Begin typing your search above and press return to search.
proflie-avatar
Login

ഉള്ളാളത്തിലെ ആട്

ഉള്ളാളത്തിലെ ആട്
cancel

ഉമ്മുക്കുല്‍സു എല്ലാ ദിനവും

ഉമ്മയെ ഉണര്‍ത്താതെ

സുബ്ഹിക്ക് മുമ്പേയുണരും

ഇരുട്ടിന്റെ

കാങ്കിപ്പുടവയൊതുക്കി

പ്രഭാതമപ്പോള്‍

അവള്‍ക്കൊപ്പം

വെളിച്ചത്തിലേക്ക്

പായ മടക്കിവയ്ക്കും

കാക്കക്കൂട്ടങ്ങളെല്ലാം

പുലരിവെട്ടം കണ്ട്

ചില്ലകളിലൊച്ചകൂട്ടി

മരങ്ങളില്‍നിന്ന് മരങ്ങളിലേക്ക്

പ്രഭാത കസര്‍ത്ത് നടത്തും

രാത്രി വേർപെട്ട സ്വാസ്ഥ്യത്തില്‍

ഒച്ച കാറിപ്പറക്കും

ഉദയസൂര്യനെപ്പോലെ

ഉണരാന്‍വെമ്പുമെങ്കിലും

പ്രമേഹത്തിന്റെ അസ്‌ക്യതയില്‍

ക്ഷീണക്കണ്ണ് തുറന്ന്

ഉമ്മയുടെ നെഞ്ചില്‍നിന്നുയരുന്ന

നിശ്വാസത്തിന്റെ ചൂട്

മുറ്റമടിക്കുന്ന കുറ്റിച്ചൂലിന്റെ

കിരുകിരാക്കൂറ്റൊപ്പം

വ്യക്തമായിട്ടവള്‍ കേള്‍ക്കും

‘‘യാ... അല്ലാഹ്...’’

1തഹജ്ജുദും സുബ്ഹിയും കഴിഞ്ഞ്

ഉപ്പ കടലിലേക്ക് പോകുമ്പോള്‍

ളുഹ്‌റും അസറും മഗ്‌രിബുമായവള്‍

പെരിയോനു മുന്നില്‍

ഉപ്പയുടെ നിസ്‌കാരക്കടം പോക്കും

സങ്കടമെരിയുന്നോരടുപ്പില്‍

മനം ശാന്തതയുടെ 2ഖിറാഅത്ത് ചൊല്ലും

രാത്രിയില്‍ ഇശായും

ചെറ്റപ്പുരയിലൊളിഞ്ഞെത്തും

റമദാനിലെ ചന്ദ്രിക വെട്ടത്തില്‍

അവളുപ്പയ്‌ക്കൊപ്പം

ഖിയാമുല്ലൈല്‍

നിസ്‌കാരവും ചെയ്യും

സത്യപ്പൊരുളായ

റബ്ബിനെ വിളിക്കുമ്പോള്‍

കടലവളില്‍ കനിവിന്റെ

പിതൃസ്‌നേഹം കൊരുക്കും

വെയിലുണരാത്ത

കര്‍ക്കിടകനാളില്‍

പടന്നക്കടപ്പുറത്തെ

കടലിന്റെ നാവ്

ഉപ്പയെ മോഹിക്കുവോളം

കടലവള്‍ക്ക്

ദുനിയാവില്‍

3റൂഹിനെപ്പോറ്റുന്ന

പടച്ചോനായിരുന്നു

ഉപ്പുകാറ്റിന്റെ മണമുള്ള കടല്‍

സ്‌നേഹപ്പാട്ടരങ്ങിന്‍ തീരത്ത്

അവളുടെ പിറകേ നടക്കും

നിലാവെട്ടമൊഴിഞ്ഞന്നൊരു വെളുപ്പിന്

കര്‍ക്കിടകക്കാറില്‍

വള്ളം തകര്‍ത്ത്

കാറ്റടിച്ച് കടല്‍ക്കലിപ്പ്

ഉപ്പയെ പൊതിഞ്ഞപ്പോള്‍

ശവംപൊന്തിയ തീരത്ത്

രാത്രിപ്പേടിയില്‍

കടലവളില്‍

4മലക്കുല്‍ മൗത്ത് അസ്‌റാഈലിന്റെ

ക്രൗര്യരൂപം വരച്ചു

മരണത്തിന്റെ വരണ്ട കാറ്റില്‍

കടല്‍ കാറിച്ചുമച്ചു

ആളൊഴിഞ്ഞ ചെറ്റപ്പുരമുറ്റത്ത്

മനമിടിഞ്ഞവള്‍

യാസീന്‍സൂറയോതി

5‘‘യാസീന്‍... വല്‍ ഖുര്‍ ആനില്‍ ഹഖീം

ഇന്നക...ലമിനല്‍ മുര്‍സലീന്‍’’

തകര്‍ന്ന തോണിക്കുള്ളില്‍

മുറിഞ്ഞൊരേട്ടക്കണ്ണ് തിളങ്ങി

* * *

6കണ്ണോക്കും

പന്ത്രണ്ടും കഴിഞ്ഞ്

ഉപ്പയോർമയില്‍നിന്ന്

കണ്ണീരൊലിപ്പിച്ചിറങ്ങവെ

മതിലുകെട്ടാത്ത

സ്‌കൂള്‍ വളപ്പില്‍

മേയാന്‍വിട്ട

ആട്ടിന്‍കുട്ടികളുമായി

പുരയിലേക്ക് മടങ്ങവേ

ഏഴിലം പാലച്ചുവട്ടില്‍

നിന്നൊരു കൊറ്റനാട്ടിന്‍കൂറ്റ്

അവളെ തൊട്ടു

ഊസാന്താടി വളര്‍ന്നൊരാട്

ഊദിന്റെ ഗന്ധംപരത്തി

ദീനിയെപ്പോലെ കരുണയാല്‍

മോദമോടവളെയൊന്നുനോക്കി

7ഉള്ളാളത്തിലെ മൂസക്കുട്ടന്‍...

കീഴ്ത്താടിയില്‍

തൂങ്ങിയാടുന്ന രോമം

നീണ്ട ചെവിക്കൊപ്പം

കഴുത്തില്‍ തൂങ്ങിയാടുന്ന

തുണിസഞ്ചി...

ആടു നീങ്ങുമ്പോള്‍

ദണ്ണം നീങ്ങാത്തോര്‍

നേര്‍ച്ചയായിട്ട

നാണയത്തുട്ടുകളതില്‍

സഞ്ചാരത്തിന്റെ

ദേശക്കഥകളോതും

കൗതുകം പൂണ്ട

കുട്ടിക്കുരുന്നുകള്‍

ആടിന്‍പുറംതട്ടിമിനുക്കും

അവളതിന് ചക്കിലാട്ടിയെടുത്ത

ചൂടാറാത്ത പിണ്ണാക്ക് നല്‍കി

പുഞ്ചിരി ചാലിച്ച്

നെറ്റിയിലൊന്ന് തലോടി

കുഞ്ഞാടുകളെ തെളിച്ച്

പുരയിലേക്കവള്‍ നടക്കുമ്പോള്‍

കപടഭാവമറിയാത്തൊരാട്

അവള്‍ക്ക് പിമ്പേ ഗമിച്ചു

ഉമ്മയതിന്

പാല്‍ക്കഞ്ഞി പകര്‍ന്നു

ശയനത്തിന്

കുഞ്ഞാടുകള്‍ക്കൊപ്പം

തുണിവിരിച്ചു കൊടുത്തു

തീവണ്ടിയേറി

നാട്ടുസഞ്ചാരത്തിനിറങ്ങിയൊരാട്

സ്‌നേഹപ്പുരയില്‍

വല്യുപ്പക്കരുതല്‍കാട്ടി

രാത്രിയിലിശലിന്റെ

വർണക്കെസ്സുകള്‍ പാടി

പെമ്പിറന്നോരവരുടെ ഹൃത്തില്‍

ദഫിന്‍ താളമുണര്‍ന്നു നിശ്ശബ്ദം

* * *

സുബ്ഹിയില്‍

പ്രഭാതം മുഖം കഴുകുമ്പോള്‍

ആട് വെളിച്ചത്തിലേക്ക്

ശബ്ദംകൂട്ടും

നിസ്‌കാരപ്പായയിലെന്നപോല്‍

മുന്‍കാലുകള്‍ മടക്കിയവനമരും

കാഞ്ഞങ്ങാട്ടെ

വലിയ മഖാമില്‍നിന്നും

ഒഴുകിയിറങ്ങിയ

ബാങ്ക്‌വിളിയന്ന്

ആടിന്‍ കണ്ണില്‍

നിസ്‌കാരത്തിന്‍

നിലാവൊളിയേകി

ദുഃഖസ്വപ്നങ്ങളെ

മുറ്റത്തുനിന്നുമിറക്കാന്‍

ചൂലുമായി

ഉമ്മുക്കുല്‍സു വരുമ്പോള്‍

ആട് കൂടിന്റെ

വാതിലില്‍ മുട്ടും

കുഞ്ഞാടുകള്‍ക്കു മുമ്പേയിറങ്ങി

തൂത്ത മുറ്റത്തവന്‍

വല്യുപ്പാപ്പയെപ്പോലെയിരിക്കും

ചെടിത്തലപ്പുകളെയവന്‍

കടിച്ചെടുത്തില്ല

കൊഴിഞ്ഞയിലകള്‍ മാത്രം

അവന് ഭക്ഷണമായി

നിറയെ ശ്രുതി നിറച്ച്

കൊണ്ടോട്ടിയില്‍ നിന്നോടിവന്നൊരു

കെസ്സു പാട്ടിന്‍ കുട്ടിസഞ്ചിയിലുതിരും

മോയിന്‍ക്കുട്ടി കാവ്യംപോലെയവന്‍

പാട്ടുനിറച്ചൊരു

നിക്കാഹിന്‍ നിശപോല്‍

നാട്ടുകഥകളില്‍ പൊലിച്ചു

ഊടുവഴികളിറങ്ങിവന്നവന്

സ്‌നേഹ പൂവന്‍പഴങ്ങള്‍

പകര്‍ന്നു

കടല്‍ മുറിച്ചു വിട്ടൊരാ

പുരമെയ്യില്‍,

രണ്ടു പെണ്‍മനങ്ങളില്‍

റൂഹിന്റെ പ്രതീക്ഷയായി

ഉള്ളാളത്തില്‍ നിന്നിറങ്ങിയൊരാട്

പ്രജ്ഞയിലവരില്‍

അല്ലാഹുവിന്റെ

റഹ്‌മത്ത് ചൊല്ലി

* * *

മഴമുറിയാത്തൊരു

കര്‍ക്കിടകരാവില്‍

സുബ്ഹി കേട്ടുണരുമ്പോള്‍

അകലത്തിലിരുന്നൊരു

റൂഹാന്‍ കിളി

ശോകം നീട്ടിവിളിച്ചത് കേട്ടവള്‍

അസ്‌ക്യതപ്പായയിലുമ്മ

റബ്ബിന്‍ സ്തുതികളോതുന്നു ദീനം

കൂട്ടിലസ്വസ്ഥനായാട്

ചിനപ്പില്‍ ദുഃഖം കുടഞ്ഞു.

കൂളിയാക്കരിങ്കാലിയിരുട്ടില്‍

വട്ടംകെട്ടാക്കിണറില്‍നിന്നും

ജലം ഊക്കില്‍ കോരിയെടുക്കെ

കയര്‍ കൊരുത്ത മരം പൊട്ടിയവള്‍

നിലയില്ലാതാഴത്തില്‍ പതിച്ചു

ഇരുട്ടിലൊറ്റയായതില്‍

പ്രാണന്‍ ഒട്ടു കുതറാതെയൊടുങ്ങി

തെങ്ങിന്നോലയിരുന്നാ 8റൂഹാന്‍കിളി

ശോകം വീണ്ടും ഭീതിദമായി വിളിച്ചു.

കിണറില്‍നിന്നും

മയ്യിത്തെടുക്കുമ്പോള്‍

ഭ്രാന്ത് പിടിച്ചുമ്മ

ആട്ടിന്‍കൂട് തുറന്ന്

‘‘പോ...പോ... ദൂരെ പോ’’യെന്നുറഞ്ഞു

ശവത്തില്‍ 9കഫന്‍ പുടവയിടുമ്പോള്‍

ഉമ്മ ഭ്രാന്ത് മൂത്തു മൂത്ത്

ആട്ടിന്‍ക്കൂട്ടിലെ

തുണിയൊപ്പം കീറി

‘‘പോ...പോ...ദൂരെ പോ ആടേ...’’

മയ്യിത്ത് നിസ്‌കാരത്തിനൊടുവില്‍

കറുകറുത്ത നട്ടുച്ചനേരം

പള്ളിപ്പറമ്പിലേക്കുള്ള റോഡിലന്ന്

ഊസാന്താടി വളര്‍ന്നൊരാട്

10 ദിഖ്‌റ് ചൊല്ലിയലഞ്ഞു

ഉള്ളാളത്തിലേക്കുള്ള

തിരികെ യാത്രയില്‍

തീവണ്ടിയാപ്പീസിലെത്തവെ

സ്റ്റേഷനില്‍നിന്നിറങ്ങിപ്പോമൊരു

ചരക്കുവണ്ടിക്കു മുന്നില്‍

നാലഞ്ച് വട്ടം കറങ്ങിയാട്

കാറ്റിന്റെ പാട്ടും കേട്ട്

ഉടലും തലയും മുറിഞ്ഞ്

പാളത്തില്‍ രണ്ടായ് പിളര്‍ന്നു

അപസ്വരങ്ങളുയര്‍ന്ന

മുന്‍ചക്രങ്ങളില്‍നിന്ന്

ആത്മഹത്യചെയ്‌തൊരാടിന്റെ റൂഹ്

മുറിഞ്ഞദേഹപ്പിടച്ചില്‍ നോക്കി

ഭീതിദനായിക്കരഞ്ഞു

മുറിഞ്ഞൊരാട്ടിന്‍ കണ്ണ്

പാളത്തില്‍ നോട്ടം തറച്ച്

മറ്റൊരു തീവണ്ടിച്ചൂളംപോലെ

ഉമ്മയുടെ ചെവിയില്‍ ചിനച്ചു

പരലോകത്തെ മലക്കുകള്‍ക്കൊപ്പം

മഴയില്‍ കുതിര്‍ന്നാ റൂഹാന്‍കിളിയും

ഏറെ വിഷാദം നീട്ടിവിളിച്ച്

ശോകമുതിര്‍ത്തുയിടവഴി മുകളില്‍.

======================

കുറിപ്പുകള്‍

1. സുബ്ഹിക്ക് മുമ്പേയുള്ള നിസ്‌കാരം

2. ഖുർആന്‍ പാരായണം

3. ജീവന്‍

4. മരണത്തിന്റെ മാലാഖ

5. തത്ത്വ സമ്പൂർണമായ ഖുർആന്‍തന്നെയാണ് സത്യം.

നീ ദൈവദൂതന്‍മാരില്‍ പെട്ടവന്‍തന്നെയാകുന്നു

6. മരണാനന്തര ചടങ്ങ്

7. ഉള്ളാള്‍ ദര്‍ഗയിലേക്ക് നേര്‍ച്ചയിട്ട ആട്. ദേശസഞ്ചാരം കഴിഞ്ഞ് ആട് ഉറൂസ് സമയം ദര്‍ഗയിലേക്ക് എത്തും എന്ന് വിശ്വാസം. രാത്രി തങ്ങുന്നയിടത്തെ വീട്ടുകാര്‍ ജാതിമത ഭേദമെന്യേ അതിനു വേണ്ട ഭക്ഷണം നല്‍കുമായിരുന്നു.

8. കാലന്‍കോഴി

9. മയ്യിത്തിനെ പൊതിയുന്ന തുണി

10. ശവമഞ്ചത്തെ അനുഗമിക്കുന്നവര്‍ ചൊല്ലുന്ന പ്രാർഥന

Show More expand_more
News Summary - Malayalam poem