റൂഡോൾഫും മകനും ഞാനും

ക്രിസ്മസ് കാലമാകുമ്പോൾ
മകനും ഞാനും
*റുഡോൾഫ് ദ റെഡ് നോസ്ഡ് റെയിൻഡിയറിന്റെ
പാട്ടു പഠിക്കാൻ ശ്രമിക്കും
എത്ര ശ്രമിച്ചാലും
കൃത്യമായി ചില വരികൾ മാത്രം
ഞങ്ങൾക്ക് രണ്ടുപേർക്കും വഴങ്ങാതിരിക്കും
അടുത്തതവണ, അടുത്തതവണ ശരിയാക്കാമെന്ന്
ക്രിസ്മസ് കഴിയുമ്പോഴും ഞങ്ങൾ തീരുമാനിക്കും
എനിക്ക് പഠിക്കാൻ പറ്റാഞ്ഞിട്ടല്ലെന്ന് അവനറിയാം
അവന് പറ്റാഞ്ഞിട്ടല്ലെന്നെനിക്കും.
ഞങ്ങൾ നക്ഷത്രവിളക്കു തൂക്കും
വാതിലിൽ റീത്ത് പിടിപ്പിക്കും
മുമ്പ് വാങ്ങിയ ക്രിസ്മസ് ട്രീ
അവിടെത്തന്നെയില്ലേയെന്നുറപ്പുവരുത്തും
പുത്തൻപള്ളിക്കടുത്ത് രാത്രികളിൽ പോയി
ക്രിസ്മസ് വരാറായെന്ന് മനം കുളിരെ കാണും.
സാന്റ വരുമോ എന്ന ആശങ്ക പങ്കുവെക്കും
ഇത്തവണ തിരക്കാണെന്നോ വരില്ലെന്നോ പറഞ്ഞാൽ
അവൻ മുഖം കൂർപ്പിച്ച് കണ്ണു ചുളിച്ചെന്നെ നോക്കും
ഇനിയുള്ള ദിവസങ്ങളിൽ
നല്ല കുട്ടിയായിരിക്കുമോ എന്ന്
ഇരുപതു വർഷം മുമ്പ് ചോദിച്ചപോലെ
ഞാൻ ചോദിക്കും
എന്നാൽ സാന്റ വരുമോ
എന്നവൻ അതിലും കുട്ടിയാവും.
ഒടുവിൽ ക്രിസ്മസ് തലേന്നു രാത്രി
അവൻ ഉറങ്ങിയെന്ന് ഉറപ്പുവരുമ്പോൾ
ഞാൻ ചട്ടം കെട്ടിയ സാന്റ വരും
അവനെ അത്ഭുതപ്പെടുത്തുന്ന ഒരു സമ്മാനം
മുമ്പത്തെപ്പോലെ ക്രിസ്മസ് മരത്തിനടിയിൽ
കൊണ്ടിട്ട് പൂച്ചക്കുട്ടിയെപ്പോലെ മടങ്ങും
എന്നെ കാണാതെ മറച്ചുപിടിച്ച സമ്മാനം
ഞാൻ അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന നേരത്ത്
അവന്റെ സാന്റയും കൊണ്ടുവന്നിടും
പൊതി തുറന്ന് ഞങ്ങൾ അമ്പരക്കും
സാന്റ എപ്പോഴാണാവോ വന്നതെന്ന് ആശ്ചര്യപ്പെടും
ചിലപ്പോൾ അന്നു രാത്രി കൂടി
റെയിൻഡിയറിന്റെ പാട്ട് ഞങ്ങൾ ഒരുമിച്ച് പാടുകയും
ഒരേ വരിയിൽ തടഞ്ഞുനിൽക്കുകയും
പൊട്ടിച്ചിരിക്കുകയും
ഒരിക്കലും പഠിക്കില്ലെന്ന് പരസ്പരം
പഴിചാരുകയും ചെയ്യും
സാന്റയും ക്രിസ്മസും അവനും
ഉള്ളടത്തോളം ഞാൻ ആ പാട്ട്
പഠിക്കുന്നില്ലെന്ന് തീരുമാനിച്ചത് അവൻ അറിഞ്ഞിട്ടില്ല
അവനുമതേ തീരുമാനം എടുത്തത് ഞാനും.
ഒരിക്കൽ ഒരു ക്രിസ്മസ് കാലത്ത്
ഞാൻ അവനരികിലില്ലായിരുന്നു
ഞങ്ങൾ ഒന്നിച്ചുവെച്ച ക്രിസ്മസ് മരത്തിന് താഴെ
ഒറ്റക്കിരുന്ന് അവൻ കരഞ്ഞു
എന്ന സന്ദേശം കിട്ടിയപ്പോൾ
ഞാനും കരഞ്ഞു
ആ വർഷം സാന്റ വന്നില്ല
ഇനി വരുംകാലങ്ങളിൽ എപ്പോഴെങ്കിലും
അവൻ ദൂരെയെവിടെയെങ്കിലുമാവുമ്പോൾ
അവനുണ്ടായിരുന്നപ്പോഴത്തെപ്പോലെ
ഞാൻ ക്രിസ്മസ് മരം വെക്കും
ഞാൻ തന്നെ എനിക്ക് വാങ്ങിയ സമ്മാനം
സാന്റ കൊണ്ടുവന്നതെന്ന്
വിശ്വസിക്കും
മരത്തിന് താഴെ ഞാൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞെന്ന
സന്ദേശമവനയക്കാതെ
റെയിൻഡിയർ പാട്ടുപാടും
രണ്ടുവരികൾ സത്യമായും മറക്കും.
==============
* പ്രശസ്തമായ ക്രിസ്‌മസ് ഗാനം
