Begin typing your search above and press return to search.
proflie-avatar
Login

രണ്ട് കവിതകൾ

രണ്ട്   കവിതകൾ
cancel

1. വിധേയർ

പണ്ട്, ബലിമൃഗത്തിന്റെ തലയിലും

നെറ്റിയിലും തൂവിയിരുന്ന സിന്ദൂരം

സീമന്തരേഖയിൽ തൂവാൻ

കാത്തിരിപ്പുണ്ടിന്നും ചിലർ

ആചാരക്കയറുകളാൽ ബന്ധനസ്ഥരായവർ

‘പിറന്നു പോയ’ പെൺകുരുന്നിനെ

ചതിയുടെ പുലിമടയിൽ

ഇട്ടുകൊടുക്കുന്ന ചിലർ...

നാലു വയസ്സിനെ കറുപ്പു മൂടി

മതശാലയ്ക്കയക്കുന്നവർ

ജഠരാഗ്നിയുടെയാളൽ

‘ഉടുമുണ്ടി’നാലമർത്തി

ദൈവക്കല്ലിന്

നെയ്യഭിഷേകം ചെയ്യാൻ

മലകേറിപ്പോയോർ...

ആണ്ടുനേർച്ചകൾ

അസുഖംമാറ്റിയെന്ന

രേഖപ്പെടുത്താക്കാനേഷുമാരികൾ

ഇന്നും,

ഒരു സൂര്യ സ്വപ്നത്തെ

ചൂണ്ടുവിരലറ്റത്ത്

മഷിയാലിറ്റിച്ച്

പെട്ടിയിലടച്ച് കാത്തിരിക്കുന്നവർ...

2. അസമയം

തിന്നും കുടിച്ചും പുകച്ചും

ഉല്ലസിക്കുന്ന

ആൺനോട്ടങ്ങൾക്കിടയിലൂടെ

ഒരു പാതിരയിൽ

രണ്ട് പെണ്ണുങ്ങൾ

ഉശിരോടെ നടന്നു.

അസമയത്ത് ഈ പെണ്ണുങ്ങൾ..?

ആഗസ്ത് പതിനഞ്ചിന്റെ

കൊടിമരം ഉറപ്പിക്കുകയായിരുന്ന അവർ

പരസ്പരം പിറുപിറുത്തു.

നിലാവ് വിരിച്ച മണൽപ്പായയിൽ കിടന്ന്

അവർ നക്ഷത്രങ്ങളിലേക്കുള്ള ദൂരം

സ്വപ്നം കണ്ടു...

പിറ്റേന്ന് നേരം വെളുത്തിട്ടും

പറഞ്ഞു തീരാക്കഥകളായി

പിഞ്ഞിക്കീറി ചോര വാർന്നു

നനഞ്ഞു കുതിർന്നു

അതേ മണൽപ്പായയിൽ...


Show More expand_more
News Summary - Malayalam poem