ദർബാറി ദീപിക

05 മുഗൾക്കൈകൾഎത്ര സഞ്ചരിച്ചു എവിടെയെല്ലാമലഞ്ഞു ചൈനയിലേക്ക് കാൽനടയായിപ്പോകാൻ വരെ തീരുമാനിച്ചു! ഫർഗാനയിൽനിന്നു കാബൂളിലേക്ക് അവിടുന്നു ഹിന്ദുസ്ഥാൻ. എന്തെല്ലാം ചെയ്തു! നാലു ദിക്കിലേക്കും പടവെട്ടി പൂന്തോട്ടങ്ങൾ പണിതു പ്രാർഥിച്ചു ബാമിയാനിലെ ബുദ്ധശിൽപങ്ങൾക്കു മുന്നിലൂടെ തിരതല്ലുന്ന കൈകാലുകളോടെ കുതിരപ്പുറത്തു കടന്നുപോകുമ്പോൾ അവരുടെ നിശ്ചലധ്യാനത്തെ ബാബർ അത്ഭുതത്തോടെ നോക്കി. അവർക്കേ അങ്ങനെ നിൽക്കാൻ കഴിയൂ ആ മലമുടികളിൽ അവരങ്ങനെ നിന്നുകൊള്ളട്ടെ. പടയുമായി ബാബർ ബാമിയാൻ കുന്നുകൾ കയറിയിറങ്ങിപ്പോയി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവരതേപടി...
Your Subscription Supports Independent Journalism
View Plans05 മുഗൾക്കൈകൾ
എത്ര സഞ്ചരിച്ചു
എവിടെയെല്ലാമലഞ്ഞു
ചൈനയിലേക്ക്
കാൽനടയായിപ്പോകാൻ വരെ തീരുമാനിച്ചു!
ഫർഗാനയിൽനിന്നു കാബൂളിലേക്ക്
അവിടുന്നു ഹിന്ദുസ്ഥാൻ.
എന്തെല്ലാം ചെയ്തു!
നാലു ദിക്കിലേക്കും പടവെട്ടി
പൂന്തോട്ടങ്ങൾ പണിതു
പ്രാർഥിച്ചു
ബാമിയാനിലെ ബുദ്ധശിൽപങ്ങൾക്കു മുന്നിലൂടെ
തിരതല്ലുന്ന കൈകാലുകളോടെ
കുതിരപ്പുറത്തു കടന്നുപോകുമ്പോൾ
അവരുടെ നിശ്ചലധ്യാനത്തെ
ബാബർ
അത്ഭുതത്തോടെ നോക്കി.
അവർക്കേ അങ്ങനെ നിൽക്കാൻ കഴിയൂ
ആ മലമുടികളിൽ അവരങ്ങനെ
നിന്നുകൊള്ളട്ടെ.
പടയുമായി
ബാബർ
ബാമിയാൻ കുന്നുകൾ കയറിയിറങ്ങിപ്പോയി
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
അവരതേപടി നിന്നു.
മുത്തച്ഛന്റെ വാക്കുകൾ
ചിത്രങ്ങളാക്കിയപ്പോൾ
മനുഷ്യരുടെ കൈകാലുകളിലേക്കാണ്
പേരക്കുട്ടി അക്ബർ
ഉറ്റുനോക്കിയത്.
പോകാൻ വെമ്പുന്ന കാലുകൾ...
നിവർത്തിയ, ചൂണ്ടിയ, ഉയർത്തിപ്പിടിച്ച
മുറുക്കിയ, മടക്കിയ, നീട്ടിയ, കൂമ്പിയ,
വിരലു വിരലായി വിടർന്നുവരുന്ന,
വിരലുകൾ വേറിട്ടു കാണാത്ത കൈകൾ...
മുഗൾച്ചിത്രങ്ങളിൽ
മുഖങ്ങളല്ല സംസാരിച്ചത്,
കൈകൾ!
ഫർഗാനയിൽനിന്നു ദില്ലിയിലേക്കുള്ള
ദൂരം മുഴുവനും
അവ നിറുത്താതെ പറഞ്ഞുകൊണ്ടിരുന്നു.
ബാമിയാനിലെത്തിയപ്പോൾ
ബുദ്ധർ നിന്നിടത്തെ ശൂന്യതയെയല്ല,
അവിടുത്തെ മഹാബുദ്ധരെ ചുറ്റിത്തന്നെ
നിശ്ശബ്ദം കടന്നുപോന്നു
മുഗൾക്കൈകൾ.

06 പട്ടുപാത
തന്റെ രാജ്യമായ ഫർഗാനയുടെ
മുക്കിലും മൂലയിലും
എന്തെല്ലാം വിളയുമെന്ന്
ബാബർക്കറിയാം.
അദ്ദേഹം ഫർഗാനയെ സ്നേഹിച്ചു.
പക്ഷേ അധികാരഭ്രഷ്ടനായി.
അവിടെ നിൽക്കാൻ പറ്റാതായപ്പോൾ
കാബൂളിലേക്കു പോന്നു.
കാബൂളിൽ എന്തെല്ലാം വിളയുന്നെന്നു
നോക്കിപ്പഠിച്ചു.
അവിടെയുമുറയ്ക്കാതായപ്പോൾ
ഹിന്ദുസ്ഥാനു നേർക്കു തിരിച്ചു
അവിടെ വിളയുന്നവയെപ്പറ്റി
ഒരറിവുമുണ്ടായിരുന്നില്ല
മാങ്ങ പൂളിത്തിന്നാമെന്നും
ഉറുഞ്ചിക്കുടിക്കാമെന്നും
പിന്നീടദ്ദേഹം മനസ്സിലാക്കി
ആട്ടിൻപള്ളപോലെയാണു ചക്കയെന്നും
അതു വേരിന്മേൽ കായ്ക്കുമെന്നും കണ്ടു
നാളികേരത്തിന്റെ നാട്ടിലെത്തിയില്ലെങ്കിലും
നാളികേരത്തിന്റെ ചിരട്ട തുളച്ച്
ആളുകൾ വെള്ളം കുടിക്കുന്നതു
കൗതുകത്തോടെ കണ്ടു.
പട്ടുപാത,
ലോകത്തിലെ ഏറ്റവും വലിയ കച്ചവടപ്പാത,
അതിന്റെ ചന്തകൾ,
ആർത്തിരമ്പുന്ന കച്ചവടത്തിരക്കുകൾ
വിട്ടകന്നകന്ന്
ബാബർ എങ്ങോട്ടാണു
കുതിരയോടിച്ചു പോയത്?
തനിക്കജ്ഞാതമായ വിളകളുടെ നേർക്ക്
വൃക്ഷങ്ങളുടെയും പക്ഷികളുടെയും
മൃഗങ്ങളുടെയും നദികളുടെയും നേർക്ക്
ആരെങ്കിലും അങ്ങനെ പോകാൻ ഇഷ്ടപ്പെടുമോ,
പട്ടുപാതയിലെത്താൻ വഴിതേടുകയല്ലാതെ?
