Begin typing your search above and press return to search.
proflie-avatar
Login

എ.ഐ സുന്ദരി

എ.ഐ സുന്ദരി
cancel

ശത്രുക്കളുടെ

സ്വർണനിലവറകൾ

കള്ളത്താക്കോലിട്ട് തുറന്ന്

ഡ്രോണിൽ പറക്കുന്ന

ജെസീക്ക എന്ന

സാഹസസുന്ദരി

നിർമിതബുദ്ധിയിൽ

പിക്സാർ കോട്ടജിൽ

ഞാൻ ആനിമേഷൻ പണിയിൽ

അവളെ

പീസാഗോപുരത്തിനും

ഈഫൽ ടവറിനും മേലെ

പറപ്പിക്കാൻ

കിണഞ്ഞു നോക്കുന്നു

കൺപോളകളിൽ

ഉറക്കക്കുറവും ക്ഷീണവും

അൽപം ആശ്വാസത്തിനായ്

മുറി വിട്ടിറങ്ങി

തൊട്ടടുത്ത് കണ്ട

ബസ്സിൽ ചാടിക്കേറി

സീറ്റിൽ ഇരിക്കുമ്പോൾ

മുറി പൂട്ടിയിരുന്നോ

എന്നൊരു ശങ്ക

റിസപ്ഷനിസ്റ്റ് രേഖയെ വിളിച്ചപ്പോൾ

അവൾ എടുക്കുന്നേയില്ല

പൂട്ടാൻ മറന്നത്

ഇനി ആനിമേഷനിൽ ആയിരിക്കുമോ

ജസീക്കയോട് ചോദിക്കാം

‘‘ഡിയർ ക്രിയേറ്റർ’’

അവൾ പറഞ്ഞു

‘‘മുമ്പത്തെ

എപ്പിസോഡിൽ

ഒരിക്കൽ സ്വർണനിലവറ

രഹസ്യമായി തുറന്ന്

ഞാൻ ഓർമയില്ലാതെ

പൂട്ടാതെ പോന്നു

പക്ഷേ, ശത്രുക്കൾ കണ്ടുപിടിച്ചില്ല’’

ജസീക്ക കുടുകുടെ

ചിരിക്കാൻ തുടങ്ങി

അവൾ വലിയ വമ്പത്തിയാണെന്നാണ്

വിചാരം

രേഖയാവട്ടെ

പാവമാണ്

ഷാമ്പൂമണമുള്ള

തലമുടിയാണവൾക്ക്

ചന്ദനക്കുറിയും

​െജസീക്കക്ക്

ചന്ദനക്കുറിയായാലോ

ഛായ്! വിദേശസുന്ദരിക്ക്

അത് പാടുണ്ടോ?

എന്തുകൊണ്ട് പാടില്ല

വെറൈറ്റിയാക്കാം

ചിലപ്പോൾ വിവാദമായ്

വൈറലിനും സാധ്യത

ബസ്സ്‌ ബീച്ചിലെന്നെയിറക്കി

പാഞ്ഞുപോയി

എങ്ങും ഉല്ലാസത്തിനുവന്ന

ജനങ്ങളുടെ ആരവം

ചിലർ കടലിലേക്ക് ചാടുന്നു

നീന്തുന്നു പൊങ്ങുന്നു

ഒരുവൻ നിലകിട്ടാതെ

വെള്ളം കുടിച്ച്

മരണവെപ്രാളത്തിൽ

അലറി കരയുന്നു

‘‘ജെസീക്കാ പറന്നു വാ...’’

ഞാൻ ഉറക്കെ ഉറക്കെ

വിളിച്ചു...

അവൾ ഒന്നും ഉരിയാടുന്നില്ല

‘‘​െജസീക്കാ വേഗം പറന്നു വാ...’’

ഞാൻ അലറി

‘‘ഡിയർ ക്രിയേറ്റർ

നിർമിതബുദ്ധിയിൽ

എവിടെയോ ബഗ്ഗ്‌’’

അവൾ കരഞ്ഞു.


Show More expand_more
News Summary - Malayalam poem