ദർബാറി ദീപിക
കവിതാ പരമ്പര -12

15 പേർഷ്യ
ആഗ്രയിൽ
ആരാം ബാഗിൽ
മണമില്ലാത്ത ചെമ്പരത്തിപ്പൂക്കൾ
അതിരിട്ട നടപ്പാതയിലൂടെ
ഒരു സായാഹ്നത്തിൽ
നടക്കുമ്പോൾ
പണ്ടൊരിക്കൽ
സമർഖണ്ഡിൽ വെച്ച്
താനെഴുതിയ കുറിപ്പിലെ വാക്കുകൾ
ബാബർക്ക് ഓർമ വന്നു:
എന്റെ അലച്ചിലുകളൊന്നും
എന്റെ തീരുമാനമായിരുന്നില്ല
പോകുന്നതും തങ്ങുന്നതും ഒന്നും.
ഇപ്പോൾ ഈ നടപ്പാതയിലൂടെ നടക്കുന്നു
അരികിലൂടെ നീർച്ചാൽ നീണ്ടൊഴുകുന്നു.
ഒരു കുഞ്ഞരുവിയുടെ വളവുകൾ
നീർത്തി
നേർരേഖയിലൊഴുക്കിയ നീർച്ചാൽ.
നേർരേഖയിലൊഴുകുന്ന നീർച്ചാലുകളും
നേർരേഖയിൽ നീളുന്ന നടപ്പാതകളും
അനന്തമായ അലച്ചിലിനെ ഓർമിപ്പിക്കുന്നു.
അനന്തത മാത്രമാണ്
മദിപ്പിക്കുന്നത്
നദിയുടെ ഓരോ വളവും
ഇവിടെ ഇവിടെ
എന്നു പറയുന്നു
വളവു നിവർന്നൊഴുകുന്ന നദി
അവിടെ അവിടെ എന്നും
പക്ഷേ ആരാംബാഗ്,
ഈ പൂന്തോട്ടം അനന്തമല്ല.
യമുന ഇതിനതിരിടുന്നു.
ഒരു പൂന്തോട്ടവും അനന്തമല്ല.
എന്നാൽ അങ്ങനെ ചിന്തിക്കരുത്
ഈ നടപ്പാതക്ക് അവസാനമില്ലെന്നു തന്നെ
വിചാരിക്കണം
അങ്ങനെ നടന്ന്
പെട്ടെന്ന് വശങ്ങളിലേക്കു നോക്കുമ്പോൾ
ചെമ്പരത്തിപ്പൂക്കളല്ല
കരിവണ്ടുകൾ പാറുന്ന
പേർഷ്യൻ അക്ഷരങ്ങൾ
അല്ലെങ്കിൽ ഛഗ്തായ് അക്ഷരങ്ങൾ,
പടർന്ന പൂക്കൾപോലെ.
ഒരു മസ്നവിയുടെ ഈരടിക്കിടയിലൂടെയാണ്
ഇപ്പോൾ നടക്കുന്നത്.
അക്ഷരവടിവാർന്നു നിൽക്കുന്നത്
അലച്ചിലിനിടയിലെ ദാഹങ്ങൾ
കുറേ ചെന്നപ്പോൾ
വീണ്ടും പൂക്കൾ
ഹിന്ദുസ്ഥാനിലേതല്ലാത്തവ
കാബൂളിലെ പൂന്തോട്ടം
ജലാലാബാദിലെ പൂന്തോട്ടം
അൻഡിജാനിലെ തോട്ടം
സമർഖണ്ഡിലേത്
നടപ്പാതയേത് ഈരടിയേത് എന്നറിയാതെ
നടന്നു നടന്നിതാ
പേർഷ്യയിലെത്തുന്നു
പേർഷ്യയിലെ പൂന്തോപ്പിൽനിന്ന്
നേരേ നടന്നാൽ
അനന്തമായ സ്വർഗീയപ്പൂന്തോപ്പ്
ഒരു തുരങ്കവഴി
രണ്ടു കോട്ടകളെ കൂട്ടിയിണക്കും
പൂന്തോട്ടങ്ങളിലെ നടപ്പാതകൾ തീരുന്നിടത്ത്
ഈരടിപ്പാതകൾ ചേർത്തുവക്കണം
രണ്ടു സ്വപ്നങ്ങളെ കൂട്ടിയിണക്കാൻ
16 വൈരം
വൈരക്കല്ല്.
വിദഗ്ധർ ഉരച്ചുനോക്കി.
മുഴുവൻ ലോകത്തിനും
രണ്ടര ദിവസം കഴിക്കാവുന്ന
ഭക്ഷണത്തിന്റെയത്രയും
മൂല്യം വരുമത്രെ
അതിന്
ഗ്വാളിയോറിലെ
രാജാ വിക്രമജിത്തിൽനിന്നു കിട്ടിയത്
ഹുമയൂണാണ് കൊണ്ടുവന്നത്.
ഒന്നു നോക്കി തിരിച്ചുകൊടുത്തു.
ഹുമയൂൺ പൊയ്ക്കഴിഞ്ഞപ്പോൾ,
രണ്ടര ദിവസം
മുഴുവൻ ലോകവും
വയറു നിറയെ
ഭക്ഷണം കഴിക്കുന്നതിനെപ്പറ്റി
ആലോചിച്ചിരുന്നു.
മുഴുവൻ ലോകവും!
ഒരാഴ്ച മുമ്പെങ്കിൽ
ആ മുഴുവൻ ലോകത്തിൽ
അമ്പതിനായിരം പേർ കൂടി
ഉൾപ്പെട്ടേനെ.
ആഗ്രക്കാർ പറയുന്നു,
പാനിപ്പത്തിൽ
അമ്പതിനായിരം പേർ
മരിച്ചെന്ന്
അവശേഷിച്ച മുഴുവൻ ലോകവും
ഒരൊറ്റ വൈരക്കല്ല്.
ആ ലോകത്തിലുണ്ട്
മരിച്ച സുൽത്താന്റെ അമ്മ
അടുത്ത ബന്ധുക്കൾ
അനുചരർ,
ഇതാ
അവർക്കു കഴിയാനുള്ളത്,
രണ്ടര ദിവസത്തേക്കല്ല
എന്നേക്കും,
കതിരാടും മുഗൾഗ്രാമങ്ങൾ.
അല്ലാതെ,
എനിക്കെന്തു വൈരം?
