Begin typing your search above and press return to search.
റെസ്ക്യു
Posted On date_range 5 Jan 2026 8:30 AM IST
Updated On date_range 5 Jan 2026 8:30 AM IST

ഭയന്നു വിറച്ച കണ്ണുകൾ
ആഴമേറിയ കുളം
ഓളം തട്ടി നനഞ്ഞ
കരയിൽനിന്നിറങ്ങാനൊരുക്കം
മുട്ടറ്റമരയറ്റമ്മുടിയറ്റം മുങ്ങി
വെളിവില്ലാക്കയത്തിനും താഴെ
തണുപ്പിൽ
പെരും മൺവായ തുറന്ന്
തള്ളിയിറങ്ങുമുറവ
കാണ്ടാമരച്ചെളിയിലൂടെ
ഇഴഞ്ഞിഴഞ്ഞതിൻ മറുപുറത്തുള്ള
ചതുപ്പിൽ
മുളങ്കറുക വകഞ്ഞുപൊങ്ങീ
തലവെട്ടം
ആളുകേറാമലയടിവാരം
കരിയിലച്ചാലുകൾ
അത്തിപ്പൂമണം
ചില്ലചോന്ന കമ്പകത്തലപ്പിലൂന്നിപ്പോകുമ്പോൾ
കൊളുത്തിപ്പിടിക്കും
തൊടലിപ്പടർപ്പിനു പിന്നിൽ
പൊരികണ്ണിപിടിച്ച മരക്കൊമ്പിൽ
നിന്നിറ്റുവീഴും തേൻ
ചോട്ടിൽ, ഈച്ചകളെപ്പുതച്ച്
പാതിയുടൽ
കയർ
തേൻകുടം
പായൽമൂടി വഴുക്കും
പാറവിടവിലൂടുരഞ്ഞുകേറി
നോക്കുമ്പോൾ
ഭയന്നു വിറച്ച
കണ്ണുകൾ
അയാളുടെ.
