കേട്ടതല്ല നാളെ

ഇന്ന് കുടിച്ചതല്ല നാളെ

ഇന്നത്തെ ഭാഷയല്ല നാളെ

ഓരോ നഗരവും ഓരോ ഭാഷയാകുന്നു

ഓരോ നിമിഷവും അതു ഭാഷ മാറ്റുന്നു.

2

‘‘നീയെല്ലാവർക്കും സ്നേഹം കൊടുക്കു-

ന്നെനിക്കു മാത്രം മുലപ്പാൽ തരുന്നു’’

എന്ന വരികൾ പാടിപ്പാടി ഉറങ്ങുന്ന

ഒരു കൂട്ടുകാരൻ എനിക്കുണ്ട്,

ഒരിക്കലും പണിതു തീരാത്ത നഗരത്തിൽ.

അവന്റെ ഭാഷ ഇപ്പോൾ

മനസ്സിലാക്കാൻ പ്രയാസമായിരിക്കുന്നു.

അവന്റെ ഉടപ്പിറന്നവൾ നഗരത്തിലേക്ക്

ഓടിപ്പോയിട്ട് ഇനിയും വന്നിട്ടില്ല.

3

മടങ്ങാൻ പറ്റാത്ത നഗരത്തിൽ

വേലചെയ്യുന്ന ഒരുവളെനിക്കുണ്ട്.

അവൾ കാമുകി: എന്റെ മാതൃഭാഷ

നിറയെ മുറിവുകളുള്ളവൾ

തന്തയും തള്ളയും ചത്തവന്റെ മാതൃഭാഷ.

അവൾ പറയുന്നു

‘‘നഗരം പാകമാകാത്ത

മുറിവുകളുടെ ഭാഷ

അപരിചിതത്വം ഒരു മുറിവ്.

എല്ലാ ദിശയും മരുഭൂമി

എല്ലാ ദശയും കടൽ

ഏതു കാറ്റും തീയൂതൽ.

ഓരോ ഫ്ലാറ്റും

തൊട്ടകന്നിരിക്കുന്ന മറുഭാഷ.

അപരിചിതമായിരിക്കാൻ

വെമ്പുന്നുണ്ടെന്റെ ഉടൽ

ശ്രദ്ധിച്ചു പഠിക്ക്,

ഭാഷ ഒരാവാസവ്യവസ്ഥ

കറുത്ത ചോരയോടുന്ന

കാടും നാടും മലയും പുഴയും വ്യാകരണമായത്.

നഗരം ഭാഷകളുടെ പ്രേതഭൂമി.

4

‘‘ഞാൻ അനിശ്ചിതമായ യാത്ര പോകുന്നു,

നഗരങ്ങൾ തേടി’’ എന്നും പറഞ്ഞ്

ഒരു പോക്ക് പോയിട്ടൊരു രാത്രി

സുഹൃത്ത് വിളിച്ചു.

–വിശ്വാസം നഷ്ടപ്പെട്ട ഒരു രാഷ്ട്രീയ രാത്രിയിൽ

പോയ കറന്റ് വരുമ്പോഴും ഞെട്ടുന്ന രാത്രിയിൽ-

‘‘എന്റെ സെൽഫിയിലെ

അതേ നിമിഷത്തിൽ, എനിക്ക് പിന്നിൽ

ആരോ വാളേറ്റു വീഴുന്ന വിദൂരദൃശ്യവും;

ഞാൻ ഭാഷ മുട്ടിപ്പോയവൻ’’

അവൻ പറഞ്ഞു:

‘‘എങ്ങോട്ട് പോയാലും

പഴഞ്ചൻമതങ്ങളുടെ യുദ്ധം.

ചോരയൊലിച്ചു വരുന്ന കുട്ടികൾ.

മതങ്ങൾ പൊട്ടിത്തെറിക്കുന്ന ജീർണത.

ആഘോഷങ്ങളിലെല്ലാം

യുദ്ധത്തിന്റെ മുഴക്കം.

അന്തരീക്ഷത്തിൽ

ശത്രുതയുടെ വിളംബരം,

കാലാവസ്ഥപോലെ.

പേടിയല്ലാതെ ഒന്നും ബാക്കിയില്ല.

നാം വിശ്വസിച്ചവയിൽനിന്ന്

മറ്റൊരു കൊടി ഉയർന്നുവരുന്നു.

അനിശ്ചിതമായ

യാത്ര എനിക്ക് ആനന്ദം തന്നില്ല.’’

5

ഏതു ഭാഷയിലും മുറിവ് ഒന്നുപോലെ

(അല്ല എന്ന് വേറൊരു മുറിവ്)

ഏതു ഭാഷയിലും കരച്ചിൽ ഒന്നുപോലെ

(അല്ല എന്ന് വേറൊരു കരച്ചിൽ)

ഏതു ഭാഷയിലും മഴ ഒന്നുപോലെ

(അല്ല എന്ന് വേറൊരു മഴ)

ഏതു ഭാഷയിലും വെയിൽ ഒന്നുപോലെ

(അല്ല എന്ന് വേറൊരു വെയിൽ)

എന്നാൽ ഏതു ഭാഷയിലും

ജീവിതം പ്രയാസംതന്നെ

(അല്ല എന്ന് വേറൊരു വഴി)

–സൗകര്യമുള്ളവർക്ക് എല്ലാം സൗകര്യം

കൊലപാതകംപോലും

സൗകര്യമില്ലാത്തവർക്ക് എല്ലാം അസൗകര്യം

ഒരിറക്ക് വെള്ളംപോലും

6

എത്ര മുറിവുകൾ ചേർന്നിട്ടാവും

നഗരത്തിന് ഒരു മാതൃഭാഷയുണ്ടാവുക;

എത്ര ഭാഷകൾക്ക് മേലാവും

നഗരം ഒരു മാതൃഭാഷ പണിയുക.

ഒരേസമയം എത്ര മാതൃഭാഷകളെ

നഗരത്തിന് പോറ്റാൻ കഴിയും.

ഏതു ഭാഷയാവും

ഇനി നമ്മുടെ വേദനകൾ ചുമക്കുക.

ഇതാ, ഏതോ ഭാഷക്കാരനെ അവർ

വേട്ടയാടി പിടിച്ചിരിക്കുന്നു.

അയാൾക്കില്ല രേഖകൾ.

അയാൾ മനുഷ്യൻ എന്ന രേഖ മാത്രം;

പക്ഷിയെപ്പോലെ മൃഗത്തെപ്പോലെ.

ദുരയ്ക്കും ദൂരത്തിനും ഇടയിൽ

മീനുകളെപ്പോലെ വഴുതികളിക്കുന്ന

വാക്ക് ഏത് ഭാഷാജീവി?

ഇന്ന്, അഴുക്കുചാലിൽ പൊന്തിയവളുടെ

ഭാഷ എന്താവും?

ഒടുവിലത്തെ സ്ഫോടനത്തെ

എന്നു വ്യാഖ്യാനിച്ചു തീരും?

എത്ര മുറികളുണ്ടോ

അത്രയും മുറിവുകളുമുണ്ട്

നഗരത്തിൽ.

7

നഗരം

ഒരു ഭാഷാസമാഹാരം.


Show More expand_more
News Summary - malayalam poem