ഒരു കൂട്ടം കവിതകൾ

1. അവിഹിതം
പണിതിട്ട്,
പൂട്ടിയിട്ട്
ആളുകളിറങ്ങിപ്പോയിട്ട്
നാളുകളേറെയായിരിക്കണം.
തുറക്കാനാഞ്ഞതേയുള്ളൂ
പുറത്തേക്കു കുത്തിയൊഴുകി
വാതിലുകൾക്കുള്ളിൽ
വിങ്ങിനിൽക്കുകയായിരുന്ന
വീട്.
വഴികളൊക്കെയും
എളുപ്പമായിരുന്നു.
കാറ്റായും ജലമായും വെളിച്ചമായും
അകത്തുകടക്കാമായിരുന്നു.
ചൂടായും തണുപ്പായും
ഉള്ളുതൊടാമായിരുന്നു.
മറ്റാരും ഗൗനിക്കാത്ത
പഴുതുകൾ വലുതാക്കി
അയാൾ അകത്തുകടന്നിരിക്കുന്നു.
2. നാടകം
ആടിത്തിമിർക്കുകയാണയാൾ
ഏതു സമയത്തും
കർട്ടനുയർന്നാൽ
വെളിപ്പെടാൻ പാകത്തിലുള്ള
ഒരു രഹസ്യജീവിതം.
3. നിയോഗം
ആ വഴി പോകരുത്.
വരാനുള്ളത്
വഴിയിലെവിടെയെങ്കിലും
പതുങ്ങിയിരിക്കുന്നുണ്ടാവും.
4. ക്ലോക്ക്
രാത്രിയിൽ
ഉറക്കം ഞെട്ടിയുണർന്നപ്പോൾ
ക്ലോക്ക്
ഒറ്റക്കാൽ െവച്ച്
മുടന്തിയോടുന്നു,
അത്രവയ്യാത്ത
മറ്റു കാലുകളെയും വലിച്ചു വലിച്ച്.
എത്രമുടന്തിയാലും
സമയത്തിനെത്താനുള്ള
അതിന്റെ ജാഗ്രത
സകലരും ഉറങ്ങുമ്പോഴും
ഉണർന്നിരിക്കുന്നു.
5. സാക്ഷി
അവനാണത് ചെയ്തതെന്ന്
ഞാനെങ്ങനെ പറയും?
എനിക്കവനെ അറിയില്ലല്ലോ.
അവനല്ല അതു ചെയ്തതെന്നും
ഞാനെങ്ങനെ പറയും
എനിക്കവനെ അറിയില്ലല്ലോ.
6. നിൽപ്
പണ്ടെന്നോ നാടുവിട്ടുപോയ
മകനെക്കാത്ത്
റെയിൽവേ സ്റ്റേഷനിൽ
നിൽക്കുകയാണയാൾ.
വണ്ടി വന്നു.
അവനിറങ്ങി നടന്നുപോയി.
അയാൾ കാത്തുനിന്നവൻ ഇനിയുമിറങ്ങിയിട്ടില്ല.
കാലങ്ങളായി
അവിടെത്തന്നെ നിൽക്കുകയാണയാൾ.
