ജീവനാണ് ബീഫ്

ബീഫ് ഞങ്ങളുടെ സംസ്കാരമാണ്, ജീവൻതുടിക്കുന്ന പച്ചപുതച്ച പ്രകൃതി -ബീഫ്. ജീവന്റെ വൈവിധ്യം, ആത്മാവിന്റെ നിശ്വാസം. ‘ബീഫ് തിന്നരുത്!’ പക്ഷേ എങ്ങനെ, ഞാൻ ചോദിക്കുന്നു. ഒരു ചോദ്യംകൂടി: എന്ത് തിന്നണം, തിന്നരുതെന്ന് പറയാൻ നീ ആരാ? നീ എവിടന്നാ വന്നേ? ഞാനുമായി എന്തു ബന്ധം? ഞാൻ ചോദിക്കുന്നു. ഇന്നീ ദിവസംവരെ നീ കാളകളെ പോറ്റിയിട്ടുണ്ടോ? ആടുകളെ? ഒന്നോ രണ്ടോ പോത്തുകളെ? മേയാൻ അവറ്റകളെ കാട്ടിലേക്ക് വിട്ടിട്ടുണ്ടോ? പോട്ടെ, രണ്ട് കോഴികളെയെങ്കിലും? അവയുടെ മുതുകുരച്ച് കുളിപ്പിക്കാൻ എന്നെങ്കിലും തോട്ടിലേക്കിറങ്ങിയിട്ടുണ്ടോ? കാളച്ചെവി നീ ഒരിക്കലും വൃത്തിയാക്കിയിട്ടില്ല. പല്ലിന്റെ...
Your Subscription Supports Independent Journalism
View Plansബീഫ് ഞങ്ങളുടെ സംസ്കാരമാണ്,
ജീവൻതുടിക്കുന്ന പച്ചപുതച്ച പ്രകൃതി -ബീഫ്.
ജീവന്റെ വൈവിധ്യം,
ആത്മാവിന്റെ നിശ്വാസം.
‘ബീഫ് തിന്നരുത്!’ പക്ഷേ എങ്ങനെ,
ഞാൻ ചോദിക്കുന്നു. ഒരു ചോദ്യംകൂടി:
എന്ത് തിന്നണം, തിന്നരുതെന്ന് പറയാൻ നീ ആരാ?
നീ എവിടന്നാ വന്നേ?
ഞാനുമായി എന്തു ബന്ധം?
ഞാൻ ചോദിക്കുന്നു.
ഇന്നീ ദിവസംവരെ
നീ കാളകളെ പോറ്റിയിട്ടുണ്ടോ?
ആടുകളെ?
ഒന്നോ രണ്ടോ പോത്തുകളെ?
മേയാൻ അവറ്റകളെ കാട്ടിലേക്ക് വിട്ടിട്ടുണ്ടോ?
പോട്ടെ, രണ്ട് കോഴികളെയെങ്കിലും?
അവയുടെ മുതുകുരച്ച് കുളിപ്പിക്കാൻ
എന്നെങ്കിലും തോട്ടിലേക്കിറങ്ങിയിട്ടുണ്ടോ?
കാളച്ചെവി നീ ഒരിക്കലും വൃത്തിയാക്കിയിട്ടില്ല.
പല്ലിന്റെ എണ്ണമറിയില്ല,
പല്ലുവേദനക്കുള്ള മരുന്നുമറിയില്ല,
വേദനിക്കുന്ന കുളമ്പു ചെത്താനുമറിയില്ല!
കാലികളുടെ രോമം എങ്ങനെയാണെന്ന് അറിയാമോ?
അല്ല, സുഹൃത്തേ, ‘ബീഫ് തിന്നരുത്’
എന്ന് പറയാനല്ലാതെ
നിനക്കെന്തറിയാം?
പുതുപ്പിറവിയെ മുലയൂട്ടുന്ന തന്റെ മകൾക്ക്,
പ്രസവിച്ചെഴുന്നേറ്റ ആ അമ്മക്ക്,
വേവലാതിപ്പെടുന്ന യെല്ലമ
കുനുകുനാ അരിഞ്ഞ് ഇടിച്ചു
പരുവപ്പെടുത്തിയ ബീഫാണ്
കൊടുക്കാൻ പോകുന്നത്.
എളുപ്പത്തിൽ കിട്ടാത്ത കാളയുടെ പിത്തസഞ്ചിക്ക്
ഗ്രാമം മുഴുവൻ തേടുന്നു,
മാലാ സത്തമ്മയുടെ കഴുക്കോലിലോ
അതല്ല മാദിഗ യെല്ലമ്മയുടെ ഉത്തരത്തിലോ
ഒരുപക്ഷേ അത് തൂങ്ങിക്കിടപ്പുണ്ടാകും.
കുഞ്ഞിന്റെ വയറുകടിക്ക് ആശ്വാസമായും
മുതിർന്നവരുടെ രോഗവും
സന്ധിവേദനയും അകറ്റാനും
പിത്തസഞ്ചിയുടെ കയ്പുനീരാണ്
അവർക്കാശ്രയം.
എന്നിട്ട് ‘ബീഫ് തിന്നരുത്’ എന്ന്
അവരോട് പറയാൻ ധൈര്യപ്പെടുന്നോ?
ചെരുപ്പെടുത്തടിക്കുമവർ, വേഗം ഓടിക്കോ!
എടാ ചെറുക്കാ, മാലക്കും മാദിഗക്കും
ബീഫ് തീറ്റ മാത്രമല്ല പണി.
അവർ നിലം ഉഴുകുന്നു,
കാടുകളെ സംരക്ഷിക്കുന്നു,
പോത്തിനെ മെരുക്കുന്നു,
നുകം കേറ്റുന്നു.
നൂറ്റാണ്ടുകളായി അവ അവരുടെ
ഫലഭൂയിഷ്ഠമായ നിലങ്ങൾ ഉഴുതിട്ടുണ്ട്,
തലമുറകളായി, അവയുടെ കിടാക്കളെ പോറ്റിയിട്ടുണ്ട്.
ഞങ്ങളുടെ കാലിച്ചന്തകളുടെ സംസ്കാരം
ദക്കാനിൽ (തെലങ്കാന, ആന്ധ്ര,
മഹാരാഷ്ട്ര, കർണാടക)
ഉടനീളം,
ഓരോ പത്ത് കിലോമീറ്ററിലും,
മൽനാട്, മംഗളൂരു, ചിറ്റൂർ, നെല്ലൂർ,
ഓംഗോൾ, ഔറംഗബാദ്,
പോയി നോക്ക്,
ചന്തകൾ അങ്ങനെ നീണ്ടുകിടക്കുന്നത് കാണ്,
എല്ലാ ദിക്കിലേക്കും,
എവിടെ നോക്കിയാലും
പശുക്കളും കിടാക്കളും കാളക്കൂറ്റന്മാരും പോത്തും.
കൗബോയുകളേ കുറിച്ച് ലോകം കേട്ടിട്ടുണ്ട്.
ഈ ചന്തകളെ കുറിച്ച് അതിനെന്തറിയാം?
അതിനുവേണ്ടി വിയർത്തു കുളിച്ച്
കഠിനശ്രമം ചെയ്യുന്നതാരാണെന്ന് നിനക്കറിയാമോ?
ഓംഗോൾ കാളകൾ, കൊലക്കൊമ്പുള്ള പോത്തുകൾ,
ചന്ദ്രക്കല കൊമ്പുള്ള കാലികൾ;
ദക്കാനിൽ മാത്രമുള്ള പന്ത്രണ്ടടി
പൊക്കമുള്ള ഉശിരന്മാർ,
ഇതു വല്ലതും നിനക്കറിയാമോ?
മേയുന്ന കാലികളെ ഓടിച്ചുവിട്ടെന്ന് കേട്ടിട്ടുണ്ടോ?
കാളേനേം പോത്തിനേം പോറ്റിയവരിൽനിന്ന്
അവയെ പിടിച്ചുകൊണ്ടുപോയത് അറിയാമോ?
കാളവണ്ടിക്ക് പകരം കുതിരവണ്ടികൾ
വന്ന ആ ചരിത്രസംഭവം
എങ്ങനെ മറക്കാനാകും ഞങ്ങൾക്ക്?
പശുക്കളെയും കാളകളെയും
ഞങ്ങൾ കാട്ടിലേക്കും പുൽമേട്ടിലേക്കും
മേയാൻ വിടും.
നിലമുഴുകാനാണ് അവയ്ക്ക് തീറ്റകൊടുക്കുന്നത്.
ഇത് നന്നായിചെയ്യാൻ ഞങ്ങൾക്കറിയാം -മറക്കണ്ട,
പിന്നെ ഇതുകൂടി ഓർത്തോ:
നുകം പേറാനാണ് കാലികളെ വളർത്തുന്നത്!
‘‘ബീഫ് തിന്നാനായി നിങ്ങൾ വയലും
പുൽമേടും കൈവിട്ടു.’’
നിന്റെ ഇരുണ്ട, പുഴുക്കുത്തിയ പല്ലും കാട്ടി
ആ പഴയ പാട്ടാണ് ഇപ്പോഴും പാടുന്നത്.
അതിരിക്കട്ടെ, നീ എന്താണ് ചെയ്യുന്നത്?
അതിനെ ഗോമാതാവെന്ന് വിളിക്കും
എന്നിട്ട് പാലെല്ലാം കറന്നെടുത്ത്
മധുരപലഹാരമുണ്ടാക്കും.
കിടാവിനെ കുടിപ്പിക്കണമെന്ന്
തോന്നിയിട്ടുണ്ടോ?
ഞങ്ങൾ പശുവിനെ കറക്കാറില്ല.
ഞങ്ങൾ ഗോമാതാവിനെ പൂജിക്കാറില്ല,
അതിന്റെ മൂത്രം കുടിക്കാറുമില്ല.
തള്ളയെ കറക്കാൻ കിടാവിന്റെ വാ മൂടിക്കെട്ടാറില്ല.
തള്ളേടെ പാല് കുടിച്ച് ശക്തിപ്പെടാൻ
കിടാവിനായി ആ ശോഷിച്ച അകിട് വിട്ടുകൊടുക്കും.
നാളെ നിലമുഴുകാൻ
ശക്തിയുള്ള കാളയായി അത് വളരണം.
കൃഷി തഴച്ച് പുഷ്ടിപ്പെടാൻ
കാലികൾ കൊമ്പനാനകളെ പോലെയാകണം.
മൂരിക്കുട്ടനെ പെറുന്ന പശുവിനെ
ഞങ്ങൾ ബഹുമാനിക്കുന്നു.
അതിന് പച്ചപ്പുല്ലും, ഇളം ജോവ്വാറി തണ്ടും,
മികച്ച തീറ്റയും കൊടുക്കും.
അതിനെകൊണ്ട് പണിയെടുപ്പിക്കില്ല,
നിങ്ങളുടെ വീട്ടുമുമ്പിൽ വന്ന്
ഭിക്ഷ യാചിക്കാൻ പ്രദർശിപ്പിക്കില്ല.
കിടാക്കൾ തെഴുത്തുവളരാൻ
അവയ്ക്ക് നല്ല തീറ്റ കൊടുക്കും,
കൃഷി നന്നാകാൻ പശുവിനെ പോറ്റും.
സന്തുഷ്ടരായി, സ്വസ്ഥരായി ഇരിക്കുമ്പോൾ
ആഘോഷിക്കണമെന്ന് തോന്നുമ്പോൾ,
പണം സ്വരുക്കൂട്ടി, കാളച്ചന്തയിലേക്കു പോകും.
കൊണ്ടുവന്ന് വെട്ടി പങ്കുവയ്ക്കാൻ
ആരോഗ്യമുള്ള, ശക്തയായ പശുവിനെ
തിരഞ്ഞുപിടിച്ച് വാങ്ങും.
അന്ന് രാത്രി വയറുനിറയെ തിന്നുമ്പോൾ
ദലിത്ചേരിയിൽ ഉല്ലാസത്തിന്റെ നന്മണം.
ആദ്യത്തെ ആൺകുഞ്ഞിനുള്ള
ഉത്തരവാദിത്തവും ബഹുമാനവും
വീട്ടിലെ മൂരിക്കുട്ടനാണ്.
ഇഷ്ടമുള്ള പേരിടും:
രാമഗഡു, അർജുനഗഡു, ധർമഗഡു...
പശുവും പോത്തും കിടാക്കളുമെല്ലാം
ഞങ്ങൾക്കൊപ്പം കഴിയുന്നു.
അവയ്ക്കുമുണ്ട് സുന്ദരമായ പേരുകൾ,
രംഗസാനി, ദമരമൊഗ, മല്ലേചെൻഡു...
എന്തിന്, കാലികൾക്കായുള്ള ഉത്സവങ്ങളുമുണ്ട്...
യെറോങ്ക കാലിയുത്സവം -കേട്ടിട്ടുണ്ടോ നീ?
നിനക്കതറിയാമോ?
ഉത്സവത്തിന്റന്ന്,
തെളിഞ്ഞൊഴുകുന്ന പുഴകളിലും കുളങ്ങളിലും
ഞങ്ങളുടെ കാളകളെ, പശുക്കളെ,
പോത്തുകളെ, മൂരികളെ
തേച്ചുരച്ച് കുളിപ്പിക്കുന്നു.
അവയുടെ വിവിധങ്ങളായ
നിറങ്ങളും നിറഭേദങ്ങളും നോക്കി
അതിനൊത്ത വർണങ്ങൾ ചാർത്തി അലങ്കരിക്കുന്നു;
ചായം മുക്കിയ ചണനൂലുകൊണ്ട് നെയ്തെടുത്ത
നെറ്റിപ്പട്ടം കെട്ടുന്നു;
മണിയും കിലുക്കവും കഴുത്തിനു ചുറ്റും കെട്ടുന്നു;
പാകംചെയ്ത ജോവ്വാറിയും അരികൊണ്ടുണ്ടാക്കിയ മധുരപലഹാരങ്ങളും തീറ്റിക്കുന്നു;
പിളർന്നുനിൽക്കുന്ന വായിലേക്ക് പച്ചമുട്ടയും
മദ്യവും ഒഴിച്ചുകൊടുക്കുന്നു,
എന്നിട്ട് ജാഥയായി ഗ്രാമത്തിലൂടെ ആനയിക്കുന്നു.
നീ എപ്പോഴും പശുവിനെ കുറിച്ചാണല്ലോ പറയുന്നത്.
അവ നിനക്കെന്തായി വരും?
കാളകളെ കുറിച്ചൊരിക്കലും പറയാറില്ല.
കാളകൾ നിലമുഴുവുന്നതിനെ പറ്റി
പറഞ്ഞുകേൾക്കാറില്ല.
ഞങ്ങളുടെ ചുമരുകളിൽ തേക്കാനുള്ള ചെളി അവ ചവിട്ടി പതംവരുത്തുന്നതും പറയാറില്ല.
പോത്തും കാളയുംമെല്ലാം കൂടി
ഒരു കോട്ട പണിയാൻ മാത്രം
ചെളി ചവിട്ടിയൊരുക്കിയ കാലം
ഞങ്ങൾക്കോർമയുണ്ട്.
എന്തധികാരത്തിലാണ് നീ ‘ബീഫ് തിന്നരുതെന്ന് പറയുന്നത്?’
‘കാളയെ തിന്നരുത്’ എന്ന് നീ പറയുന്നു, എന്നിട്ട് അതിന്റെ ശവം തിന്നാൻ ഞങ്ങളെ നിർബന്ധിക്കുന്നു.
ഞങ്ങളെ അസ്പൃശ്യർ എന്ന് വിളിക്കുന്നു,
ഭൂരഹിതരാക്കുന്നു,
വൃത്തികെട്ട പണികളെല്ലാം ചെയ്യിക്കുന്നു,
ഗ്രാമത്തെരുവുകളിൽനിന്ന് ചത്ത കാലികളെ നീക്കാൻ നിർബന്ധിക്കുന്നു.
കാലികളെ പോറ്റുന്നത്,
അവയുടെ എണ്ണം ക്രമപ്പെടുത്തുന്നത്;
ദേവിക്ക് നൈവേദ്യമായി ഒരു കാളയോ പോത്തോ കൊടുത്ത്
സദ്യ നടത്തുന്നത്
ഞങ്ങളുടെ സംസ്കാരമാണ്.
അത് തടയാൻ നിനക്കെന്തധികാരം?
നീ ബുദ്ധന്റെ മേലങ്കി കോപ്പിയടിച്ചിട്ടുണ്ട്.
ഞങ്ങൾക്ക് അറിയില്ലേ ബുദ്ധമതത്തെ?
‘‘മനുഷ്യരെ കൊല്ലരുത്’’ എന്നാണ് അത് പറഞ്ഞത്.
‘‘മട്ടണും, ബീഫും, ഉള്ളീം വെള്ളുള്ളീം തിന്നരുത്’’ എന്ന് നീ പറയുന്നു.
‘‘ഇറച്ചി തിന്നില്ല’’ എന്നു പറഞ്ഞുകൊണ്ട് മനുഷ്യരെ വെട്ടികൊല്ലാൻ നിനക്ക് ഒരു മടിയുമില്ല.
മനുഷ്യത്വവും, സംസ്കാരവുമില്ലാത്ത നിങ്ങൾ–
മൃഗങ്ങളെ കുറിച്ചു പറയാൻ നിങ്ങളാരാ?
കാളേം പശൂം പോത്തും എരുമേം
ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ്.
അവർക്ക് വേണ്ടത് കൃഷിചെയ്യാൻ ഞങ്ങൾക്കറിയാം,
അവരുടെ വ്യാധികൾ
ചികിത്സിക്കാൻ ഞങ്ങൾക്കറിയാം.
വരിയുടച്ച് പണിയെടുപ്പിക്കും
–ഞങ്ങൾ അതാണ് ചെയ്യുന്നത്.
മാല, മാദിഗ ചേരികളിൽ പോയി പഠിക്ക്!
അവടെ ഞങ്ങളൊരു സംസ്കൃതി സൃഷ്ടിച്ചിട്ടുണ്ട്.
ഇതീന്നാണ് ഈ രാജ്യമുണ്ടായതെന്ന്
നീ മറന്നോ?
പരിസ്ഥിതി അറിവും സംസ്കൃതിയും
ഞങ്ങളുടെ പ്രകൃതം.
യുദ്ധവും നശീകരണവും നിന്റെ സംസ്കാരം.
പരിമിതമാണ് പശുവുമായുള്ള നിന്റെ ബന്ധം:
പാല്, മധുരപലഹാരം, സസ്യാഹാരം!
അമ്മവാരു ഉത്സവനാളിൽ, ദേവിക്ക്
കാളേം മുട്ടനാടിനേം നിവേദിക്കും.
അതറുത്ത് സദ്യ കഴിക്കും.
അതിനിടയിൽ കടന്നുവന്നാൽ,
ബാക്കിയുണ്ടാവില്ല നീ.
ഞങ്ങടെ മൈസമ്മയും, ഊരേടമ്മയും,
പോച്ചമ്മയും, പോലേരമ്മയും
ഞങ്ങളോട് ചോദിക്കും, ‘‘എടാ, എനിക്ക് കാളേ താ’’
‘‘ടൈ, എനിക്ക് പോത്തു വേണം, ആടു വേണം!’’
പിറന്നുവിഴുമ്പോൾ തന്നെ
ദൈവങ്ങൾക്കായി അവയെ കരുതിവയ്ക്കും
പൂർണവളർച്ചയിലെത്താൻ പോറ്റും.
ഞങ്ങൾ അതിന് ബാധ്യസ്ഥരാണ്.
ഇതിനിടയിൽ വരാൻ നീയാരാ?
തടസ്സംനിൽക്കുന്നവനെ മൈസമ്മ നേരിടും!
ജാഗ്രതൈ! ബീഫ് ഞങ്ങളുടെ സംസ്കാരമാണ്.
മൊഴിമാറ്റം: കെ. മുരളി
=======================================
പ്രമുഖ മറാത്തി കവിയാണ് ഗോഗു ശ്യാമള. വനിതാപ്രവർത്തകയും ദലിത് ആക്ടിവിസ്റ്റുമായ അവർ Father May Be An Elephant And Mother Only A Small Basket, But... തുടങ്ങിയ പ്രശസ്ത കൃതികൾ രചിച്ചിട്ടുണ്ട്.
(കുറിപ്പ്: സൂസി താരു, എൻ. മനോഹർ, ജയശ്രീ കളത്തിൽ എന്നിവരുടെ സഹായത്തോടെ ആർ. ശ്രീവത്സ് തെലുഗുവിൽനിന്ന് ഇംഗ്ലീഷിലേക്ക് ചെയ്ത വിവർത്തനത്തിൽനിന്ന്)
