Begin typing your search above and press return to search.
proflie-avatar
Login

ഉഷഃകാലയിളവ്

ഉഷഃകാലയിളവ്
cancel

ആളുകൾ കിടക്ക വിട്ടുണരും മുന്നേയുള്ള

പുലർച്ചകൾ.

ചിലമ്പുന്നില്ല ചായപ്പാത്രം,

കരണ്ടികൾ, ടാപ്പുകൾ,

ചിലമ്പുന്നില്ല വിനിമയ വലകൾ.

ഇളവിൻ നെടുനീളം,

അനാരവ ഉഷസ്സിൻ ദ്യുതി.

ഒരു ഉദയത്താൾ നിവർന്ന്

ആരോഹണച്ചെറുകുന്നിൽ

നെടുനില നിന്ന്.

പക്ഷിനാദങ്ങൾ വിദ്യുത് സ്വരിതങ്ങൾ

ഇലകളെയും പൂക്കളെയും ഉരുമ്മിയെത്തുന്നു.

പുതിയവ, പഴയവ,

പിടികിട്ടാത്തവ, പരിചിതങ്ങൾ.

രാവിലൊളിച്ചവ

വിരിപ്പു മാറ്റിയെത്തും മുന്നേ

പലതിൻ പടർച്ചയിലേക്ക്

ചിതറും മുന്നേ

അളവുകളെല്ലാം ആരംഭിക്കും മുന്നേ

തുലനത്തിന് പ്രജ്ഞയെ

വീതിക്കും മുന്നേ

നാവിൻ രുചികൾ

ഉദരത്തിൽ കനക്കും മുന്നേ

കനമില്ലായ്മ കവിളിലുരസുന്നു.

കുറിക്കപ്പെട്ടവയിലൂടെ നൂഴാൻ,

സമതലയിച്ഛയിൽ

കുന്നുകളെ കുടയാൻ,

ഒരവിഭാജ്യതയുടെ ഒളി കാണാൻ,

ഈ ഉഷഃകാല ഇളവ് ഇന്ധനം.


Show More expand_more
News Summary - Malayalam poem