Begin typing your search above and press return to search.
വളയങ്ങൾ
Posted On date_range 5 Jan 2026 9:15 AM IST
Updated On date_range 5 Jan 2026 9:15 AM IST

ശനിയുടെ ഏഴാം
വളയത്തിലെത്തിയപ്പോൾ
എന്റെ പേടകം
പാടെ നിലച്ചുപോയ്.
പുറകേ
രേഖമാഞ്ഞു
സംജ്ഞ മുറിഞ്ഞു.
ചുറ്റുമെമ്പാടും തരിമിനുക്കങ്ങൾ
തണുത്ത മൗനം.
നിലയത്തിലേക്കയച്ച
അവസാന സന്ദേശം
താരാവശിഷ്ടങ്ങളിൽ
വീണടിഞ്ഞു.
അക്കവും ചിത്രവും
വിണ്ടുപൊട്ടി
അതീതത്തിൽ സൂചിവീഴുന്നതിൻ
നേർത്ത ശബ്ദം.
മറുഗോളത്തിലിപ്പോൾ
മഞ്ഞുവീഴും നിശാന്തം.
മനനത്തിന്റെ ഏഴാം കാലത്തിൽ
ഞെട്ടിയുണർന്നു പരജീവിയൊരാൾ.
പ്രേരണയാലയാൾ
പുറപ്പെടുന്നൂ വിദൂരത്തിൽ,
ഇന്ധനവുമായ്
മനോവേഗത്തിൽ.
സാവധാനം ഞാനടുക്കുന്നൂ
അടുത്ത വളയത്തിലേക്കും.
