സർപ്പചിത്രണങ്ങളുള്ള തറവിരിപ്പ്

നിന്റെ അപ്പൻ ഒരു വിവർത്തകയോടൊപ്പമിരുന്ന്
വീഞ്ഞ് നുകരുന്നു;
ഏതോ ഭാഷയിലെ
അക്ഷരമാല ചൊല്ലുന്ന കുഞ്ഞിനെപ്പോലെ.
സ്വപ്നസൗധത്തിലെ
തറവിരിപ്പിൽ ഞാൻ ചുരുണ്ട് കിടക്കുന്നു.
ഒരു പൂച്ച വരുന്നു
എന്നെ നക്കുന്നു
ഒരു പട്ടി വരുന്നു
എന്നെ നക്കുന്നു
ഒരു പൂമ്പാറ്റ വരുന്നു
എന്നെ നക്കുന്നു.
“അതാണ് കവിത”യെന്ന്
എന്നെ ചൂണ്ടി അയാൾ പറയുന്നു
ആ തടിച്ച സ്ത്രീ കവിയെ
കൺമിഴിച്ച് കാണുന്നു.
അവർ വീഞ്ഞ് നുണയുന്നു
ഞാൻ തണുത്ത് തറവിരിപ്പിൽ
ചുരുണ്ട് കൂടുന്നു.
നീ വരുന്നു
നാക്ക് നീട്ടുന്നു
എന്നെ നക്കുന്നു.
ഒരു കല്ലേറുകൊണ്ട്
നീ നിലവിളിക്കുന്നു
നിന്റെ അപ്പൻ
ഉന്നംപിടിച്ച്
എന്റെ തിരുനെറ്റിയിലുമെറിയുന്നു.
ഞാൻ വേദനകൊണ്ട് പിടഞ്ഞെണീക്കുന്നു
ബസുകൂലി തന്ന്
അവരെന്നെ പറഞ്ഞുവിടുന്നു.
വിവർത്തക രാത്രി ഗൗൺ ഉയർത്തി
മൂത്രമൊഴിക്കുന്നു.
അകത്തളത്തിൽ
ഏത് രാവിന്റെ
മുഷായിരയുണരുന്നു!
ഞാൻ നിന്റെ വീട്ടിലേക്ക്
ഒളിഞ്ഞ് നോക്കുന്നു
പ്രിയേ –
നിന്റെ നാവിലെ തുപ്പൽ
തറവിരിപ്പ് നനയ്ക്കുന്നു.
