Begin typing your search above and press return to search.
proflie-avatar
Login

ശ്രീബുദ്ധന്‍ മുസിരിസിലൂടെ നടക്കുന്നു

Malayalam poem
cancel

ശ്രീബുദ്ധന്‍ മുസിരിസിലൂടെ നടക്കാനിറങ്ങുന്നു

ആലിലകളുടെ മർമരങ്ങളില്‍നിന്നും

ശരണത്രയങ്ങള്‍ ഉരുവംകൊള്ളുന്നു.

മുസിരിസിനെ വലംവെച്ചുകൊണ്ടിരുന്ന കാറ്റില്‍

ശരണത്രയങ്ങള്‍ പൂപോല്‍ വിടരുന്നു.

ബുദ്ധം ശരണം ഗച്ഛാമി

പണ്ട് ചെറുപ്പക്കാര്‍ ഒത്തുകൂടി

രാഷ്ട്രീയവും നാട്ടുകാര്യങ്ങളും പറഞ്ഞ്

സജീവമാക്കിയിരുന്ന

ആല്‍ത്തറകള്‍ക്ക് ചുറ്റും ഭയവും ചെളിയും

തളംകെട്ടിക്കിടക്കുന്നു.

ഒരാല്‍ത്തറയില്‍ ഊട്ടുപുര തുറക്കുന്നതും കാത്ത്

രണ്ട് ഭിക്ഷാടകര്‍ തളര്‍ന്ന് മയങ്ങുന്നു.

മറ്റൊരാല്‍ത്തറയില്‍ ഒറ്റയ്ക്ക്

ചിരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ കാണുന്നു.

അമ്പലപ്പറമ്പിലെ അരയാലിന്റെ

വേരുകളായി മാറിയ

രണ്ടു ദലിതുകളുടെ തോളില്‍

കൈയിട്ടു നിന്നുകൊണ്ട്

അയാള്‍ ബുദ്ധനെ മാടിവിളിയ്ക്കുന്നു.

സംവാദത്തില്‍ തോറ്റതിനു ശിക്ഷയായി

*അരിഞ്ഞു തള്ളപ്പെട്ട

നൂറുകണക്കിനു ബുദ്ധഭിക്ഷുക്കളുടെ

നാവുകള്‍ ചിതറിക്കിടക്കുന്ന

അമ്പല പരിസരം

ഓരോ നാവില്‍നിന്നും ഇപ്പോഴും

ചോരവാര്‍ന്നു കൊണ്ടിരിക്കുന്നു.

നാവുകളില്‍ ചവിട്ടിപ്പോവാതിരിക്കാന്‍

ശ്രദ്ധാപൂർവം അടിവെച്ചടിവെച്ച്

ബുദ്ധന്‍ നീങ്ങാന്‍ ശ്രമിച്ചെങ്കിലും

നാവുകള്‍ പിടഞ്ഞു തുള്ളുന്നതു കണ്ട്

ബുദ്ധന്‍ അസ്വസ്ഥനാകുന്നു.

അസ്വസ്ഥതയുടെ പാലത്തിലൂടെ

ബുദ്ധന്‍ നടന്നു, വീഴാതിരിക്കാന്‍

ശ്രമിച്ചുകൊണ്ട്.

അടുത്തെത്തിയപ്പോഴാണ്

വിളിച്ചയാളെ തിരിച്ചറിഞ്ഞ്

അത് നജ്മല്‍ ബാബുവായിരുന്നു.

**ടിയെൻ ജോയിയായിരുന്നു.

പഴയ ബെന്നിയായിരുന്നു.

നജ്മല്‍ ബാബു ബുദ്ധനോട് ചോദിക്കുന്നു,

എന്നെ ചേരമാന്‍ പള്ളിയുടെ

ഖബര്‍സ്ഥാനില്‍ മറവുചെയ്യാതെ

കത്തിച്ചു കളഞ്ഞതെന്തിനായിരുന്നു.

ബുദ്ധന്‍ പറഞ്ഞു

നിന്റെ ചിത ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്

അതൊരിക്കലും കെടുന്നില്ല... കെടില്ല

നിന്റെ ആത്മാവ് അന്തിയുറങ്ങുന്നതാവട്ടെ

പള്ളിപ്പറമ്പിലുമാണ്

ഞാനിന്നവിടെ മീസാന്‍കല്ലുകള്‍ നാട്ടുന്നുണ്ട്

അതു കേട്ടപ്പോള്‍ അരയാലിലകള്‍

അല്ലാഹു അക്ബര്‍ എന്ന് മന്ത്രിച്ചു.

അപ്പോള്‍ ചിതറിക്കിടക്കുന്ന നാവുകള്‍

ഇങ്ക്വിലാബിന്റെ ഗീതങ്ങളാലപിക്കാനും തുടങ്ങി.

================

*ക്രിസ്തുവര്‍ഷം 6ാം നൂറ്റാണ്ടില്‍ നവ ഹൈന്ദവതയുടെ ഹിംസാത്മകത ബുദ്ധഭിക്ഷുക്കളെ സംവാദത്തിന് ക്ഷണിക്കുകയും പരാജിതരായ അവരെ നാവു മുറിച്ച് നാടുകടത്തുകയും ചെയ്‌തെന്ന ചരിത്ര പരാമര്‍ശത്തെ ഓര്‍ത്തുകൊണ്ട്

**നക്‌സലൈറ്റ് നേതാവായിരുന്ന ടിയെന്‍ ജോയ് അവസാനകാലം ഇസ്‍ലാം മതം സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ മൃതദേഹം ചേരമാന്‍ പള്ളിയില്‍ സംസ്‌കരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബന്ധുക്കൾ മൃതദേഹം വീട്ടുവളപ്പില്‍ ചിതയില്‍ വെക്കുകയാണുണ്ടായത്.

Show More expand_more
News Summary - malayalam poem