Begin typing your search above and press return to search.
മൂന്ന് പെൺ കവിതകൾ
Posted On date_range 1 Dec 2025 10:45 AM IST
Updated On date_range 1 Dec 2025 10:45 AM IST

1. നളിനിയും ലീലയും
ആശാന്റെ നായികമാരായിരിക്കെയുള്ളിൽ
കണ്ണീരിന്റെ നിലാവൊളിപ്പിച്ചിരുന്നു.
ദുഃഖ കടൽ താണ്ടി ജന്മാന്തരങ്ങൾ
കടക്കേ ഉള്ളിലെ പ്രരോദനം
മാറ്റുവിന്‍ ലോകത്തെയെന്ന്
പറഞ്ഞുകൊണ്ടിരുന്നു.
2. വീണ്ടും ഒഫീലിയ
സ്നേഹചുഴിയിൽപെട്ട്
മരണം വരിക്കുന്നതിനുമുമ്പ്
ചിന്തയുടെ അസ്ഥികൂടങ്ങൾക്കിടയിൽ
അവൾ സ്വയം തിരഞ്ഞു.
3. വിർജീനിയ വൂൾഫിൽനിന്ന് സിൽവിയ പ്ലാത്തിലേക്ക്
ജീവിത പകർത്തെഴുത്തിൽ
ഇരുൾവീണ നേരത്തിൽ
അവൾ സ്വയം മറ്റൊരു കവിതയായി
പഴയ തന്നെ, ഉള്ളിലെ
ഓർമച്ചുവരിൽ കുറിച്ചു.
ജീവിത പാതയോരത്തിൽ നിശ്ശബ്ദം കിടന്ന
സ്വപ്നങ്ങളുടെ കൽബെഞ്ചുകള്‍ നോക്കി
നിസ്സംഗം യാത്ര തുടരും നേരം
വഴിതെറ്റി വന്ന പഥികന്റെ
പാതിയിൽ മുറിഞ്ഞ
സ്നേഹമൊഴിയുടെ അർധവിരാമത്തിൽ
പ്രതീക്ഷകൾ തളിർക്കേ
സത്യത്തിന്റെ ജ്വാലാമുഖിയിൽ
അവളുടെ വാക്കുകൾ
പിന്നെയും ആളിക്കത്തി.
