പൂമരം (കെ.ജി.എസ്സിന്)

കോലാഹലങ്ങൾ ഒന്നും കൂടാതെ
നടന്നുപോകുന്ന വഴികളില്‍
നീ നിന്റെ വാക്കുകളുടെ
വിത്തു പാകി
അവ ഇപ്പോൾ
മുളച്ചിട്ടുണ്ടോ,
പൂവോ
കതിരോ കായോ
അവയിൽ ശേഷിപ്പായി നിൽക്കുന്നുണ്ടോ?
നീ തിരിഞ്ഞു നോക്കിയിട്ടില്ല
നിന്റെ നടപ്പിൽ ഉടനീളം
വാക്കുകളുടെ വിത്തിനോടൊപ്പം
നീ നിസ്സംഗതയുടെ
കുരിശു നാട്ടിയിട്ടുണ്ട്
ഏതു കുട്ടിയാണ്
അതിന്മേൽ കാർക്കിച്ചു തുപ്പിയത് എന്നോ
ഏതു മനുഷ്യരാണ്
അതിൽ മഞ്ഞുത്തുള്ളികൾ കണ്ടതെന്നോ
ഏതു കിളിയാണ്
അതിലെ ധാന്യങ്ങൾ കൊത്തിപ്പറന്നതെന്നോ
ഒരു കിളിവാതിലിലൂടെയും
നീ രഹസ്യമായി
നോക്കിയിട്ടില്ല
എങ്കിലും അവ
മരങ്ങളായി പൂത്തുലയുന്നു.
സൂര്യനെ എന്നപോല
വിടരുന്ന പൂക്കളേയും
ഗന്ധങ്ങളേയും
മതിൽ കെട്ടി മറയ്ക്കാനാവില്ല
എന്ന് ചൊല്ല്.
അവ കാഴ്ചയിൽനിന്ന് മറഞ്ഞുനിന്ന്
നിറങ്ങളും
മണങ്ങളും
ഒന്നാകെ വെയിലിലേക്ക് പകർന്ന്
വെളിച്ചം കലർന്ന്
മതിലിനും മനുഷ്യനും മീതെ
പടരും
പാറിവന്നിരുന്ന് പക്ഷികൾ,
ഒരൊച്ചയും വെറുമൊരൊച്ചയല്ലല്ലോ
എന്ന് ഏറ്റുപാടും
ഒരു വാക്കും
വെറും വാക്കല്ലല്ലോ എന്ന് ധ്യാനത്തിലാഴും.
കാറ്റില്ലാതെതന്നെ
മണം ആകാശം നിറഞ്ഞു പന്തലിക്കും
കണ്ണിൽപെടാതെ
അതിന്റെ സുഗന്ധം മണ്ണിലേക്കു പ്രസരിക്കും
ഒച്ച കനപ്പിച്ചോ
വിഷം പുരട്ടിയോ
ചേറിൽ കുളിപ്പിച്ചോ
നീ വാക്കുകൾ
നാലുപാടും കീറിമുറിച്ചെറിയേണ്ട
കവണയിൽ
ചെറു ചീളുകൾ വെക്കേണ്ട
ആയാസപൂർവം
അമ്പെയ്തു മത്സരിക്കേണ്ട
അവയൊന്നുമില്ലാതെ
അതിനൊന്നിനും തുനിയാതെ
കൺമറക്കപ്പുറം നിന്ന്
ചിലമ്പുന്ന ഒച്ചയിൽ
നീ നേരു ചേറുന്നത്
ഉയരെ
മിന്നലിൽ തെളിയുന്നുണ്ട്.
നാളെയുടെ ആകാശച്ചെരുവിലും.
