തോന്നൽ

തോന്നലിന്റെ പിരിയൻ കയർ
താഴേക്കു ഞാന്നുകിടന്നു.
മുളച്ചുപൊങ്ങിയ പയറുചെടികളെ
ഓർമവന്നു.
പയറുവള്ളികൾക്കിനി കയറിൽ പിടിച്ച്
മുകളിലേക്കു കയറിപ്പോകാം.
തോന്നലിലിപ്പോൾ
ഒരു പക്ഷിയിരിക്കുന്നു.
പണ്ട്, നിത്യവും മരക്കൊമ്പിൽ
വന്നിരുന്നത്.
എപ്പോഴോ മാഞ്ഞുപോയത്.
മഞ്ഞ ചിറകുകളുള്ളത്.
ഒരാളിൽ ഒരു തോന്നലിന്
എത്രകാലം
ഞാന്നു കിടന്നാടുവാനാവും?
പണ്ടുണ്ടായിരുന്ന പക്ഷിക്ക്
എത്രനേരം
ചിറകൊതുക്കി ഇരിക്കുവാനാവും?
തോന്നലിലിപ്പോൾ
ഒരാൾ ഊഞ്ഞാലുകെട്ടുന്നു.
ആടിയാടി മേഘങ്ങളെ തൊടാമെന്ന്
അടക്കം പറയുന്നു.
അയാളുടെ ചിരി ഞാൻ കണ്ടിട്ടുണ്ട്,
പണ്ടത്തെയൊരു സന്ധ്യക്ക്.
ആ ചിരിയിൽ പടർന്ന എന്നെ അറിയുന്നുണ്ടാവുമോ?
തോന്നലിലിപ്പോൾ
സന്ധ്യ പടരുന്നു.
പയറുവള്ളികളിലെ
വയലറ്റ് പൂക്കൾക്കിടയിൽ
പക്ഷിത്തൂവലിന്റെ മഞ്ഞ.
ഇലകളിൽ ഒരുന്നുള്ളു സന്ധ്യ.
തോന്നലിന്റെ പിരിയൻ കയറിൽ
അയാൾ ഞാന്നു കിടക്കുന്നു.
പയറു വള്ളികളിതു
കാണുന്നുണ്ടാവുമോ?
പടരണമെന്നു
മോഹിക്കുന്നുണ്ടാവുമോ?
