പ്രണയിക്കൂ ബുദ്ധനെ ഫ്ലിപ് കാർട്ടിൽ ഓർഡർ ചെയ്യുന്നത്

പ്രണയിക്കൂ ബുദ്ധനെ ഫ്ലിപ് കാർട്ടിൽ
ഓർഡർ ചെയ്യുന്നത്,
ഒരു ചെടിച്ചട്ടിയിലാക്കി
മഴയെ വിലക്കുന്നതുപോലെ.
ബുദ്ധനെ കാണുമ്പോഴേ
അവന്റെ കണ്ണിൽ ധ്യാനം തെളിയും,
നീ ധ്യാനത്തീ കത്തിക്കും,
തണുപ്പാറ്റുമെന്നൊരു സ്വപ്നം ബസ്സ് ചെയ്തു
ചുറ്റും നിൽക്കും...
ശാന്തിയെയും ചുംബനത്തെയും കാർട്ടിൽ
ഒന്നിച്ചു പിടിച്ചിടാൻ ശ്രമിക്കുമ്പോൾ,
ചെറു കാറ്റ് വന്ന് പറയും-
സമാധി വിൽപനയ്‌ക്ക് അല്ല!
പ്രണയിക്കൂ ബുദ്ധനെ ഫ്ലിപ്കാർട്ടിൽ
ഓർഡർ ചെയ്യുമ്പോൾ,
അവൾ
സെയിം ഡേ ഡെലിവറി തിരഞ്ഞെടുക്കുന്നു-
അവസാനമായി, നിശ്ശബ്ദതയ്ക്കറ്റത്തു
പൊടുന്നനെ എത്തുന്ന
ശാന്തതയാകുമതെന്ന പ്രതീക്ഷയിൽ.
അവളുടെ കാർട്ടിൽനിന്ന് പഴയ കാമങ്ങൾ
എറേസ് ചെയ്യപ്പെടും,
കരുണ ഉറഞ്ഞുമുരഞ്ഞും
മിണ്ടാതെയാകും.
ഒരു ചെറിയ പ്രതിമ മാത്രം-
കല്ലിൽ കൊത്തിയ മൗനം,
കണ്ണുകൾ അടച്ച ചിരി തളിച്ചു ശുദ്ധമാക്കിയ
‘നോ റിട്ടേൺ പോളിസി’യുള്ള സമാധാനം.
പാഴ്സൽ തുറക്കുമ്പോൾ
ബബിള്‍ റാപ്പിനുള്ളിൽനിന്നു വീഴുന്നത്
അവളുടെ തന്നെ മുഖമാണ്?
തളർന്ന, മിണ്ടാതെയും, ചിരിക്കാതെയുമിരിക്കുന്ന ബുദ്ധനോട് സാദൃശ്യമുള്ളതുമായ അവളുടെ മുഖം!
അവൾ അത് മേശമേൽ വെച്ച്
നോക്കുന്നു,
തൊടുന്നു,
ചോദിക്കുന്നു:
“നീ എന്നെ സ്നേഹിക്കുമോ?”
വായുവിൽ ഓൺലൈൻ ബില്ലിന്റെ മണത്തിലും
ബുദ്ധന്റെ ചിരിയിലും ഒരുതരം
ബോധം തെളിയുന്ന പരിഹാസം
ചോദ്യം ആവർത്തിക്കുന്നു...
‘‘സ്നേഹിക്കുമോ!??’’
റൂമിന്റെ കോണിൽ
മിന്നുന്ന നീലവെളിച്ചത്തിൽനിന്ന് അലക്സാ ചോദിക്കും:
“വുഡ് യൂ ലൈക് ടു റീഓർഡർ ദ് പീസ്?’’
അവൾ ചിരിക്കും-
ഒരു നിമിഷം ബുദ്ധനും അവളും തമ്മിൽ
വ്യത്യാസം ഇല്ലാതാകും.
പ്രണയിക്കൂ ബുദ്ധനെ ഫ്ലിപ്കാർട്ടിൽ
ഓർഡർ ചെയ്യുമ്പോൾ,
ആധുനികതയുടെ ആഗോള പാക്കേജിങ്ങിൽ
അവൾ സ്വന്തമാക്കുന്നത് ബുദ്ധനെ അല്ല
സ്വന്തം മൗനത്തെ തന്നെയാണ്.
പ്രണയം തൊട്ടാൽ
ബുദ്ധൻപോലും മിണ്ടാതിരിക്കാൻ പാടില്ല,
അവന്റെ കൈവിരലിൽ മഞ്ഞുപോലെ
നിന്റെ ഉടൽ ഉരുകുമ്പോൾ.
ഓർഡർചെയ്ത ബുദ്ധൻ
നിന്റെ വാതിൽക്കൽ എത്തുമ്പോൾ
തനിക്കെന്തിനാണ് പ്രണയം എന്ന് ചോദിച്ച്,
നിശ്ശബ്ദമായി ചിരിച്ച്,
സമയമായില്ലെന്ന്,
ബോധോദയം സിദ്ധിച്ചവൻ തിരിച്ചുപോകും.
നീ മാത്രം ബാക്കിയാകും,
മിണ്ടാതായ പ്രണയം ധ്യാനത്തിന്റെ നടുവിൽ,
തുടംകൊണ്ട തീയും കരച്ചിലും
തൊടലിന്റെ ശാന്തിയും ചേർത്തുപിടിച്ച്.
പ്രണയിക്കൂ ബുദ്ധനെ ഫ്ലിപ്കാർട്ടിൽ
ഓർഡർ ചെയ്യുമ്പോൾ,
ആരും ലോകത്തോടതു പറഞ്ഞില്ല-
സ്നേഹം ഇനി മനുഷ്യരൂപത്തിൽ വരില്ലെന്ന്,
ഇപ്പോൾ അതിന് ട്രാക്കിങ് നമ്പറുണ്ട്,
തപാൽ വിലാസവും!
