ഒരാൾ മരിച്ചുവെന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും?

ഞാൻ കണ്ണാടി നോക്കുമ്പോൾ
എനിക്ക് അപരിചിതനായ ഒരാളെ
കാണാൻ തുടങ്ങുന്നു.
എനിക്ക് പരിചിതമല്ലാത്ത
ഒരു ഗന്ധം എന്നിൽ
തങ്ങിനിൽക്കുന്നതായി
ഞാൻ തിരിച്ചറിയാൻ തുടങ്ങുന്നു.
ഒപ്പം നടക്കുന്ന നിഴൽ
എന്റെ കഴുത്ത്
ഞെരിക്കുന്നത് ഞാൻ
ഭീതിയോടെ അറിയാൻ തുടങ്ങുന്നു.
വരാതെ പോയ വസന്തങ്ങൾ
ഒാരോന്നും എന്റെ
കുടവയറിനടിയിൽനിന്നും
ഗ്യാസായി പുറത്തു ചാടി തുടങ്ങുന്നു.
എന്റേതല്ലാത്ത ഒരു
കഷണ്ടി എന്റെ നെറ്റിയിൽ
തിടമ്പേറ്റി നിൽക്കുന്നത്
ഞാൻ തൊട്ടറിഞ്ഞു തുടങ്ങുന്നു.
ഞാൻ മരിച്ചു തുടങ്ങിയത്
എന്റെ ഹൃദയമിടിപ്പുകളും
തലച്ചോറും നിന്നു തുടങ്ങിയത് കൊണ്ടല്ല.
ഞാൻ അറിയാതെ എന്നിൽ
മറ്റൊരാൾ വളരുന്നതറിഞ്ഞതുകൊണ്ടാണ്.
ഞാൻ മരിച്ചു തീരുമ്പോൾ
എന്നെ എന്നിൽനിന്നും
പൂർണമായി പുറത്താക്കി
അയാൾ എന്നിൽ പൂർണമാവും.
അപ്പോൾ ഞാൻ മരിച്ചു
തീർന്നതിന്റെ മണിയൊച്ച
പള്ളിമണികളിൽ
മുഴങ്ങിത്തീരും.
