Begin typing your search above and press return to search.
proflie-avatar
Login

ചുരുക്കം

malayalam poem
cancel

വിസ്മരിക്കപ്പെടുന്ന

പ്രാർഥനകൾപോലെ

സഫലതയുടെയോ

വിഫലതയുടെയോ

തിരിച്ചറിയലടയാളങ്ങളില്ലാത്ത

ദിവസങ്ങൾ

അടിഞ്ഞുകൂടുന്നു.

കണ്ണെത്തുന്നിടത്തെങ്ങും

പ്രതീക്ഷിതത്വത്തിന്റെ

അക്ഷരങ്ങളും അടിവരകളും.

എല്ലാം വരുതിയിലെന്ന്

സാധാരണത്വത്തിന്റെ അട്ടഹാസം

എല്ലാ ദിശകളിൽനിന്നും

എല്ലായ്പോഴും മുഴങ്ങുന്നു.

ചുരുക്കം ചില അസാധ്യതകൾ

ഇതിനൊന്നും പിടികൊടുക്കാതെ

അവയായിത്തന്നെ തുടരുന്നു.

ഉദാഹരണമായി,

വേറെയൊരാളിന്റെ

ഉറക്കത്തിലെ

സ്വപ്നത്തിലേക്ക് നമ്മൾ

കടന്നുചെല്ലുന്നതും

ഇറങ്ങിപ്പോകുന്നതുമൊന്നും

അയാളുടെയും നമ്മുടെയും

യാതൊരുവിധ

നിയന്ത്രണത്തിലുമുള്ള

കാര്യമേയല്ല, ഇപ്പോഴും.

വേറെയൊരാളുടെ

നുണയിലുള്ള നമ്മൾ

നമ്മുടെ സത്യത്തിലുള്ള നമ്മളെ

എങ്ങനെയാണ് ജീവിക്കുന്നതെന്ന്

ആർക്കാണറിയുക?


Show More expand_more
News Summary - malayalam poem