Begin typing your search above and press return to search.
proflie-avatar
Login

ദർബാറി ദീപിക

കവിതാ പരമ്പര -8

ദർബാറി ദീപിക
cancel

11 ആജ്ഞ

കാബൂളിൽ ബാബറുടെ കോട്ടയിലെത്തിയപ്പോൾ

മാലിക് അഹമ്മദ് ഖാന് മനസ്സിലായി

എന്തിനാണ് ബാബർ തന്നെ

ഇങ്ങോട്ടു ക്ഷണിച്ചതെന്ന്

പടയാളികളെ കൂട്ടിയല്ല,

യൂസഫ്സായ് ഗോത്രത്തിലെ

അറിയപ്പെടുന്ന നാലു ഗായകരെ

കൂടെക്കൂട്ടിയാണ്

ഗോത്രമുഖ്യൻ മാലിക് അഹമ്മദ്

ബാബറുടെ ക്ഷണം സ്വീകരിച്ചെത്തിയത്

ഗോത്രസംഗീതം ദർബാറിൽ

അലയടിക്കട്ടെ

പക്ഷേ

തടവുകാരെപ്പോലെ

കോട്ടയിലെ ഉൾമുറിയിൽ

അടച്ചിട്ടതെന്തിന്?

പിറ്റേന്നു രാവിലെ

രാജസഭയിലേക്ക്

തടവുകാരെപ്പോലെ

ആ സംഘം ആനയിക്കപ്പെട്ടു

സിംഹാസനത്തിലിരുന്ന്

ബാബർ

അമ്പിൻമുന പരിശോധിക്കുന്നു

അരികെ

ചാരിവെച്ച പെരുംവില്ല്.

‘‘പാദുഷാ ബാബർ വിജയിക്കട്ടെ!

എന്നെ ദർബാറിലേക്കു ക്ഷണിച്ചപ്പോൾ

തനിച്ചു വരേണ്ടെന്നു കരുതി

ഞങ്ങളുടെ ഗോത്രത്തിന്റെ

മധുരസംഗീതം

തൊണ്ടയിൽ നിധിപോലെ സൂക്ഷിക്കുന്ന

ഈ നാലു ഗായകരെയുംകൊണ്ടാണ്

ഞാൻ വന്നിരിക്കുന്നത്.

താങ്കൾക്കാവശ്യം

നാണയത്തുട്ടുകൾ നിറഞ്ഞ

നിധികുംഭമായിരിക്കാം.

യൂസഫ്സായ് ഗോത്രത്തിന്റെ

ശിരസ്സുമായിരിക്കാം.

ദിലാസക് ഗോത്രക്കാർ

പറഞ്ഞ കഥകൾ കേട്ട്

പാദുഷക്ക് ഇതാ ഈ നിമിഷം

ഞങ്ങളുടെ തൊണ്ട മുറിച്ചിടാം

ഞങ്ങളുടെ സംഗീതം

ബാബറുടെ ദർബാറിൽ

ഒരിക്കലും പാടപ്പെടാതെ പോയാൽ

ഞങ്ങൾക്കെന്ത്?

ഞാനെന്റെ പഷ്തോ നാവിലല്ല

താങ്കൾ കവിതകളെഴുതുന്ന

പേർഷ്യൻ നാവിൽതന്നെ പറഞ്ഞുകൊള്ളട്ടെ,

അമ്പു തൊടുക്കൂ പാദുഷ,

യൂസഫ്സായ് സംഗീതത്തിന്റെ

തൊണ്ടക്കുഴിയിലേക്ക്’’

‘‘ഹേ, മാലിക് അഹമ്മദ്,

താങ്കൾ സംസാരിച്ചു തുടങ്ങുമ്പോൾതന്നെ

അമ്പുകൊണ്ടു

മറുപടി തരണമെന്നു ഞാൻ

കാത്തിരുന്നു.

ഈ കൂരമ്പുകൊണ്ടല്ല

ഇതിനേക്കാൾ നേർത്ത

തന്ത്രികൾകൊണ്ടാവട്ടെ

ഇനി താങ്കൾക്കുള്ള മറുപടി

ഗെയ്ഛാക്ക് വീണയും ഔദും ഒരുക്കൂ

വേഗം! ഓടക്കുഴലും വേണം’’

ഗെയ്ഛാക് തന്ത്രിയിൽ

ആദ്യ മീട്ടൽ പതിയേ

ബാബർ സിംഹാസനത്തിൽനിന്നിറങ്ങി

മാലിക് അഹമ്മദിനു നേരെ

കൈ നീട്ടി.

ദർബാർ വിരലുകൾ

ഗെയ്ഛാക് തന്ത്രികളെ

വായുവിലേക്കു പടർത്തുന്നതിനിടയിലൂടെ

ആ കൈ പിടിച്ച്

തന്റെ മധുശാലയിലേക്കു നീങ്ങി.

ചഷകം നിറച്ച്

ഒരു കവിൾ കുടിച്ച്

അഹമ്മദിനു നീട്ടി

മധുശാലക്കു പുറത്തുനിന്ന

തന്റെ ഗായകരിലൊരാളെ

അഹമ്മദ് കൈകാട്ടി വിളിച്ചു.

പാടാനൊരുങ്ങിയ ഗായകനെ നോക്കി

ബാബർ പറഞ്ഞു:

‘‘സമയമായില്ല താങ്കളുടെ

ആലാപനത്തിന്.

തറക്കാത്തൊരമ്പുണ്ട്

താങ്കളുടെ തൊണ്ടയിൽ.

ഇപ്പോൾ പാടിയാൽ

അതു വിറക്കും, സ്വരം പിളരും

വിശ്രമിക്കൂ’’

ഓടക്കുഴൽ നാദം മിടിച്ചു തുടങ്ങിയതും

ബാബർ

പതിയെ ചുവടു​െവച്ചു.

അതൊരു നൃത്തമായി മാറുന്നതിനു

തൊട്ടുമുമ്പ്

നർത്തകൻ പറഞ്ഞു:

‘‘മാലിക് അഹമ്മദ്,

എന്റെയീ ചുവടുകൾ

താങ്കളുടെ വാക്കുകൾക്ക്.

താങ്കളുടെ മനോഹര ഭാഷ

എന്നോട് ആജ്ഞാപിക്കുന്നു

ഞാനിതാ നൃത്തമാടുന്നു’’

നൃത്തമാടിക്കൊണ്ട്

പാദുഷാ

ഗോത്രമുഖ്യനു നേർക്കു കൈ നീട്ടി

‘‘താങ്കളുടെ നർത്തകനാണു ഞാൻ

എനിക്കുള്ളതു തരൂ’’

ഗോത്രമുഖ്യൻ നോക്കിനിൽക്കേ

പഷ്തൂൺ മലകളിൽനിന്ന്

ഒരു സ്വർണസ്വരനാണയം

ഉരുണ്ടുരുണ്ടു വന്ന്

നീട്ടിയ കൈയിൽ വീഴുന്നു,

ആ മായികപ്രഭയിൽ.

(തുടരും)

Show More expand_more
News Summary - malayalam poem