ദർബാറി ദീപിക
camera_altചിത്രീകരണം: സലിം റഹ്മാൻ
12 കല
ബൈഗ്രാമിൽ പണ്ടൊരിക്കൽ വന്നപ്പോൾ
അവിടത്തെ മഹാവൃക്ഷം
മാത്രം കണ്ടു മടങ്ങി
വിഗ്രഹാരാധകരുടെ സംഘങ്ങൾ
തീർഥാടനത്തിനെത്തുന്ന
ഗുർ ഘാട്ടിരി
അന്നു കാണാൻ കഴിഞ്ഞില്ല.
വർഷങ്ങൾക്കു ശേഷം
വീണ്ടും ഈ വഴി.
ഖൈബർ ചുരം ചുറ്റിച്ചുറ്റി.
ബൈഗ്രാമടുക്കുന്തോറും
മുണ്ഡനംചെയ്ത ശിരസ്സും
ക്ഷൗരംചെയ്ത മുഖവുമായി
മടങ്ങുന്ന തീർഥാടകരെ
കൂട്ടത്തോടെ കാണാൻ തുടങ്ങി
ചിത്രഭിത്തികളും അലങ്കാരസ്തംഭങ്ങളുമുള്ള
ഒരു ക്ഷേത്രമായിരിക്കണം അവിടം.
വാദ്യഘോഷങ്ങളും സംഗീതവും
മുഴങ്ങുന്ന അന്തരീക്ഷം.
പണ്ടേ ഇവിടെ വരേണ്ടതായിരുന്നു.
ഇതോ ക്ഷേത്രം?
ചിത്രച്ചുമരുകളും സംഗീതവുമെവിടെ?
വിളക്കു കൊളുത്തി വേണം
അകത്തു കടക്കാൻ തന്നെ.
അകത്തു കടന്ന് നിലം പറ്റിക്കിടന്ന്
ഇഴഞ്ഞു നീങ്ങുമ്പോൾ
ചുറ്റും ചുരുളു ചുരുളായി
ഇരുണ്ടു കനത്തു കിടക്കുന്നതെന്ത്?
പാമ്പിൻകൂട്ടമോ?
ഒന്നു പിൻവാങ്ങി
ശങ്കയോടെ
കൈ പരതി
തൊട്ടപ്പോൾ വഴുപ്പില്ല
കനമില്ല
കൈയതിലമർന്നുപോയി.
മുണ്ഡനംചെയ്ത മുടിച്ചുരുളുകൾ
കൂടിക്കിടക്കുന്നതാണ്.
മടങ്ങുമ്പോൾ മാനത്ത്
അമ്പിളിക്കല
മുടിയഴിച്ചിടുന്ന മാനത്താണ്
കല
ഹിന്ദുസ്ഥാനത്തുകാർ ആരാധിക്കുന്ന
ദൈവത്തിന്റെ
അഴിച്ചിട്ട ജടയിൽ കല.
ബൈഗ്രാമിലെ മഹാവൃക്ഷത്തിൽ
കല.
മുണ്ഡനംചെയ്തു കൂട്ടിയിട്ട
മുടിച്ചുരുളിലല്ല.
ക്ഷേത്രം അവിടെത്തന്നെ നിൽക്കട്ടെ
ആളുകൾ അവിടെ വന്ന്
മുടി മുറിച്ചുകൊള്ളട്ടെ.
മുമ്പിവിടം കണ്ടില്ലല്ലോ എന്ന സങ്കടം
ബാബർക്കു മാറി.
തെളിഞ്ഞു,
അമൃതകല.
