പ്രണയ മിശിഹ

എനിക്ക് മാത്രം കാണാം
ഉയിർത്തെഴുന്നേൽക്കുന്നു.
കല്ലറയിൽ അടക്കം ചെയ്ത
കച്ചത്തുണിയിൽ രക്തം നനഞ്ഞ
പെണ്ണുടലുമായ് മിശിഹാ
സ്നേഹത്താൽ മുറിവേറ്റ
ആണിപ്പഴുതിൽ
വിലാപ്പുറത്ത്
തിരുനെറ്റിയിൽ
ഞാൻ തൊട്ടു.
കണ്ടമാത്രയിൽ
കാൽപാദങ്ങളിൽ വീണ്
കണ്ണീരുകൊണ്ട് കാൽ നനച്ചു.
പാപിയെന്ന് വിലപിച്ച്
ഞാനേകിയ മുറിവുള്ളയാപാദം
മുടിനാരിനാൽ തുടച്ചു
കടൽമണ്ണിലെഴുതിക്കൊണ്ട്
കല്ലെറിഞ്ഞവരോട്
പാപം ചെയ്യാത്തവർ
കല്ലെറിയട്ടെയെന്ന്
സ്നേഹമെന്ന് മാത്രം
മന്ദഹസിക്കുന്ന അവളുടെ വാക്ക്
ചെവിയോർത്തു.
കപടതയുടെ ഇരുട്ടിൽ
അടക്കം ചെയ്യപ്പെട്ടയെന്നെ
ഞാൻ നിന്നെ വിളിക്കുന്നു
പുറത്തുവരികെന്ന്
പറഞ്ഞതോർത്ത്
അവസാന വീഴ്ചയിലെ
ചാട്ടവാറിന്റെ മുരൾച്ച പിടയ്ക്കുമ്പോൾ
ഇടത് വാക്കത്തെ കള്ളനെപോൽ
ഉയിർപ്പിന്റെ വെളിച്ചം
തുറന്നുതന്ന കണ്ണുകളാൽ
കണ്ണീരൊഴുക്കി
ഉപേക്ഷിക്കില്ലെന്ന് ഉറപ്പിനാൽ
അപേക്ഷിച്ചു.
അവളുടെ കച്ചയിൽ തൊട്ടപ്പോൾ
പശ്ചാത്താപത്തിന്റെ
രക്തമൊഴുക്ക് നിലച്ചു.
എന്റെ പാപത്തെ
പാനപാത്രത്തിലെ
ഒരിറുക്ക് കയ്പുനീരായ് കുടിച്ചു.
സ്നേഹിച്ചതിനാൽ കുരിശേറിയവളെ
ആട്ടിപ്പായിച്ചവളെ
പെണ്ണുടലുള്ള മിശിഹായേയെന്ന്
ഞാൻ വിളിച്ചു.
അവൾ ഉയിർത്ത്
വാനമേഘങ്ങളിലേയ്ക്ക്
അകലുമ്പോഴും
തെളിഞ്ഞുകാണാം
ഞാനേകിയ
പ്രണയത്തിന്റെ മുറിവുകൾ
