എക്സ് ക്ലൂസിവ്

‘‘നരി ചത്തു നരനായ് പിറക്കുന്നു നാരി ചത്തുടനോരിയായ് പോകുന്നു; കൃപകൂടാതെ പീഡിപ്പിച്ചീടുന്ന നൃപൻ ചത്തു കൃമിയായ് പിറക്കുന്നു; ഈച്ച ചത്തൊരു പൂച്ചയായീടുന്നു ഈശ്വരന്റെ വിലാസങ്ങളിങ്ങനെ’’ പക്ഷേ, ശൂദ്രൻ ചത്ത് അൽപനായിപ്പോയാലും, അൽപൻ ചത്ത് അഴകിയ രാവണനായിപ്പോയാലും, തങ്ങളിലൊരുവനും ചത്ത് മറ്റൊരു മതത്തിൽപ്പോയി ജനിക്കുന്നില്ലെന്ന് പണ്ഡിതശിരോമണികൾ പ്രമുഖ സർവകലാശാലയുണ്ടായിരുന്ന കാലത്തേ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് അവരിൽ ചിലർ കൊമ്പുകൂർത്ത മൃഗങ്ങളാകുന്നതും, മറ്റുചിലർ മുറ്റിയ വിഷം ചീറ്റിയൊഴിക്കുന്ന കാളരാത്രികളാകുന്നതും, ഇനിയും ചിലർ കൂട്ടം...
Your Subscription Supports Independent Journalism
View Plans‘‘നരി ചത്തു നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ് പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ’’
പക്ഷേ,
ശൂദ്രൻ ചത്ത് അൽപനായിപ്പോയാലും,
അൽപൻ ചത്ത്
അഴകിയ രാവണനായിപ്പോയാലും,
തങ്ങളിലൊരുവനും ചത്ത്
മറ്റൊരു മതത്തിൽപ്പോയി ജനിക്കുന്നില്ലെന്ന്
പണ്ഡിതശിരോമണികൾ
പ്രമുഖ സർവകലാശാലയുണ്ടായിരുന്ന കാലത്തേ
ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടാണ്
അവരിൽ ചിലർ
കൊമ്പുകൂർത്ത മൃഗങ്ങളാകുന്നതും,
മറ്റുചിലർ
മുറ്റിയ വിഷം ചീറ്റിയൊഴിക്കുന്ന
കാളരാത്രികളാകുന്നതും,
ഇനിയും ചിലർ
കൂട്ടം ചേർന്ന് വേട്ടപ്പട്ടികളാകുന്നതും
പിന്നെപ്പരിണമിച്ച്
പേപ്പട്ടികളാകുന്നതും,
മനുഷ്യരാകെയും
സ്വസ്ഥമായ ഉറക്കംപോലും
സ്വപ്നം കാണാൻ ത്രാണിയില്ലാത്തത്ര
അപരൻമാരാവുമ്പഴും,
അവരാകെ
മര്യാദാ പുരുഷോത്തമൻമാരായി
വിരാജിക്കുന്നതും.
മതജീവികളുടെ ടൈംലൈനുകളിൽ
ഭയം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത്
ആരോ തൊടുത്തുവിട്ടൊരു മുട്ടൻ നുണയാണ്;
ആ ചതുരക്കള്ളികൾക്കുള്ളിലെ
പാരമ്പര്യ മുഷ്കുകൾക്ക്
മൂപ്പേറി പൊട്ടിച്ചിതറുമ്പോഴാണ്,
പിതാവിനേക്കാൾ മുമ്പ് ജന്മംകൊണ്ടയീ
ചെകുത്താൻമാരെല്ലാം
കൂടുവിരിഞ്ഞു പുറത്തിറങ്ങുന്നത്.
തിരുത്തി വരക്കാനാവാത്ത വിധം
നരകങ്ങളുടെ സ്കെച്ചുകൾ രൂപപ്പെടുന്നത്.
വെറുപ്പിന്റെയും ചതിയുടെയും
മൊത്തവിതരണ ശൃംഖലയുടെ
ഏറ്റവും മികച്ച ഉപഭോക്താക്കൾക്കുള്ള
സ്വർണ മെഡൽ
നമ്മളല്ലാതെ മറ്റാരുമിനി നേടുകയില്ലെന്ന്
അഭിമാനപുരസരം പ്രഖ്യാപിച്ചുകൊണ്ടുള്ള
അവരുടെ മഹാമേളാ റാലികൾ
എയർഹോണടിച്ചും
കൊലയാരവം മുഴക്കിയും
മനുഷ്യരെയെല്ലാം ഓവർടേക്ക് ചെയ്യുന്നതാണ്,
ഇപ്പോഴത്തെ എക്സ് ക്ലൂസിവ്.
