യാത്ര തുടരും

പാതവക്കിൽ പൂക്കും ചില്ലയോർമിപ്പിച്ചു–
പാത തന്നന്ത്യമായ്, പാന്ഥാ നിൽക്കൂ...
ഒരു പൂവു ശിരസ്സിലർപ്പിക്കുന്നു പൂമരം
‘‘മതി മതി യാത്ര, നിൻ വഴിയടഞ്ഞു...’’
സമയത്തിൻ ചിറകൊച്ച കേൾക്കാതെ ഞാനെന്റെ
വിരഹദുഃഖങ്ങളിലാഴ്ന്നുപോയോ...
മറവിരോഗത്തിലല്ലെന്നിട്ടും ഞാനെന്റെ
വഴിയളക്കാതെ നടന്നതെന്തേ..?
ഗതവൈഭവത്തിന്റെ തിരകളിൽപെട്ടു ഞാൻ
കരയേതെന്നറിയാഞ്ഞതെന്തുകൊണ്ട്...
എത്രയോ പാതകൾ, എത്രയോ യാത്രകൾ
എല്ലാ വഴികളും തെളിയുന്നുള്ളിൽ
ദുഃഖം കുടിച്ചും ചിരി തുപ്പിയും വാഴ്വിൻ
സത്യമറിഞ്ഞു നിറഞ്ഞവൻ ഞാൻ.
എന്നെ വിളിച്ചു മോഹിപ്പിച്ച പാതകൾ
എന്നെ ചുമക്കാൻ മടിക്കാത്ത വീഥികൾ
എല്ലാം തെളിയുന്നിതുള്ളിൽ വെളിച്ചവും
പൊള്ളുന്ന ചൂടും തണുപ്പുമൊപ്പം.
ഒന്നുകിൽ നിൽക്കുകീ പാത തന്നന്ത്യത്തിൽ
ഇല്ലെങ്കിൽ പിന്തിരിഞ്ഞീടുക നീ!
ഇവിടെയീ തണലിരുന്നിടാം, തോൽവി തൻ
അടിമയായ് സർവം മറന്നിരിക്കാം.
അസ്തമയത്തിലും വർണങ്ങൾ തീർക്കുന്നോ–
രർക്കന്റെ ചിത്രങ്ങൾ ചൊല്ലിയേവം.
‘‘ഒരു പാതയും തീരുന്നില്ല, സഞ്ചാരവും
തുടരുന്നു സർവവും നീയറിയൂ..!’’
