കോവിഡുകാലത്തെ തെങ്ങ്

ഏറെയമർത്തിപ്പിടിച്ചിട്ടുമിന്നലെ
തേങ്ങയൊരെണ്ണം നിലത്തുവീണു
ചങ്കിലൊരാന്തൽ കടന്നുപോയി
തോന്നലൊരെണ്ണം ഉരുണ്ടുരുണ്ടു
എന്തേയിതിങ്ങനെയെന്നുകേൾക്കാൻ
കൊയ്യക്കാരാരെയും കാണുന്നില്ല
വല്ലവനും വന്നുകേറുന്നതും കാത്തി-
രുന്നിട്ടു നേരം വെളുവെളുത്തു
നോക്കിയാൽകാണും വരമ്പുകളിൽ
ഇല്ലാച്ചെടികൾ തലയെടുത്തു
വള്ളിപ്പടർപ്പുകൾ കൈകൾ നീട്ടി
ആകാശമാക്കെപ്പിടിച്ചെടുത്തു
മണ്ടയിൽ വാടകക്കാരിയൊരാൾ
അസ്വസ്ഥമിരുന്നു പിറുപിറുത്തു
ആളുകളെങ്ങോ മറഞ്ഞിരിപ്പൂ
ഒറ്റതിരിഞ്ഞൊച്ചതാഴ്ത്തി നിൽപ്പൂ
എന്തായിരുന്നു കഴിഞ്ഞകാലം
ഞാനായിരുന്നു പണക്കാരൻ
എണ്ണിയെടുക്കാനിന്നാവുന്നുണ്ടോ
അന്നത്തെ വെച്ചനിലപ്പെരുക്കം
ലോകമടച്ചുള്ള താക്കോലും
പേറിനടക്കുന്നീ നട്ടുച്ചകൾ
ചെറുപ്രാണിയൊരാളത് കണ്ടിട്ട്
കുണ്ടികുലുക്കിച്ചിരിക്കുന്നു
നോക്കിനോക്കി മടുത്തിരിക്കുന്നു
നാടുചുറ്റുന്നനിശ്ചിതത്വത്തിനെ
തുച്ചുകെട്ടി വലിച്ചടുപ്പിക്കുന്നു
കഴുത്തറപ്പൻ ഏകാന്തതയെ.
