മനസ്സിളക്കം

മനോനില തെറ്റിയ സമയത്ത്
ഒരു മനുഷ്യൻ
ചെയ്യുന്നതെല്ലാം
പരമരഹസ്യമായിട്ടായിരിക്കും!
പിറുപിറുക്കുംപോലെ പറയും.
അടുത്തു നിൽക്കുന്നവർക്കുപോലും
മനസ്സിലാവില്ല
കുനുകുനുന്നനെ
എഴുതും
കൈയിൽകിട്ടിയാലും വായിക്കാനാവില്ല
വാ നിറയെ പറഞ്ഞുകൊണ്ടിരുന്നു ചേട്ടൻ.
എന്താണു പറയുന്നതെന്നറിയാൻ
ഒരിക്കൽ
മാറിനിന്ന്
ശ്രദ്ധിച്ചു കേട്ടു.
ഒന്നും വ്യക്തമായില്ല
എന്താണ് എഴുതുന്നത്
എന്നറിയാൻ
പായക്കടിയിൽ
തിരുകിവെച്ചത്
കാണാതെ
എടുത്തു നിവർത്തി
മുൾക്കമ്പിച്ചുരുൾപോലെ
കൂടിപ്പിണഞ്ഞ് അക്ഷരങ്ങൾ!
‘‘പാർക്കിൻസൺ രോഗിയുടെ
വിരലുകൾപോലെ നാക്കിളകുന്നു
പാമ്പിൻ നാക്കുപോലെ
മനസ്സു വിറക്കുന്നു’’
എങ്ങോ പോകാൻ ഇറങ്ങി
വൈകിനിൽക്കുന്ന സമയത്ത്
എഴുതാതെ പോകാൻ
നിവൃത്തി ഇല്ലാത്തതുകൊണ്ടുമാത്രം
എഴുതിവെച്ചപോലെ!
വായിച്ചു കഴിഞ്ഞ്
പായക്കടിയിൽത്തന്നെ
തിരിച്ചുവെച്ചു
വായിച്ചു കഴിഞ്ഞും
മനസ്സുവിറക്കാൻ
കാരണമെന്തെന്നു മാത്രം
കണ്ടെത്താനായില്ല
കണ്ടത്
കഴുത്തുമുറുകും മുമ്പ് കണ്ടുപിടിക്കപ്പെട്ട
ഫാനിലെ കയർക്കുരുക്ക്,
ചോര മുഴുവൻ വാരും മുമ്പ്
ചേർത്തുകെട്ടിയ
കൈഞരമ്പ്
ഒടുക്കം,
കിണറാഴത്തിൽനിന്ന്
ചുവന്നു കലങ്ങിയ
കണ്ണാലെ ലോകത്തെ നോക്കി
വീണ്ടും
ജലപാളിയിലേക്ക് ആഴ്ന്നുപോയ ആ മുഖം!
