ദർബാറി ദീപിക

14 ആരാമം‘‘പതിനഞ്ചു ദിവസമേ തിമൂർ ദില്ലിയിൽ തങ്ങിയുള്ളൂ. പാദുഷാ എത്രകാലം തങ്ങുമാവോ?’’ ‘‘ഈ ചൂടാണ് സഹിക്കാൻ വയ്യാത്തത് ദേഹം തിളച്ചു പൊങ്ങുന്നു’’ ‘‘ഒരു പൂന്തോട്ടം പണിത് ഇവിടമൊന്നു കുളിർപ്പിക്കാൻ മുമ്പാരും ശ്രമിച്ചില്ല’’ ‘‘ഇവിടെ കാൽകുത്തിയ മുതൽ പാദുഷയുടെ കണ്ണുകൾ പൂന്തോട്ടങ്ങളെ തേടുംപോലിരുന്നു’’ ‘‘ചിട്ടയോടെ ഒരുക്കിയ വെള്ളം ഒഴുകി വീഴുന്ന തടങ്ങളുള്ള തട്ടുതട്ടായി തിരിച്ച പൂന്തോട്ടങ്ങളേ അദ്ദേഹത്തിനിഷ്ടമാകൂ’’ ‘‘എത്തുന്നേടത്തെല്ലാം തന്റെ ഇഷ്ടത്തിനൊത്ത പൂന്തോട്ടം പണിയുക പാദുഷയുടെ ശീലമാണ്’’ ‘‘ഇവിടെയും പണി തുടങ്ങിയല്ലോ യമുനയുടെ കരയിൽ’’ ‘‘നമ്മൾ പടയാളികൾക്ക് അതൊരാശ്വാസമാകും. ഇത്ര...
Your Subscription Supports Independent Journalism
View Plans14 ആരാമം
‘‘പതിനഞ്ചു ദിവസമേ
തിമൂർ ദില്ലിയിൽ തങ്ങിയുള്ളൂ.
പാദുഷാ എത്രകാലം തങ്ങുമാവോ?’’
‘‘ഈ ചൂടാണ് സഹിക്കാൻ വയ്യാത്തത്
ദേഹം തിളച്ചു പൊങ്ങുന്നു’’
‘‘ഒരു പൂന്തോട്ടം പണിത്
ഇവിടമൊന്നു കുളിർപ്പിക്കാൻ
മുമ്പാരും ശ്രമിച്ചില്ല’’
‘‘ഇവിടെ കാൽകുത്തിയ മുതൽ
പാദുഷയുടെ കണ്ണുകൾ
പൂന്തോട്ടങ്ങളെ തേടുംപോലിരുന്നു’’
‘‘ചിട്ടയോടെ ഒരുക്കിയ
വെള്ളം ഒഴുകി വീഴുന്ന തടങ്ങളുള്ള
തട്ടുതട്ടായി തിരിച്ച പൂന്തോട്ടങ്ങളേ
അദ്ദേഹത്തിനിഷ്ടമാകൂ’’
‘‘എത്തുന്നേടത്തെല്ലാം
തന്റെ ഇഷ്ടത്തിനൊത്ത
പൂന്തോട്ടം പണിയുക
പാദുഷയുടെ ശീലമാണ്’’
‘‘ഇവിടെയും പണി തുടങ്ങിയല്ലോ
യമുനയുടെ കരയിൽ’’
‘‘നമ്മൾ പടയാളികൾക്ക്
അതൊരാശ്വാസമാകും.
ഇത്ര ചൂടുള്ള ഒരിടത്ത്
നമ്മൾ ആദ്യമാണല്ലോ’’
‘‘കുന്തം തറച്ചു കേറിയാലും
പുറത്തിരിക്കുന്ന പടയാളിയെ
ഭദ്രമായി ദൂരെയെത്തിച്ചു മാത്രം
ചത്തുവീഴുന്ന നമ്മുടെ കുതിരകൾക്കുപോലും
ഈ ചൂട് താങ്ങാൻ വയ്യ’’
‘‘ഈ വേഗത്തിൽ പണിതാൽ
ഒരാറുമാസംകൊണ്ട്
ഇതൊരു പൂങ്കാവാകും’’
‘‘പൂന്തോട്ടം പണി
പാദുഷക്കു ഹരം തന്നെ.
കാബൂളിൽ എത്ര പൂന്തോട്ടങ്ങൾ!
കണക്കില്ലാത്തത്ര ഫർഗാനയിൽ!’’
‘‘ഒരു പടക്കളത്തിൽനിന്ന്
അടുത്ത പടക്കളത്തിലേക്ക്
എന്നു നമ്മളോടു പറയും,
പക്ഷേ പാദുഷയുടെ മനസ്സിലുള്ളത്
ഒരു പൂന്തോട്ടത്തിൽനിന്നു
മറ്റൊരു പൂന്തോട്ടത്തിലേക്ക്
എന്നാണ്’’
‘‘താനുണ്ടാക്കിയ പൂന്തോട്ടങ്ങളിൽ
ജലാലാബാദിലെ ബാഘ്-ഇ-വഫയോട്
അദ്ദേഹത്തിനു പ്രത്യേക ഇഷ്ടമുണ്ട്’’
‘‘അതാണ് പാദുഷ
കാബൂളിൽ ആദ്യമുണ്ടാക്കിയ തോട്ടം
ഇഷ്ടം കാണാതിരിക്കുമോ?’’
‘‘പച്ച ഓറഞ്ചുകൾ
പഴുത്തു തുടുക്കുന്ന കാലത്ത്
അതു നോക്കിയങ്ങനെ ഇരിക്കും അവിടെ.
എത്രനേരം വേണമെങ്കിലും’’
‘‘അതു കാണാൻ
അവിടെത്തന്നെ പോകേണ്ടിവരും.
ആഗ്രയിൽ ഓറഞ്ചു വിളയില്ല’’
‘‘എനിക്കൊരു സംശയം, ചങ്ങാതീ,
പേർഷ്യൻ ശൈലിക്കു ചേരുമോ
ഇവിടത്തെ ചെടികളും മരങ്ങളും വള്ളികളും?’’
‘‘എവിടെയായാലും
മരങ്ങൾ ഇഷ്ടപ്പെടും
പാദുഷയുടെ ശൈലി’’
‘‘ഹുമയൂൺ രാജകുമാരൻ
ജനിച്ച് അഞ്ചാം നാൾ
കാബൂളിൽ
പൂന്തോട്ടത്തിൽ വെച്ചൊരു വിരുന്നുണ്ടായി,
നീയോർക്കുന്നോ?’’
‘‘ഇല്ല, ഞാൻ പിന്നല്ലേ
കുതിരപ്പടയിൽ ചേർന്നത്
ഈ പൂന്തോപ്പൊന്നു പണി തീരട്ടെ
ഇവിടെ വെച്ചുമുണ്ടാകും വിരുന്ന്’’
‘‘മുഗളർക്ക്
ജനിച്ചാലാഘോഷം
പൂന്തോട്ടത്തിലാണ്.

മരിച്ചാൽ അടക്കാൻ
അവരാഗ്രഹിക്കുന്നതും
പൂന്തോട്ടത്തിൽ തന്നെ’’
‘‘പാദുഷയെ അടക്കാൻ ഏതായാലും
ഹിന്ദുസ്ഥാനിലെ പൂന്തോട്ടങ്ങൾ
മതിയാകില്ല’’
‘‘അതിനദ്ദേഹം തന്നെ
ഇനിയെത്ര പൂന്തോട്ടങ്ങളിവിടെ
പണിയാനിരിക്കുന്നു!’’
‘‘യമുനയിൽനിന്നു വീശുന്ന കാറ്റാണ്
ഇവിടത്തെ പ്രത്യേകത’’
‘‘കണ്ടില്ലേ
ചൂടത്ത്
ഈ കാറ്റിൽ
മരങ്ങളുലയുമ്പോൾ
ഇപ്പൊഴേ
കുതിരകൾ കണ്ണു ചിമ്മുന്നു.’’
