Begin typing your search above and press return to search.
proflie-avatar
Login

ആനന്ദനാണയം

ആനന്ദനാണയം
cancel

സാമ്പത്തിക ലിംഗമാറ്റ ശസ്ത്രക്രിയക്ക്

മിക്സഡ് ഇക്കോണമി രാജ്യങ്ങൾ

മൂന്നാം ലോക വാർഡിൽ

നാണയത്തിന്റെയും നോട്ടിന്റെയും

വൃത്ത ചതുര ദേശക്കിടപ്പ് കിടന്നു,

അബോധ സന്നദ്ധതയിലെ

ഉദാര സമ്മതത്തോടെ.

സർജറി കഴിഞ്ഞു.

ഫ്യൂഡൽ ഇമ്പീരിയൽ ലിംഗഭേദം ഇല്ലാതായി.

ഡോളറും യെന്നും റിയാലും റൂബിളും രൂപയും

ധനതന്ത്ര സൗന്ദര്യമത്സരവും

വ്യാമോഹയുദ്ധവും വ്യാപാരയുദ്ധവും കളിച്ചു.

കളിപോലൊരു കാര്യമില്ല

യുദ്ധമില്ല

കളിപ്പിക്കലുമില്ല.

ധനകഥയിൽ ഒരേയൊരു രസം യുദ്ധരസം.

ആരവത്തിര ഉയരുന്നു ലോകഗാലറിയിൽ.

ഏത് കണ്ണും നിറഞ്ഞു കാണാമൊരു

നാണയസൂര്യനെ.

ആഗോള നാണയഭാഷ റെഡി

വേഷം റെഡി

രുചി റെഡി

സുഖം റെഡി

നവജാതിനാണയവും നവമതനാണയവും

നവ നവ കള്ളനാണയങ്ങളും

മനുഷ്യഫാക്ടറിയിൽ റെഡി.

ഡോളർക്കവിതയിൽനിന്നിനി രൂപക്കവിത

നേരിട്ട് രസിക്കാം.

ആഗോള വിവർത്തനക്കാർഡിട്ടാൽ

ഏത് ഭാഷയിലെ കവിതയും

സ്വന്തം ഭാഷയിൽ കിട്ടുന്ന യന്ത്രം റെഡി.

ആ കവിതക്കുമിപ്പോൾ ഗുരുതര രോഗം.

പുതുതൊന്നും പഠിക്കാൻ വയ്യ.

പഴതൊന്നും ഓർക്കാൻ വയ്യ.

ന്യൂറോ ട്രാൻസ്മിറ്ററുകൾ മങ്ങി

കാലം സുഖം ദുഖം ഭയവും മറന്നു

നാഡീവ്യവസ്ഥയേ മങ്ങിയെന്ന് ന്യൂറോളജിസ്റ്റ്.

മറവി മാത്രമല്ല ദീനം.

എല്ലാറ്റിനും ലാബൊന്ന് ടെസ്റ്റൊന്ന്

ആളാമ്പ്രതി മാറ്റം റിസൽട്ടിലുണ്ടെങ്കിലും

എന്തിനും മരുന്നൊന്ന്: മയക്കുവെടി.

കാപ്സ്യൂൾ, പൊടി, അരിഷ്ടം, ലേപനം, മന്ത്രം,

ഇഷ്ടരൂപത്തിൽ വീര്യഭേദത്തിൽ

കിട്ടും വെടിമരുന്ന്.

നൂറ്റൊന്ന് ആയിരത്തൊന്ന് ലക്ഷത്തൊന്ന്

ആവർത്തിച്ചത്;

ആവർത്തിക്കാത്തതേ വേണ്ടുവെങ്കിൽ

മരണവും റെഡി.

ഗൂഗിൾ കാട്ടും വഴിയേ

ശാന്തിപ്പാക്കറ്റുമായി

ആമസോൺ ദൂതനെത്തി,

ആഗോള വിശ്വാസവാഹകൻ.

അങ്ങനെ ആലും തറയും കുളവുമുറങ്ങുന്ന

ആൽത്തറയിൽ ഭിക്ഷുവുറങ്ങുന്ന

ആലായാൽ തറ വേണം... പാട്ടുമുറങ്ങുന്ന

എന്റെ കുഗ്രാമവും

അഖിലാണ്ഡ ധനമണ്ഡലത്തിലെ

ആഗോള ദീപങ്ങളിലൊന്നായി.

Show More expand_more
News Summary - Malayalam poem