കതകിനപ്പുറം

മാവുപുരട്ടി വെളുപ്പിച്ച കൈകളോടെ
ഗോതമ്പു നിറമുള്ള ചെന്നായ
ജനലിനപ്പുറത്ത്.
അമ്മ നഗരത്തിലേക്ക് പോയിരുന്നു
അടുത്ത വീടുകളും.
കുട്ടി തനിച്ചായിരുന്നു
കാട് തൊട്ടടുത്തുണ്ടായിട്ടും.
കുട്ടി
ചിലന്തിവലയിൽ
കുരുങ്ങിയ
നീർക്കുതിരയെ ദിവാസ്വപ്നം കണ്ടു
മീൻ കണ്ണുകളാൽ തിളങ്ങുന്ന
സമുദ്രംകണ്ടു.
ചുണ്ടനക്കാതെ
കളിപ്പാട്ടങ്ങളോട് പറഞ്ഞു:
തിമിംഗലത്തിന്റെ കണ്ണാണ്
കടലിന്റെ സൂര്യൻ
ചെന്നായ ജനലിൽ മുട്ടി:
തുറക്കൂ ഞാൻ നിന്റെ അമ്മ
കുട്ടി സ്വപ്നം നിർത്തി ശ്രദ്ധിച്ചു
തനിക്കുമാത്രം ചേരുന്ന കളിപ്പാട്ടങ്ങളെ
മാറോടടക്കി
ചുണ്ടത്ത് ചൂണ്ടുവിരൽ ചേർത്തു:
ശ്
നിശ്ശബ്ദതയ്ക്കു മേൽ
ചെന്നായ വീണ്ടും മുട്ടി
ശ്രദ്ധിക്കാതെ
കുട്ടി മറ്റൊരു സ്വപ്നം തുടങ്ങി
പല വീടുകൾ
എച്ചിപ്പാത്രങ്ങൾ
വിഴുപ്പു കുന്നുകൾ
ചൂലും മുറവും
അമ്മയുടെ പകൽ
അവളുടെ വിയർപ്പ്.
ചെന്നായ പലവട്ടം
മുട്ടി.
വിളിച്ചു.
അവസാനം അവന്റെ ഒച്ച കനത്തു.
കുട്ടി ചിരിച്ച്
കളിത്തോക്കെടുത്ത്
തന്റെ നേർക്ക് പൊട്ടിച്ച്
മറ്റൊരു സ്വപ്നം കണ്ടു
കാടരികിലൂടെ കതകു തേടിവരുന്ന
പുകയുന്ന ചുരുട്ടിന്റെ കാഞ്ചി.
പേടിച്ചരണ്ട നാൽക്കാലിയോട്
ഇരിപ്പിൽനിന്ന് എഴുന്നേൽക്കാതെ
ചുണ്ടനക്കാതെ
സ്വപ്നത്തിൽ സുഖിച്ചു കിടന്ന്
കുട്ടി വിളിച്ചുപറഞ്ഞു
കടന്നുപൊയ്ക്കോ ചെന്നായേ,
കാടും കടലും കടന്ന്
തമ്മിൽ കാണാനിടവരാത്ത
എങ്ങോട്ടെങ്കിലും.
