ഉടൽ മുഴുവനും പ്രണയം തുന്നിയ ഗുഹ...

ഭയമാണെനിക്ക്
ഉടൽ മുഴുവനും പ്രണയം തുന്നിയ എന്റെ ഗുഹയെ,
ഓർമയുടെ തീകുണ്ഠങ്ങൾ
കാട്ടുതേനീച്ച കണക്കെ വന്ന്
ജീവനെ പൊതിയുന്നു.
ഭയമാണെനിക്ക്
ഇഷ്ടം പറഞ്ഞ്
അടുത്തുകൂടുന്നവരെ
ഒളിഞ്ഞും പാത്തും നടക്കുന്ന
മരണാസന്ന ചിന്തകൾക്ക്
കൂട്ടിരിക്കാൻ
അവരെക്കൊണ്ടാവില്ല.
ഭയമാണെനിക്ക് എല്ലാം
നിദ്രയുടെ വാതിൽക്കലിലെ
ഒറ്റ ചെരാതിലെ തീപോലെ
ഇവർ ജ്വലിക്കുന്നു.
വിഷാദം പൂക്കുന്ന സമയങ്ങളിൽ
കനിവിന്റെ പാൽനുര ചുരത്താൻ
ഇവരുടെ നെഞ്ചുകൾക്കാവില്ല.
ഭയമാണെനിക്ക് ഇഷ്ടംപറഞ്ഞ് അടുത്തുകൂടുന്നവരെ,
മഹാസമുദ്രങ്ങൾക്കു നേരെ
കല്ലെറിഞ്ഞ് ചിരിക്കുന്ന
ചെകുത്താൻമാരെ...
വിലക്കപ്പെട്ട കനി തിന്നാൻ നിർബന്ധിക്കുന്ന
സർപ്പങ്ങളെപ്പോലെ
എന്റെ
ഉടൽ മുഴുവൻ ഭ്രാന്തിന്റെ തിണർപ്പ്
പൊന്തിയിരിക്കുന്നു.
ഋതുക്കൾ മാറിക്കൊണ്ടിരിക്കുന്നു.
കൂട്ടത്തിൽ നീയും
വേണ്ടപ്പെട്ടവരും
ധ്യാനിച്ചിരിക്കാനൊരു
തണൽ കണ്ടെത്താനാവാത്തതിന്റെ
വിഷമത്തിലാണ് ഞാനിപ്പോൾ...
ഒരുപക്ഷേ ഇത്
പടം പൊഴിക്കലിന്റെ
അവസാനത്തെ മധുര വാക്കുമാകാം.
ഭയമാണെനിയ്ക്ക്
ഉടൽ മുഴുവനും പ്രണയം തുന്നിയ എന്റെ ഗുഹയെ...
