Begin typing your search above and press return to search.
proflie-avatar
Login

പ്രഭാതഭക്ഷണം

poem
cancel

മല കയറിപ്പോയ യുവാക്കൾ

പ്രഭാതഭക്ഷണത്തിനായി

മലയിറങ്ങുന്നു.

അടിവാരത്തിലെ പാറയിടുക്കിൽ

തട്ടമിട്ട സുന്ദരി വിൽക്കുന്നു

തേനടയും ചോളപ്പുഴുക്കും.

തിരക്കാണവിടെ

കാത്തിരിക്കണമൊത്തിരി നേരം

ഇത്തിരിപോലും പാഴാക്കില്ലവർ!

വളയിട്ട കൈകൾ

വിളമ്പി വിളമ്പി വിയർത്തതോ?

മഞ്ഞിൻ കണങ്ങളോ?

വലിയൊരു മരച്ചോട്ടിലാണക്കട,

അതിലും വലിയൊരാൺതുണയുണ്ടോ?

അടുക്കളയിലെ പതിവാഹാരം

ഇന്നിനി വേണ്ടെന്നവനും.

എത്ര മാനം കത്തിയാലും

ആഴത്തിലാഴത്തിൽ

പാറയിടുക്കിലെയുറവ

കരുതിവച്ചിട്ടുണ്ടവനുമൊരു

രഹസ്യപാനപാത്രം.

വൃക്ഷത്തിൻ താണ കൊമ്പിൽ

തൊലിയുരഞ്ഞൊരടയാളമുണ്ട്

മണ്ണിനെ കെട്ടിപ്പുണർന്നൊരു

കാറ്റിന്റെ കൈപിടിച്ചന്നൊരിക്കൽ

മണ്ണിനെ ചുംബിച്ചു ചുവപ്പിച്ചതിൻ

പ്രണയസ്മാരകം.

വേരുകളിപ്പൊഴും ആഴ്ന്നിറങ്ങുന്നുണ്ട്

ഒരു തുള്ളിപോലും പാഴാക്കിടില്ല!

മലയിറങ്ങിയ കിതപ്പുമാറി

സംതൃപ്തരാണവർ

മഞ്ഞിൻ പുതപ്പ് വലിച്ചെറിഞ്ഞ്

അടുക്കളവാതിൽ തുറന്നിട്ടു വൃക്ഷവും,

പാചകം തുടങ്ങിയില്ലതിൻ മുമ്പേ

പ്രഭാതഭക്ഷണം കഴിഞ്ഞൂ

യുവാക്കളും വൃക്ഷവും!


Show More expand_more
News Summary - Malayalam poem