ദർബാറി ദീപിക

08 നൃത്തം
വിജനമായ ഹാ ദർവീശ്
എന്ന പ്രദേശത്തുകൂടി
ഒരിക്കൽ അച്ഛനോടൊപ്പം കടന്നുപോയപ്പോൾ
ആ കഥ ബാബർ കേട്ടു
കാറ്റ് ഇരമ്പിക്കൊണ്ടിരുന്നു
ഉയരം കുറഞ്ഞ മരങ്ങൾ
ആഞ്ഞുലഞ്ഞു.
എത്ര ചെന്നിട്ടും
ആ സ്ഥലം പിന്നിടാതെ വന്നപ്പോൾ
‘‘ഇതു തീരുന്നില്ലല്ലോ’’
എന്ന് ചുറ്റും നോക്കി വിസ്മയിച്ച മകന്
അച്ഛൻ കഥ പറഞ്ഞുകൊടുത്തു
ഒരു കവിതക്കു കാതോർക്കുമ്പോലെനിന്ന്
അച്ഛൻ ചോദിച്ചു: ‘‘കേട്ടോ?’’
‘‘ഉവ്വ്, കാറ്റിന്റെ ശബ്ദം’’
‘‘ശ്രദ്ധിച്ചു കേൾക്ക്, മറ്റെന്തെങ്കിലുമുണ്ടോ?’’
‘‘ഒരു മൂളക്കം’’
‘‘എങ്ങനെ?’’
‘‘ഹും... എന്ന്’’
‘‘ഹേ... എന്നല്ലേ?’’
അല്ല. ഹും... എന്നുതന്നെ.
‘‘അച്ഛാ, അതെവിടുന്നാണു വരുന്നത്?’’
‘‘ഇതാണ് കാറ്റിന്റെ വീട്’’
താൻ കഴിഞ്ഞ ദിവസം വായിച്ച
ഒരു മസ്നവിക്കവിതയിൽ നിന്നുദ്ധരിക്കുംപോലെ
അച്ഛൻ പറഞ്ഞു.
‘‘കാറ്റിന്റെ വീടോ, അതെന്താ?’’
‘‘ഇവിടുന്നാണ് കാറ്റു പുറപ്പെട്ട്
നാലു ദിക്കിലുമെത്തുന്നത്.
നമ്മുടെ അൻഡിജാനിലെ കാറ്റും
ഇവിടുന്നു തന്നെ’’
‘‘കാറ്റിന്റെ വീട്ടിൽ ആരാണു കരയുന്നത്?’’
‘‘ആ മരങ്ങളുടെ കടഭാഗത്തു നോക്ക്,
എന്തെങ്കിലും കാണാനുണ്ടോ?’’
‘‘ഇല്ല’’
‘‘മരത്തടി മുറുക്കെ ചുറ്റിവരിഞ്ഞ
ഒരു കൈ കാണാനില്ലേ’’
‘‘ഇല്ലച്ഛാ’’
‘‘ഉണ്ടെടാ, നീ ശരിക്കു നോക്കാഞ്ഞിട്ടാ’’
‘‘അതാരുടെ കയ്യാ?’’
‘‘ഒരു ദർവീശിന്റെ കൈ’’
സൂഫി ദർഗയിൽവെച്ച് ഒരിക്കൽ
അച്ഛനോടൊപ്പം
ഉപാസകരായ ദർവീശുകളെ കണ്ടിട്ടുണ്ട്
‘‘ദർവീശ് ഈ കാട്ടിൽ
എന്തു ചെയ്യുകയാണ്?’’
‘‘ദർവീശുകളുടെ ഒരു സംഘം
ഇതിലേ പോവുകയായിരുന്നു.
പെട്ടെന്ന് കൊടുങ്കാറ്റു വീശി.
നടന്ന് അവശരായിരുന്ന അവർ
കാറ്റിൽ പാറിക്കറങ്ങാൻ തുടങ്ങി’’
‘‘വട്ടത്തിൽ കറങ്ങിയല്ലേ
അവർ നൃത്തംചെയ്യുക അച്ഛാ?’’
‘‘അതെ, നൃത്തമാണെന്നുതന്നെ
അവർ കരുതി.
ഒടുവിൽ ഓരോരുത്തരായി
മരങ്ങൾക്കിടയിലൂടെ
പറന്ന് മറയാൻ തുടങ്ങി.
ഹേ ദർവീശ്, ഹേ ദർവീശ്
എന്നു പരസ്പരം വിളിച്ചുകൊണ്ട്’’
ഒന്നുകൂടി കാതോർക്കാൻ
അച്ഛൻ മകന് അവസരം നൽകേ
ആ മൗനത്തിൽ
ഹേ ദർവീശ്
വ്യക്തമായി കേട്ടു
കവിതയെഴുതാത്ത കവിയായിരുന്ന അച്ഛൻ
മരിച്ചു പോയപ്പോൾ
നന്നേ ചെറുപ്രായത്തിൽ
ബാബർ അൻഡിജാനിലെ രാജാവായി.
കൊടുങ്കാറ്റടിക്കുന്ന കാലത്തും
തന്റെ തോട്ടത്തിലെ മരങ്ങളെ
മുറുക്കിപ്പിടിച്ചു.
തടിക്കു ചുറ്റും
ചില്ലകൾ നൃത്തംചെയ്യുമ്പോലെ
മുത്തച്ഛൻ നൃത്തമാടുന്നതായി
പണി പൂർത്തിയായ ബാബർനാമ
മറിച്ചുനോക്കിക്കൊണ്ടിരിക്കേ
അക്ബർക്കു തോന്നി.
