ആവർത്തിതം

ചിത്രശാലയ്ക്കകം വെൺതിരശ്ശീലകൾ
കത്തിക്കരിപൂശി നിന്നൊരു രാത്രിയിൽ
തീയുടുപ്പൂരിയെറിയുകയായ് പലർ
വേവിൻ പെരുക്കമിഴപിരിക്കും പടു -
നീളൻ ചരടു വലിച്ചു താഴ്ത്തും ശ്രമം
രംഗങ്ങളെണ്ണിയാൽ തീരാതെഴുതിയ
കർമകാണ്ഡത്തിൻ കരയ്ക്കെത്തി നില്ക്കണം
നാഥൻ, ചമൽക്കാരകാരകൻ ശേഷിച്ച
ചായം പുരട്ടിയൊരുക്കുമിടം വരെ.
വേദിയിൽ നീലവെളിച്ചം ചുവക്കുന്നു.
കാണാമറയത്തലർച്ചകൾ കേൾക്കുന്നു.
ശാലയഴൽ വിഴുങ്ങുന്നൂ, പെരുംകാല -
നാടകം തത്തിത്തിമർക്കുന്നിടത്തു നി-
ന്നോരോ ചമയവും നാളങ്ങളായ് ജ്വലി -
ച്ചാളുന്ന ജീവൻ അമരത്വമെത്തുന്ന
നാളിതാണെന്നോ! മുഴങ്ങും കരഘോഷ -
മാധിയിൽ വെന്തുമരിച്ചവർ, സ്തബ്ധ-
രൊരാനന്ദ ബാഷ്പം പൊഴിച്ചും ‘ബലേ ബലേ.’
താപങ്ങൾ രംഗം വിഴുങ്ങേ കെടുത്തുവാൻ
ദൂരത്തുനിന്നൊഴുകുന്നൂ ജലഭ്രമം.
തീപ്പന്തെറിഞ്ഞു കളിച്ച രൂപത്തിന്റെ
നോട്ടം പതിഞ്ഞുടയുന്നു കണ്ണാടികൾ
ശോകമാളുന്നു, ശുഭം വരാൻ നേരമെ-
ന്നോരോ പഴമൊഴിയോർമിച്ചെടുക്കുന്നു
ശാല നെരുപ്പിൽ പുകഞ്ഞു പൊങ്ങും മായ-
മോരോ മനസ്സും നിജമായ് നിനച്ചന്ന്
പായുന്നു വിഭ്രമത്താൽ വിഷാദിച്ചവ
വേദിയിൽ വന്നു മുഖാമുഖം നില്ക്കയാൽ
ഉള്ളുകള്ളിക്കുമേൽ വീണ വെളിച്ചത്തി-
ലെല്ലാം വെളിപ്പെട്ടു നില്ക്കും വിശുദ്ധിയാൽ
കത്തിച്ചെടുക്കുമുടലൊരു പന്തമായ്
കുത്തി നിർത്തുന്നുണ്ടരങ്ങത്ത് ധീരത
കട്ടയിരുട്ടിൻ ചിരി മുഴങ്ങുന്നുണ്ട്.
ഒറ്റ വിരൽ ഞൊടി, മാഞ്ഞു സഭാതലം
വെട്ടം വടിച്ചു വെളുപ്പിച്ച താളിന്റെ
അറ്റം വരേക്കെഴുതും പുതുനാടകം.
