Begin typing your search above and press return to search.
proflie-avatar
Login

അക്വേറിയം

poem
cancel

അതാര്യമായൊരു

അക്വേറിയമാണ് ഞാൻ.

സദാ കണ്ണുകൾ തുറന്ന

ചെകിളകളിൽ ചെഞ്ചായം പടർന്ന

വാൽ ഞൊടിച്ചു വഴുതി മാറുന്ന

വാക്കിന്റെ കുഞ്ഞുമീനുകളെ

വർത്തമാനം

കണ്ണിയകലമില്ലാത്ത വലയെറിഞ്ഞു പിടിച്ചു

വായിലൂടെ ഇടയ്ക്കിടെ പുറത്തെടുക്കുന്നു.

കാലങ്ങളുടെ

പായൽക്കെട്ടിലേക്ക്

ശബ്ദങ്ങളുടെ

നീർപ്പരപ്പിലേക്ക്

ഭാവങ്ങളുടെ മദിപ്പിക്കുന്ന

ചളിച്ചുഴികളിലേക്ക്

അവ സ്വതന്ത്രമാകുന്നു.

കവിതയെന്നു കേട്ടു

കിഴക്കേ പരപ്പിലേക്ക്

എടുത്തുചാടിയവയ്ക്ക്

മാനത്തുകണ്ണികളെന്നു വിളിപ്പേര്.

പുറപ്പെടാൻ

പലതവണ തുനിഞ്ഞിട്ടും

നെഞ്ചിൻകൂടിനും

തൊണ്ടക്കുഴിയ്ക്കും ഇടയിൽപെട്ടവ

പൂമീനുകളായി

പരലുകളും ഊത്തകളുമായി

പലരിൽ ചിലർ

ഇല്ലായ്മകളുള്ളവരുടെ

പനമ്പിൻ കൊട്ടയിൽ

ഒറ്റയാനായി വാണ

പോരാളി വാക്ക്

ഒറ്റ (റ്റാ)ലിലൂടെ നീണ്ടു വന്ന

കൈകളിൽ കൊതിക്കൊത്തി

രക്തം തൂവിത്തീർന്നു

അകലെയകലെ

അതിർത്തിയില്ലാ അക്വേറിയം.

അതിൽ യഥേഷ്ടം നീന്താമെന്ന

കേട്ടുകേൾവിയിൽ

തുഴഞ്ഞു പരിചയമുള്ള

വെറും വാക്ക്

കൂട്ടിക്കൊണ്ടുപോയ

കുഞ്ഞുങ്ങളെല്ലാം

ഉപ്പുകലർന്ന,

ആർത്തലയ്ക്കുന്ന

നീലമയമായ നിലയില്ലാക്കയമായ

കടലിന്റെ അഭിമുഖത്തിൽ

ലിപിയില്ലാത്തൊരു ഭാഷയുടെയും

അർഥങ്ങൾ അനേകമുള്ള

മറ്റൊന്നിന്റെയും

ജാരസന്തതികളാണ്

തങ്ങളെന്നു കേട്ട്

തിരഞ്ഞു വരുന്നത്

സ്വപ്നത്തിൽ കേട്ട ജനാലമുട്ടൽപോലെ

എന്നെ പുലർച്ചയിലേക്കോ

ഉച്ചയിലേക്കോ

എന്നറിയാതെ വിളിച്ചുണർത്തുന്നു.


Show More expand_more
News Summary - malayalam poem