അതിർത്തിയിലെ കുട്ടികൾ

‘‘ഈ മണ്ണിൽ ഓരോ കണ്ണീരും
പുതിയ വിത്താകുന്നു
ഫലസ്തീനിന്റെ രക്തം
ഒരു പുതുയാത്രയുടെ
ചുവപ്പിൽ വിരിയുന്ന പുഷ്പം’’
(ഫദ്വാ തൂഖാൻ- ഫലസ്തീൻ കവി
ഇനി ഒരിക്കലും
ഒലിവു മലക്കു മുകളിൽ
അവൻ പ്രത്യക്ഷനാവില്ല
ആയാൽ തന്നെ
കണ്ണീരിന്റെയും മരണത്തിന്റെയും
താഴ്വരയിൽനിന്ന്
അവരെല്ലാം
ആമകളെ പോലെ
കടലിലേക്ക്
പലായനംചെയ്തുകാണും.
അവശേഷിച്ചവർ,
അവസാന തിരിയും
കൊളുത്തി
മാളങ്ങളിൽ പോയി
രാപ്പാർക്കും.
കൊല്ലാനുള്ള
നിമിഷം വരുമ്പോൾ
അവർ
തോക്കും തിരയുമെടുത്ത്
ആകാശത്ത് നിന്ന്
‘തീ മഴ’ പെയ്യിക്കും
അതിനിടയിലെങ്ങാനും
വിശന്നു പോയാൽ
‘യജമാനൻ’
തിന്നു തുപ്പിയ
വത്തക്കാകുരുവിന്റെ
നീര്
കുറച്ച് മാറ്റിവെക്കും
‘‘എന്നെ മുറിച്ചാലും നിറങ്ങൾ മായില്ല’’
എന്ന ഒരു ചുവപ്പൻ ചിരി സമ്മാനിക്കും.
വല്ലപ്പോഴും പെയ്യുന്ന
മഴച്ചാലുകളിൽനിന്ന്
പറിച്ചെടുത്ത
പച്ചനിറമുള്ള ഗോതമ്പ്
കതിരുകൾ ചുട്ടെടുക്കും
അവസാനം
എന്നെങ്കിലുമൊരിക്കൽ
ചുവപ്പും പച്ചയും വെളുപ്പും കറുപ്പും
അടയാളങ്ങളുള്ള
പ്രതിരോധത്തിന്റെ കൊടിയുമേന്തി
കത്തിയമർന്ന
മനുഷ്യകോലങ്ങൾക്കിടയിലിരുന്ന്
സ്വാതന്ത്ര്യത്തിന്റെ
കൊടി കൈയിലേന്തും.
