മരിച്ചവന്റെ ചെരിപ്പ്

അപകടത്തിൽ മരിച്ചവന്റെ
ഒരു ജോടി ചെരിപ്പ്
പൊന്തക്കാട്ടിൽ
ആകാശം നോക്കി കിടന്നു.
കറുത്ത കുപ്പായമിട്ട്
മേഘക്കൂട്ടങ്ങൾ
ആകാശത്ത് തിടുക്കപ്പെട്ട് പായുന്നത്
മരിച്ച വീട്ടിലേക്കാവുമോ?
ഓരോ യാത്ര കഴിഞ്ഞും
വീട്ടിൽ തിരിച്ചെത്തുമ്പോൾ
മുറ്റത്ത് ഊരിയിടുന്നതു പോലെയാവും
ഈ കിടപ്പെന്ന്
ചെരിപ്പ് വിചാരിച്ചു.
മുഖത്ത് തെറിച്ച ചുടുചോര
വേനലിലെ മഴയാണെന്നും...
ഒരു രാത്രിയും
ഒരു പകലും
അതേ കിടപ്പ് കിടന്നു.
അതിനിടയിൽ,
റോഡിലെ ചോര കഴുകിക്കളഞ്ഞതും
ആളുകൾ ഒച്ചയിട്ട് പിരിഞ്ഞുപോയതും
അതേ കിടപ്പിൽ ചെരിപ്പ് കണ്ടു.
ആ കൂട്ടത്തിലൊന്നും
അവനില്ലല്ലോയെന്ന് ഖേദിച്ചു.
അത്ര പെെട്ടന്നൊന്നും
തന്നെ മറക്കാൻ കഴിയില്ലെന്നും
എന്നെങ്കിലുമൊരിക്കൽ
അവൻ വരുമെന്നും
ചെരിപ്പ് കരുതിയിരിക്കണം.
നടന്ന വഴികളുടെ കനം
ചെരിപ്പിൽ തിടംവെച്ചു.
വൈകുന്നേരത്തെ ഒരു മുങ്ങിക്കുളി
അത് സ്വപ്നംകണ്ടു.
സോപ്പിൻപതയുടെ വെളുത്ത ചിരിയിൽ
കണ്ണ് നീറുന്നതറിഞ്ഞു.
നിലാവില്ലാത്ത ഒരു രാത്രി
വിശന്നുവലഞ്ഞ ഒരു നായ
അതിനെ കീറിമുറിക്കുന്നതുവരെ
ആ ചെരിപ്പ്
അവൻ തിരിച്ചുവരുമെന്ന് തന്നെ
വിചാരിച്ചുകൊണ്ടിരുന്നു.
