ദർബാറി ദീപിക

നവ്വിർ ഖ്വുലൂബീ അളീമായോനേ നള്മാൽ ഒരു ഖ്വിസ്സ നുവൽക്കുവാനേ (ഉള്ളം തെളിക്ക് മഹാനായോനേ കാവ്യമായ് ഒരു കഥ പറയുവാനേ) ● മഹാകവി മോയിൻകുട്ടി വൈദ്യർ (ബദറുൽ മുനീർ ഹുസ്നുൽ ജമാൽ ഇശൽ 4) ചൂണ്ടുവിരൽ താൻ നട്ടുവളർത്തിയ പഴത്തോപ്പിൽ ബാബർ ഉലാത്തി. അഫ്ഗാൻ മലമുടികളിൽ ഗോത്രപ്രഭുക്കളോടു പടവെട്ടി തിരിച്ചെത്തുമ്പോൾ കൊണ്ടുവന്ന വിത്തുകളും ചെടികളും നട്ടുണ്ടാക്കിയ തോപ്പിൽ. ഓറഞ്ചും മാതളവും വാഴപ്പഴവും വിളഞ്ഞു...
Your Subscription Supports Independent Journalism
View Plansനവ്വിർ ഖ്വുലൂബീ അളീമായോനേ
നള്മാൽ ഒരു ഖ്വിസ്സ നുവൽക്കുവാനേ
(ഉള്ളം തെളിക്ക് മഹാനായോനേ
കാവ്യമായ് ഒരു കഥ പറയുവാനേ)
● മഹാകവി മോയിൻകുട്ടി വൈദ്യർ
(ബദറുൽ മുനീർ
ഹുസ്നുൽ ജമാൽ ഇശൽ 4)
ചൂണ്ടുവിരൽ
താൻ നട്ടുവളർത്തിയ പഴത്തോപ്പിൽ
ബാബർ ഉലാത്തി.
അഫ്ഗാൻ മലമുടികളിൽ
ഗോത്രപ്രഭുക്കളോടു പടവെട്ടി
തിരിച്ചെത്തുമ്പോൾ കൊണ്ടുവന്ന
വിത്തുകളും ചെടികളും
നട്ടുണ്ടാക്കിയ തോപ്പിൽ.
ഓറഞ്ചും മാതളവും വാഴപ്പഴവും
വിളഞ്ഞു തൂങ്ങുന്നതിനിടയിൽ.
രണ്ടു യുദ്ധങ്ങൾക്കിടയിലായിരുന്നു
അദ്ദേഹം.
രണ്ടു യുദ്ധങ്ങൾക്കിടയിലായിരുന്നു
പഴത്തോപ്പ്.
ഒരോറഞ്ച് പറിച്ചു തിന്നു.
പഴങ്ങൾ തിന്നുന്ന കിളികളെ
ശ്രദ്ധിച്ചു നോക്കി
(രാത്രി അദ്ദേഹം അവയെപ്പറ്റി
ഛഗ്തായ് ഭാഷയിൽ എഴുതും)
തിരിച്ചു പോയി യുദ്ധം ചെയ്തു മടങ്ങി
ഒരു മാതളപ്പഴം വീണ്ടും വന്നു തിന്നു.
തളർന്ന യോദ്ധാക്കളും അനുചരന്മാരും
ഒപ്പം പഴം തിന്നു.
ജലാലാബാദിലെ ജനങ്ങളും
ആ തോപ്പിന്റെ രുചിയുണ്ടു.
പഴം തിന്നു പറന്നകലുന്ന കിളികൾ
ഹിന്ദുക്കുഷ് മലനിര കടന്ന്
സിന്ധു നദി കടന്ന്
ദില്ലിയിലെത്തുമോ എന്നെങ്കിലും?
അദ്ദേഹം മരങ്ങൾക്കു മുകളിലെ
മാനത്തേക്കു നോക്കി.
പേരക്കുട്ടി അക്ബർ
പിൽക്കാലത്ത്
ദില്ലിയിലിരുന്ന്
മുത്തച്ഛന്റെ പഴത്തോട്ടം
ചിത്രകാരന്മാരെക്കൊണ്ടു വരപ്പിച്ചപ്പോൾ
മുത്തച്ഛൻ എഴുതിയ ഓർമകൾ
തോട്ടത്തിൽ ചേർത്തുവെച്ചു.
പേർഷ്യനിൽ
ഓരോ താളിലും
ഒരറിയിപ്പു ഫലകംപോലെ.
ആ ചിത്രങ്ങളിൽ കുറച്ച് ഓറഞ്ചുകൾ
ഇപ്പോൾ കാണാനില്ല.
സമാധാനകാലത്ത്
അക്ബർ ചക്രവർത്തി
ആസ്വദിച്ചു തിന്നിരിക്കാം.
ചിത്രം കണ്ടാസ്വദിച്ചവരും.
ബാബർനാമാ മരങ്ങളിൽ
അഞ്ഞൂറു കൊല്ലം കടന്ന്
ഇപ്പോഴും പഴങ്ങൾ വിളഞ്ഞുനിൽക്കുന്നു.
തൊടരുത്
ഇവ പറിച്ചെറിഞ്ഞാണ്
ചക്രവർത്തിമാർ ശത്രുനഗരങ്ങൾ തകർത്തത്
എന്ന് ഹിന്ദിയിലെഴുതിയ
പുതിയ ഒരറിയിപ്പുഫലകം
പ്രത്യക്ഷപ്പെടും മുമ്പ്
മധുവൂറുന്ന പഴങ്ങൾ
നാലഞ്ചെണ്ണം
നാമിതാ
ചായ്ച്ചു
പറിച്ചു തിന്നുന്നു.
ഹിന്ദുക്കുഷ് കടന്ന്
സിന്ധു കടന്ന്
ദില്ലിയും കടന്ന്
ഇങ്ങു വന്ന കിളിക്കൂട്ടത്തിന്റെ
പിന്മുറക്കാരിലൊരാൾ
മറഞ്ഞിരുന്നു പാടാൻ തുടങ്ങുന്നു,
നമ്മെ നോക്കി.
ബാബർ ആ കിളിയെ ചൂണ്ടിക്കാട്ടുമ്പോൾ
തെളിഞ്ഞുവരുന്നു നിറങ്ങൾ.
ബദാം
കുരുമുളകു വരുന്ന നാടു തേടി
യവനരും അറേബ്യരും ചീനക്കാരും
പോർചുഗീസ്-ഡച്ച്-ബ്രിട്ടീഷുകാരും
ഇവിടെ വന്നു.
ഫർഗാനയിലെ തോട്ടങ്ങളിൽനിന്നു
പറിച്ചെടുത്ത ബദാം
അളന്ന്
ചാക്കുകളിലാക്കി
ഒട്ടകപ്പുറത്തേറ്റി
എവിടേക്കാണു കൊണ്ടുപോകുന്നതെന്ന്
കുഞ്ഞു ബാബർ അന്വേഷിച്ചു.
ഹിന്ദുസ്ഥാൻ, കച്ചവടക്കാർ പറഞ്ഞു.
വലുതായപ്പോൾ
തന്റെ നാട്ടിലെ ബദാം
പോകുന്നിടത്തേക്ക്
ബാബർ നീങ്ങി
എവിടുന്നു വരുന്നു
എവിടേക്കു പോകുന്നു
ഈ ചോദ്യങ്ങളിൽനിന്നു തുടങ്ങുന്നു
ചലനം.
ഈ രണ്ടു ചോദ്യങ്ങളിൽ
ഏതാണു പ്രധാനം?
എവിടുന്നോ വന്നുകൊള്ളട്ടെ
എവിടേക്കു പോകുന്നു എന്നതാണ്
എനിക്കു പ്രധാനം
ബാബറാണു പ്രധാനം
അതിലും പ്രധാനമായി
മൂന്നാമതൊരു ചോദ്യം

തിക്കിവരുന്നു:
സന്ദർശകരുമായി കുശലപ്രശ്നത്തിനിടെ
ചിത്രത്തളികയിൽ വെച്ച ബദാം പരിപ്പ്
ദില്ലിയിലിരുന്ന് ആദ്യമായി തിന്നപ്പോൾ
തിരിച്ചറിഞ്ഞ തന്റെ നാടിന്റെ രുചി
ബാബർ
എങ്ങനെയാവും പ്രകടിപ്പിച്ചിരിക്കുക?
അക്ബർ അതു വരപ്പിച്ചിട്ടില്ല.
