Begin typing your search above and press return to search.
proflie-avatar
Login

കോട്ടവാതിൽ

കോട്ടവാതിൽ
cancel

കടൽത്തീരത്തെ തകർന്ന കോട്ടയുടെ കൊത്തളത്തിൽ നിൽക്കുമ്പോൾ അതിലൊരു നീണ്ട കല്ലുപാളി മറ്റെല്ലാ കല്ലുകളിൽനിന്നും വ്യത്യസ്തം. അതിൽ മാത്രം ചില കൊത്തുപണികൾ മറ്റേതോ കോട്ടയിൽനിന്ന് അടർത്തിക്കൊണ്ടുവന്നുവെച്ചപോലെ. പിന്നിലേക്കു പിന്നിലേക്ക് അവിടവിടവിടെ കോട്ടകൾ കോട്ടകൾ കണ്ണെത്താദൂരത്തോളം. നിറങ്ങൾ മാറിമാറി കരിങ്കൽക്കറുപ്പ് ചെങ്കൽച്ചോപ്പ് വെണ്ണക്കൽവെള്ള വികാരങ്ങൾ മാറി...

Your Subscription Supports Independent Journalism

View Plans

കടൽത്തീരത്തെ തകർന്ന കോട്ടയുടെ

കൊത്തളത്തിൽ നിൽക്കുമ്പോൾ

അതിലൊരു നീണ്ട കല്ലുപാളി

മറ്റെല്ലാ കല്ലുകളിൽനിന്നും വ്യത്യസ്തം.

അതിൽ മാത്രം ചില കൊത്തുപണികൾ

മറ്റേതോ കോട്ടയിൽനിന്ന്

അടർത്തിക്കൊണ്ടുവന്നുവെച്ചപോലെ.

പിന്നിലേക്കു പിന്നിലേക്ക്

അവിടവിടവിടെ

കോട്ടകൾ കോട്ടകൾ

കണ്ണെത്താദൂരത്തോളം.

നിറങ്ങൾ മാറിമാറി

കരിങ്കൽക്കറുപ്പ്

ചെങ്കൽച്ചോപ്പ്

വെണ്ണക്കൽവെള്ള

വികാരങ്ങൾ മാറി മാറി

പകക്കോട്ടകൾ

പ്രതിരോധക്കോട്ടകൾ

പ്രതികാരക്കോട്ടകൾ

സമാധാനക്കോട്ടകൾ

സ്നേഹക്കോട്ടകൾ

ഭക്തിക്കോട്ടകൾ

കൽക്കൂമ്പാരങ്ങളായവ

ക്ഷേത്രഗോപുരങ്ങൾപോലെക

ഗോപുരങ്ങളുള്ളവ

പള്ളിമിനാരങ്ങൾപോലെ

മിനാരങ്ങളും കുംഭങ്ങളുമുള്ളവ

ബുദ്ധവിഹാരങ്ങൾപോലുള്ളവ

രാത്രി

മലഞ്ചെരിവുകളിലെ കുടിലുകളിൽ

വിളക്കുകൾ തെളിയുമ്പോലെ

കോട്ടകളിൽ വിളക്കു തെളിയുന്നു.

കിടങ്ങ്

വലിച്ചു മാറ്റാവുന്ന പാലം

മേൽക്കൂരയില്ലാത്ത കൽഭിത്തി

ആയിരം ഭടന്മാർ

ഒന്നിച്ചു തള്ളിത്തുറക്കേണ്ട വാതിൽ

അതിനപ്പുറം പുല്ലു പടർന്ന മണ്ണിൽ

ഉയർന്നു പരന്ന മരങ്ങൾ

തണലുകൾ

നടുവിൽ

മേൽക്കൂരയുള്ള അകമുറികൾ

അതിലൊന്നിൽ

ഗവർണർ ജനറൽ അല്ലെങ്കിൽ രാജാവ്

അല്ലെങ്കിൽ സുൽത്താൻ

തന്റെ ഇടപ്രഭുവുമൊത്തു

ഗൂഢാലോചന നടത്തുന്നു.

പുറത്ത് അയാൾ വന്ന കുതിര

ചെവി കൂർത്തുനിൽക്കുന്നു

അയാൾ കുതിരപ്പുറത്തു കയറി

പൊയ്ക്കഴിഞ്ഞാൽ

ഭടന്മാർ കിടങ്ങിന്റെ പാലം

വലിക്കും.

അല്ലെങ്കിൽ

തന്റെ കോട്ടയുടെ ഉൾമുറിയിൽ

ബാബർ

മുത്തശ്ശി ആയിസാൻ-ദൗലത്ത് ബീഗവുമായി

സംസാരിച്ചിരിക്കും.

രാജ്യം കൈമോശം വന്ന ബാബർക്ക്

അവർ നയങ്ങളുപദേശിക്കും.

ഹിന്ദുസ്ഥാനം വിട്ട്

കാബൂൾ വിട്ട്

ഫർഗാന വിട്ട്

സമർഖണ്ഡും താഷ്‍കന്റും വിട്ട്

ചൈനയിലേക്കും റഷ്യയിലേക്കും

പേർഷ്യയിലേക്കും തുർക്കിയിലേക്കും

അവിടുന്നു യൂറോപ്പിലേക്കും

തള്ളിത്തള്ളിത്തുറക്കുന്ന

കോട്ടവാതിലുകൾ

ഈ കടൽത്തീരത്തുനിന്നങ്ങോട്ട്

തള്ളിത്തള്ളിത്തുറക്കാവുന്ന

കോടിക്കണക്കിനു കോട്ടവാതിലുകൾ

 

കിടങ്ങുപാലത്തിന്മേൽ ഇരച്ചും

കൊത്തളദ്വാരങ്ങളിലൂടെ

കൈഫോൺ കണ്ണുകൾ തൊടുത്തും

എങ്ങും നിറയെ

വിനോദസഞ്ചാരികൾ

ഞാനും ഒരു വിനോദസഞ്ചാരി

എന്റെ വീട്ടകം

ബാബർനാമയിലെ ഒരു ചിത്രത്താൾ.

മുകളിൽ

കോട്ടയുടെ വലത്തേ മൂലയിൽ

മകളുടെ മുറി,

ഇടത്ത് തീൻമേശ

താഴെ വലത്ത് കിടപ്പറ, സിറ്റൗട്ട്

ഇടത്ത് പൂമുഖവും മുറ്റവും

മുറ്റത്തൊരു തൈമരം

ഏറ്റവും താഴെ ചെറിയ മതിൽ

മതിലോടു ചേർന്നുള്ള പരന്ന ചട്ടിവെള്ളത്തിൽ

മുഗൾ ശൈലിയിൽ വിരിഞ്ഞ ഒരാമ്പൽപ്പൂവ്

പുറപ്പെടാനൊരുങ്ങി നിൽക്കുന്ന ബൈക്ക്,

ഗെയ്റ്റ്...

News Summary - Malayalam poem