നാട്ടുമൊഴി

അവരുടെ ഗ്രാമനദി
സുഗന്ധയിലെ ജലം
ഒപ്പം കൊണ്ടുവരാൻ കഴിയാഞ്ഞതിനാൽ
അമ്മൂമ്മ ഭൂമിയുടെ
ഈർപ്പഗന്ധമുള്ള
വാക്കുകൾ കൂടെക്കരുതി.
ടോഗൊ, ആമഗൊ,
എടാ, ഒടാ, കോമു, ഖാമു
അവരുടെ മൊഴിയിലെ
ആർദ്രസ്നേഹത്തിന്റെ
പദാവലികൾ.
നഗരം അഭയാർഥികൾക്കു
സ്വീകരിക്കാൻ
തയാറാക്കിവെച്ചിരുന്നു,
അതിന്റെ പദകോശം–
ചെത്തിമിനുക്കിയ വാക്കുകൾ
അവയുടെ ഉരക്കടലാസിന്റെ പണിതത്തീർപ്പ്
അതിജീവന ദുരിതം,
വരൾഭൂമിയിലെ ജീവിതംപോലെ.
അവരുടെ ഇളയസഹോദരിയുടെ
സന്ദർശനവേളയിൽ
അമ്മൂമ്മ അവരുടെ ബാരിസാല്യ മൊഴി
തുറന്നുവിട്ടപ്പോൾ,
ഞാൻ കേട്ടു വാക്കുകളിൽ
വീട്ടുപാട്ടുകൾ.
വള്ളംകളികളുടെയും നദിച്ചന്തയുടെയും
ഈണങ്ങൾ.
ആവിഷ്കൃത ഗൃഹാതുരതകൾക്കിടയിൽ
ഞാൻ കിനാവുകണ്ട
ഭൂതജീവിതങ്ങളിലെ
വീട്ടുഗീതങ്ങൾ.
മൊഴിനദികൾ കാതുകളിലേക്കൊഴുകാൻ
യുവാക്കളായ ബാരിസാൽ നിവാസികൾ
തയാറാക്കിയ യുട്യൂബ് വീഡിയോകൾ
ഞാൻ കാണുന്നു.
ടോഗൊ, മോഗൊ, ക്യാഡ,
സാമു, ചാഉൽ, ആയിജ്, കായിൽ.
അവരുടെ ശബ്ദങ്ങളിൽ
യുവത്വത്തിന്റെ ദ്രവശുദ്ധി
അവരിൽ അമ്മൂമ്മയെ കേൾക്കാൻ
ഞാൻ ആയാസപ്പെടുന്നു.
മൊഴിമാറ്റം: പി.എസ്. മനോജ്‌കുമാർ
