Begin typing your search above and press return to search.
proflie-avatar
Login

വസ്തുക്കളുടെ പ്രപഞ്ചം

Malayalam poem
cancel

‘‘വസ്തു - സ്വഭാവം മനുഷ്യന്റെ അവസ്ഥ എന്നിവയുമായി ഇണങ്ങിച്ചേർന്നതാണ് പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠത; എന്തെന്നാൽ മനുഷ്യാസ്തിത്വം സോപാധികമായ അസ്തിത്വമാണ്. വസ്തുക്കളില്ലാതെ അതിന്റെ നിലനിൽപ് അസാധ്യമായിരിക്കും. അല്ലെങ്കിലത് ഒരു ബന്ധവും ഇല്ലാത്ത വസ്തുക്കളുടെ കൂമ്പാരമായിരിക്കും. മനുഷ്യാസ്തിത്വ വ്യവസ്ഥകളുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിൽ അവക്ക് പ്രപഞ്ചഭാഗമായ ഒന്നായിരിക്കാൻ കഴിയില്ല.’’

ഹന്നാ ആരെന്ത് –ദ ഹ്യൂമൻ കണ്ടീഷൻ

വസ്തുക്കളെ കണ്ടത്

എങ്ങനെ എന്നറിയില്ല

വിചാരക്കൂത്തനും

വികാരയക്ഷനും

(വസ്തുക്കളെ കണ്ടത്

എങ്ങനെ എന്നറിയില്ല)

ചില രൂപത്തിൽ

ചില ഭാവത്തിൽ

വസ്തുക്കളെ കണ്ടേക്കാം

തിസീഫസ് തീ മോഷ്ടിച്ചത്

കണ്ടിട്ടില്ലെങ്കിലും

വലിയൊരു ഇരുട്ടിനെ

വസ്തുക്കളുടെ മറകൊണ്ടു

മൂടിയത് കണ്ടിട്ടുണ്ടാകില്ലേ

മറയിൽ വസ്തുക്കൾ

അവയുടെ രൂപത്തിൽ തന്നെയായിരുന്നോ

ഇന്നത്തെ രൂപത്തിലായിരുന്നോ

ആ തീയും

വസ്തുക്കൾ

വസ്തുക്കളായിരിക്കുമ്പോൾ

രൂപം മാറുന്നില്ലേ

ഒരു വസ്തു എന്താണ്

ആ വസ്തുവെ കണ്ടത് എങ്ങനെയെന്ന് പറയാൻ കഴിയുമോ

നിവർന്നിരുന്ന വസ്തു

എത്രകാലം ചുരുളായിരുന്നിരിക്കണം

ആരെങ്കിലും ആ ചുരുൾ

കണ്ടിട്ടുണ്ടാവുമോ?

ഒരു വസ്തു മറ്റൊരു വസ്തു,

പ്രപഞ്ചമാകെ വസ്തുക്കളുടെ വസ്തുതകൾ

കണ്ടുവെന്നു പറയുന്നതു വസ്തുക്കളെ

തിരിക്കുന്ന വൈരുധ്യമല്ലേ

മനുഷ്യനുണയുടെ ആദർശ വിശദീകരണം

വസ്തുക്കൾ വസ്തുക്കളെ

പുറത്തു കാട്ടാതിരിക്കുമ്പോൾ

മനുഷ്യൻ വസ്തുവല്ലെന്നറിയിക്കാനുള്ള

സ്വാഭാവിക ബലതന്ത്രം

നിശ്ശബ്ദത, നിരാശാസംഹിതകൾ

മറികടക്കാനുള്ള വിലാസലഹരി

വസ്തുവായ

ബോധത്തിലായിരിയ്ക്കില്ലേ അതെപ്പോഴും

മേശമേലിരിക്കുന്ന തെളിച്ചില്ലു പെയിന്റിങ്

പ്ലേറ്റിലെ വാട്ടർ മെലൻ

വാരിയെല്ലു തുളച്ച ഏറുകല്ല്

കളവങ്കോടത്തെ നോക്കുനിർണയക്കണ്ണാടി

കഠാര പോലെ ആഞ്ഞുനിൽക്കും വില്ലുവണ്ടി

പന്തിഭോജനത്തിലെ ഒരേ ഒരു കടവുൾ താൻ

ഉപ്പിലെ ഊന്നുവടിയും വട്ടക്കണ്ണടയും

വൈക്കത്തെ പെരിയോർത്തിര

അനുമാനവസ്തുക്കളിൽ

ഇഴഞ്ഞു കൊത്തിപ്പോയ

കാണാപ്പാമ്പിൻ കൂറില്ലാപ്പല്ല്

വസ്തുക്കളെ വസ്തുതകളായി

കാണാൻ പഠിച്ചില്ലല്ലോ എന്ന ഭൗതികപ്രതിവാദം

എങ്കിലും വസ്തുക്കൾ ഒഴുകി

പൊടിഞ്ഞു മറ്റൊന്നാകുന്നില്ലേ

മാറ്റം മാറ്റത്തിന്റെ കീഴ്ത്താടിയെ

പരിഹസിച്ച

കോമ്പല്ലിന്നഭിരുചി

സന്ധിചെയ്തുവരുന്നതിനോടുള്ള

ലളിതപ്രതിരോധം

കൊക്കക്കോളയിൽ

കട്ടൻചായ കലർന്നാലെന്ത്

എന്നായില്ലേ എവിടെയും

എവിടെയും വിരുന്ന്

എവിടെയും ചരമോത്സവം

എവിടെയും പ്രതീക നുഴഞ്ഞുകയറ്റം

പ്രതീക്ഷയുടെ തരിശുസമശൂന്യത

ഉയരാത്ത കൈകൾ

ഭീതിയുടെ ചിമ്മിനികൾ

ഇരുണ്ടു വരുന്നു ദൂരങ്ങൾ

ഇരുണ്ടു വരുന്നു ഉദാത്തമിസൈൽ സന്ദേശങ്ങൾ

ഇരുണ്ടു വരുന്നു താവഴിദേശപ്പെരുമകൾ

വസ്തുക്കൾ കുഴിച്ചു പോകുമ്പോൾ

അവ അവയെ കാണുന്നു

പരിക്ഷീണിതനായി ഇരുന്ന

ബെഞ്ചിലെ

നിഷ്ക്രിയ അടയാളംപോലെ

വസ്തുക്കൾ കണ്ടത് എങ്ങനെയെന്ന്

ഏതെങ്കിലും വിചാരത്തിനോ

വികാരത്തിനോ പറയാനാവുമോ

കസേരയിലിരുന്ന്

അന്യദേശക്കുടിപ്പാർപ്പുകളിൽ

അഭിനയം പഠിക്കുന്നവർക്കുപോലും.


Show More expand_more
News Summary - Malayalam poem