രണ്ട് കവിതകൾ

1. പിടച്ചിൽ
ആലുവേല് ട്രെയിനിറങ്ങി
ആളുകൾ
പാഞ്ഞ് പോകവേ
ധൃതിയേതുമില്ലാത്തൊരു പുഴു
ആരുടേയോ കാലിനടിയിൽ പെട്ടു.
അതിന്റെ ലോകത്തിൽ
പിടയുന്നതുകൊണ്ടാവാം
ആരുമതിനെ കണ്ടതില്ല
അതിന്റെ സ്ഥായിയിൽ കരയുന്നതുകൊണ്ടാവാം
ആരുമതിനെ കേട്ടതുമില്ല.
കണ്ട ഞാനോ
അൽപമൊന്ന് നിന്നു
പിന്നെയെപ്പഴോ
മുമ്പേ പാഞ്ഞവരോടൊപ്പമെത്തി...
അടുത്തക്ഷണം പതിയെ
ധൃതിയൊന്ന് കുറഞ്ഞ്
പിന്നെയും കുറഞ്ഞ്
ഞാനും ഇഴഞ്ഞിഴഞ്ഞ്
അതിനടുത്തേക്ക് തിരിച്ചെത്തി.
ഒരിലയിൽ അതിനെ കോരിയെടുത്ത്
ആളൊഴിഞ്ഞൊരു മൂലയിലിട്ടു.
ആരുടെയൊക്കെയോ വലിയ ലോകത്തിൽ
ചെറിയവനായി ഞാൻ...
ഇത്രദൂരം മുന്നോട്ട്
പൊയ്ക്കഴിഞ്ഞിട്ടും തിരിച്ചുവരാനായി
ഉള്ളിലൊരു പിടച്ചിൽ നിറച്ചവനുണ്ടല്ലോ
അവനോടുണ്ടല്ലോ
എന്നും
നന്ദി മാത്രം!
2. സമയം
തീവണ്ടിയുടെ
മിനിയേച്ചറാണ്
തേരട്ട
ഇത്രയധികം കാലുകളെ കൂട്ടിയോജിപ്പിച്ചു
പോകുന്നതെങ്ങനെയെന്ന ചിന്തയാകണം
യാത്രയിൽ ഇടവിട്ടുള്ള
അതിന്റെ
നിൽപ്
കൽച്ചീളുകളിലൂടെ അരിച്ചരിച്ച്
പാളത്തിന് മുകളിലെത്തി
മുമ്പ് പോയ ട്രെയിനിന്റെ ഉരച്ചൂടിൽ അതങ്ങനെ
പതിഞ്ഞു കിടന്നു
ഇളംവെയിൽ പാളം മിനുക്കുന്ന പുലരിയിൽ
മധുരൈ എക്സ്പ്രസിനായി
ഞാനും
കാത്തുകിടന്നു
അൽപസമയത്തിനുള്ളിൽ
എത്തിച്ചേരുന്നതായിരിക്കും.
